കുടുംബം കുഞ്ഞിന്റെ അവകാശം - 5

ആതുരാലയങ്ങളോ വ്യാപാരശാലകളോ?


കുട്ടിയുടെ അവകാശസംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കി,അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം ദത്തെടുക്കുക.അനധികൃതമായി ദത്തെടുത്ത കുട്ടികളെ മാനസികമായും ശാരീരികമായും
പീഡിപ്പിച്ച വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു ദയനീയാവസ്ഥയില്‍പ്പോലും നിയമം ആ കുട്ടികളുടെ രക്ഷയ്‌ക്കെത്തില്ല എന്നതാണ് യാഥാര്‍ഥ്യം


ബാംഗ്ലൂരില്‍ നഴ്‌സിങ്ങിന് പഠിക്കുന്നതിനിടെ വടക്കെ മലബാറുകാരിയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായി. പ്രലോഭനങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും അവളെ ചതിയില്‍പ്പെടുത്തി കാമുകന്‍ സുന്ദരമായി കൈകഴുകി. ഗര്‍ഭം മറച്ചുവെക്കാനാവില്ലെന്ന് വന്നപ്പോള്‍ പെണ്‍കുട്ടിയെയുംകൂട്ടി മാതാപിതാക്കള്‍ മലബാറിലെ ഒരു ഇടത്തരം ആസ്​പത്രിയിലെത്തി. അനധികൃത ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് കുപ്രസിദ്ധമായ ആ ആസ്​പത്രിയില്‍ എട്ടാം മാസത്തില്‍ത്തന്നെ അവള്‍ അഡ്മിറ്റായി. അതിനിടെ, ചില മധ്യസ്ഥര്‍ മുഖേന മുംബൈയില്‍നിന്നും ചെറുപ്പക്കാരായ ദമ്പതിമാരും അവിടെയെത്തി അടുത്ത മുറിയില്‍ താമസം തുടങ്ങി. അവര്‍ ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ മുറിയില്‍ വന്ന് സുഖവിവരം തിരക്കുകയും മാതാപിതാക്കളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. മാസം തികഞ്ഞതും പെണ്‍കുട്ടിക്ക് പേറ്റുനോവു തുടങ്ങി. അവള്‍ സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. പത്താംനാള്‍ ആ പിഞ്ചുകുഞ്ഞിനെ യുവദമ്പതിമാര്‍ക്ക് കൈമാറി പെണ്‍കുട്ടിയും മാതാപിതാക്കളും മടങ്ങിപ്പോയി. രണ്ടുകൂട്ടരും ആസ്​പത്രിയിലെ കനത്ത ബില്ലടച്ച് ആസ്​പത്രിയോട് വിടപറഞ്ഞു. അതിനുമുന്‍പേ, ആസ്​പത്രി അധികൃതര്‍ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റും ദമ്പതിമാര്‍ക്ക് കൈമാറി. അത്ഭുതമെന്നേ പറയേണ്ടൂ, ആ രേഖകള്‍ പ്രകാരം കുഞ്ഞ് ആ സ്ത്രീയുടെ സ്വന്തം മകള്‍! ആസ്​പത്രി രേഖകളില്‍, പ്രസവിക്കാനെത്തിയതും പ്രസവിച്ചതും ആ സ്ത്രീതന്നെ. കോര്‍പ്പറേഷനില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതിനും കനപ്പെട്ട ഒരു തുക അവര്‍ ഈടാക്കി.

ആദ്യം കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്നതായി തോന്നാമെങ്കിലും കേരളത്തിലെ പല ആസ്​പത്രികളിലും ഇതൊരു അപൂര്‍വസംഭവമല്ല. അനധികൃതമായ ശിശുവ്യാപാരംകൊണ്ട് വന്‍തുക സമ്പാദിച്ച സ്വകാര്യ ആസ്​പത്രികള്‍ കേരളത്തിലുണ്ട്. എന്നാല്‍, ഇത്തരം കച്ചവടങ്ങളെ വ്യാജമായി നിയമവിധേയമാക്കുന്നതുകൊണ്ട് ഇവര്‍ക്കെതിരെ നടപടി സാധ്യവുമല്ല. മേല്പറഞ്ഞ സംഭവത്തില്‍ത്തന്നെ നിയമവിരുദ്ധമായ എന്തെങ്കിലുമുണ്ട് എന്ന് കണ്ടെത്താനാവില്ലല്ലോ.

കുഞ്ഞിനെ ദത്തെടുക്കുന്നതിന് നിയതമായ നടപടിക്രമങ്ങളും അതിന്റെ കാലതാമസവും ഉണ്ടാവുമെന്ന് നേരത്തേ കണ്ടതാണ്. കുട്ടികളില്ലാത്ത ദമ്പതിമാരില്‍ ചിലരെങ്കിലും തെറ്റായ വഴികളിലൂടെ കുഞ്ഞിനെ സമ്പാദിക്കുന്നുണ്ട്. ഇടനിലക്കാരും ആസ്​പത്രികളുമാണ് ഇങ്ങനെ കുഞ്ഞുങ്ങളെ വിറ്റ് പണം കൊയ്യുന്നത്. ഗള്‍ഫില്‍നിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയ ദമ്പതിമാര്‍ തൃശ്ശൂരിലെ ഒരു ആസ്​പത്രിയില്‍നിന്നും രണ്ടുലക്ഷം രൂപയ്ക്ക് പെണ്‍കുഞ്ഞിനെ വാങ്ങിയത് ഈയിടെയാണ്. അതുപോലെ, എറണാകുളത്തെ ഒരു ദത്തെടുക്കല്‍ കേന്ദ്രത്തില്‍ അപേക്ഷ നല്കി കാത്തിരുന്ന യുവദമ്പതിമാര്‍ മംഗലാപുരത്തേക്ക് വണ്ടികയറുകയും അമ്പതിനായിരത്തിന് ആണ്‍കുഞ്ഞിനെ സ്വന്തമാക്കുകയും ചെയ്തു. 'കാരാ' നിയമപ്രകാരം ദത്തെടുക്കുന്നവരും കുട്ടിയുടെ പ്രായവും തമ്മിലുള്ള വ്യത്യാസം കര്‍ശനമായതിനാല്‍ ചെറിയ കുട്ടികളെ കിട്ടാന്‍വേണ്ടിമാത്രം അനധികൃത മാര്‍ഗങ്ങള്‍ തേടുന്നവരുമുണ്ട്.

വര്‍ഷാവര്‍ഷം സ്വകാര്യാസ്​പത്രിയിലെത്തി പ്രസവിച്ച്, കുഞ്ഞിനെ വിറ്റ് ഉപജീവനം കഴിക്കുന്ന സ്ത്രീകള്‍ അപൂര്‍വമായെങ്കിലും കേരളത്തിലുണ്ട് എന്ന് വിശ്വസിച്ചേ തീരൂ. ഇത്തരത്തില്‍ ഒന്‍പതു കുട്ടികളെ അമ്പതിനായിരം രൂപപ്രകാരം വിറ്റ എറണാകുളം സ്വദേശിനിക്ക് ഒരിക്കല്‍പ്പോലും കൈവിട്ടുപോയ മക്കളെക്കുറിച്ചോര്‍ത്ത് വേദന തോന്നിയിട്ടില്ല. ഓരോതവണയും പ്രസവച്ചെലവുകള്‍ കഴിച്ചുള്ള പ്രതിഫലത്തുക ആസ്​പത്രി അധികൃതര്‍ അവര്‍ക്ക് നല്കും. കുഞ്ഞിനെ ആര്‍ക്കാണ് കൈമാറുന്നതെന്നുപോലും അവര്‍ക്കറിയില്ല. അതേക്കുറിച്ച് അവര്‍ അന്വേഷിച്ചിട്ടുമില്ല. പ്രായം കൂടിവരുന്നെങ്കിലും ആവുന്നത്ര തവണകൂടി ഗര്‍ഭം ധരിച്ച് പ്രസവിക്കുകയും കുട്ടികളെ വില്ക്കുകയും ചെയ്യുമെന്ന് അവര്‍ തീര്‍ത്തുപറയുന്നു.

അനധികൃതമായ ഈ ശിശുവ്യാപാരങ്ങള്‍ സ്വകാര്യ ആസ്​പത്രികളുടെ മാത്രം കുത്തകയാണെന്നു കരുതുക വയ്യ. ആസ്​പത്രി അധികൃതരുടെ ഒത്താശയോടെയെന്ന് പറയാനാവില്ലെങ്കിലും സര്‍ക്കാര്‍ ആസ്​പത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഇത്തരം കൈമാറ്റങ്ങള്‍ നടക്കുന്നുണ്ട്. പത്തുവര്‍ഷം മുന്‍പുവരെ ആണ്ടുതോറും പത്തുവരെ അനാഥ ശിശുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും വൈത്തിരിയിലെ 'ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോമി'ല്‍ എത്താറുണ്ടെന്ന് സിസ്റ്റര്‍ ജെയിന്‍ സാക്ഷ്യപ്പെടുത്തുന്നു. അമ്മമാരുടെ സമ്മതപത്രത്തോടെയും അല്ലാതെയുമാണ് കുട്ടികളെ ഇവിടെ കൊണ്ടുവന്നിരുന്നത്. എന്നാലിപ്പോള്‍ ഒരു കുട്ടിപോലും മെഡിക്കല്‍ കോളേജില്‍ നിന്നെത്താത്തത് അത്തരം ശിശുജനനങ്ങള്‍ നടക്കാത്തതുകൊണ്ടല്ലെന്നുറപ്പ്. ആ കുട്ടികള്‍ മെഡിക്കല്‍ കോളേജിന്റെ മതില്‍ക്കെട്ടിനകത്തുവെച്ചുതന്നെ വിറ്റുപോകുന്നുവെന്നേ കരുതാനാവൂ -അവര്‍ വിശദീകരിക്കുന്നു. അറുപതിനോടടുത്ത് പ്രായമുള്ള ദമ്പതിമാര്‍ക്ക് അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍നിന്നും കുട്ടിയെ ലഭിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ, ഒരുലക്ഷം രൂപമുടക്കി ഇതേ മെഡിക്കല്‍ കോളേജില്‍നിന്നും നവജാതശിശുവിനെ വാങ്ങിയിട്ട് അധികനാളായിട്ടില്ല. ഇവിടെ പെറ്റുപേക്ഷിക്കുന്ന കുട്ടികളെ കാണാതാവുന്നതും അപൂര്‍വമല്ല.

പ്രസവമടുത്ത ഒരനാഥ സ്ത്രീയെ ബന്ധുക്കളെന്ന് നടിച്ചെത്തിയ ചിലര്‍ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിച്ച് കൊണ്ടുപോയത് കേരളത്തിലെ ഒരു സര്‍ക്കാര്‍ ആസ്​പത്രിയില്‍നിന്നാണ്. ആ അമ്മയോ കുഞ്ഞോ പിന്നെ എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല. പരാതിപ്പെടാന്‍ ആരുമില്ലാത്തതിനാല്‍ അന്വേഷണവും ഉണ്ടായില്ല. മലപ്പുറം ജില്ലയിലെ ഒരമ്മ രണ്ടായിരം രൂപയ്ക്ക് തന്റെ കുഞ്ഞിനെ വിറ്റ വാര്‍ത്ത കുറച്ചുകാലം മുന്‍പ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണ്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അവര്‍ കണ്ണീരോടെ സത്യം തുറന്നുപറഞ്ഞത്. ദാരിദ്ര്യംകൊണ്ട് നട്ടംതിരിയുന്ന കുടുംബത്തില്‍ ഒരു കുഞ്ഞിനെക്കൂടി പോറ്റാന്‍ തനിക്കാവില്ലെന്നു തിരിച്ചറിഞ്ഞ ആ അമ്മ കുഞ്ഞിനെയുംകൊണ്ട് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തിറങ്ങിയതാണ്. അപ്പോള്‍, മക്കളില്ലാത്ത ദമ്പതിമാര്‍ അവരെ സമീപിച്ച് കുഞ്ഞിനെ തന്നാല്‍ ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നു പറയുകയായിരുന്നു. അവര്‍ കൂടുതലൊന്നും ആലോചിക്കാതെ കുഞ്ഞിനെ കൈമാറിയതും പ്രതിഫലമായല്ലെങ്കിലും രണ്ടായിരം രൂപ ദമ്പതിമാര്‍ ആ കൈകളില്‍ പിടിപ്പിച്ചു. അല്ലാതെ, താനൊരിക്കലും കുഞ്ഞിനെ വിറ്റതല്ലെന്ന് കരഞ്ഞുപറയുന്നു, ആ അമ്മ.

സര്‍ക്കാര്‍ ആസ്​പത്രികളിലെ ചില ജീവനക്കാരെങ്കിലും ശിശുവ്യാപാര റാക്കറ്റില്‍ സജീവമാണെന്നു കാണാം. ഇടനിലക്കാര്‍ ബന്ധം പുലര്‍ത്തുന്നതും തുക പറഞ്ഞുറപ്പിക്കുന്നതും ഇവര്‍ വഴിയാണ്. കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലെ ആയയ്ക്ക് ഒരു കൈമാറ്റത്തില്‍ കിട്ടുന്ന കമ്മീഷന്‍ അയ്യായിരം രൂപയാണ്. വെളുത്ത കുഞ്ഞാണെങ്കില്‍ ആയിരം രൂപ വേറെയും കിട്ടും. അമ്മയെ പറഞ്ഞു പ്രലോഭിപ്പിച്ച് വശീകരിക്കുകയും ഇവരുടെ ചുമതലയാണ്. അവിഹിതഗര്‍ഭം ധരിച്ചതോ അനാഥയോ ആയ ഗര്‍ഭിണി പ്രസവത്തിനെത്തിയാല്‍ വിവരമറിഞ്ഞ് ഇടനിലക്കാര്‍ ഞൊടിയിടയില്‍ അവിടെ പാഞ്ഞെത്തും എന്നതും അദ്ഭുതകരമാണ്. കോട്ടയത്തെ ഒരു ഇടനിലക്കാരന്റെ കൈവശം കുട്ടികളെ ആവശ്യമുള്ള അമ്പതിലേറെ ദമ്പതിമാരുടെ വിലാസവും ഫോണ്‍നമ്പറുകളുമുണ്ട്. ചുരുക്കം ചില വിദേശികളും ഇതില്‍പ്പെടും. മറ്റേതു കച്ചവടത്തേക്കാളും അനായാസമാണ് കുട്ടിക്കച്ചവടമെന്ന് അയാള്‍ ആണയിടുന്നു.

സൂപ്പര്‍സ്റ്റാറുകളെയും മെഗാസ്റ്റാറുകളെയും ഉള്‍പ്പെടുത്തി കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയും രക്ഷാധികാരിപ്പട്ടികയില്‍ ഉന്നത നിയമജ്ഞരെ തെറ്റിദ്ധരിപ്പിച്ച് ഉള്‍പ്പെടുത്തുകയും ചെയ്ത് എറണാകുളത്തെ ഒരു ശിശുകേന്ദ്രത്തിന്റെ മേധാവി 453 കുട്ടികളെ യാതൊരു നിയമവും പാലിക്കാതെ കൈമാറിയതായാണ് ഒരു പൗരാവകാശ സംഘടനയുടെ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇതില്‍ പല കുട്ടികളും ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങള്‍ സഹിച്ചുകഴിയുന്നതായും പരാതിയുണ്ട്. സ്ഥാപനത്തിന്റെ പരസ്യത്തിനായി അമ്പതുലക്ഷത്തിലേറെ രൂപ ചെലവഴിച്ചെന്ന് സ്ഥാപന മേധാവിതന്നെ വെളിപ്പെടുത്തുമ്പോള്‍ കച്ചവടത്തിന്റെ ലാഭത്തെക്കുറിച്ച് ഊഹിക്കാമല്ലോ. ഏതായാലും സത്യാവസ്ഥ മനസ്സിലാക്കിയതിനെത്തുടര്‍ന്ന് തങ്ങളുള്‍പ്പെട്ട പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ നടന്മാരും രക്ഷാധികാരി സ്ഥാനത്തുനിന്ന് ഒഴിയാന്‍ നിയമജ്ഞരും തയ്യാറായിട്ടുണ്ട്. ശിശുക്ഷേമസമിതിയും എ.സി.എ.യും സന്നദ്ധ സംഘടനകളുമൊക്കെ ഈ സ്ഥാപനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോവുന്നുമുണ്ട്.

ഇവിടെ പരാമര്‍ശിച്ച സംഭവങ്ങളിലെല്ലാം രക്ഷിതാക്കള്‍ ദുരുദ്ദേശ്യത്തോടെയാണ് കുട്ടികളെ ദത്തെടുത്തത് എന്നര്‍ഥമില്ല. എന്നാല്‍, നിയമവിധേയമല്ലാത്ത ദത്തെടുക്കലുകളില്‍ മാതാപിതാക്കളുടെ താത്പര്യം സംരക്ഷിക്കപ്പെടുമ്പോള്‍ നിഷേധിക്കപ്പെടുന്നത് കുട്ടികളുടെ അവകാശങ്ങളാണ്. ഒരു വിധത്തിലുള്ള നിയമസംരക്ഷണവും കുട്ടിക്ക് ലഭിക്കുന്നില്ല. നിയമാനുസൃതമായി ദത്തെടുത്ത മകന് മാതാപിതാക്കളുടെ സ്വത്തില്‍ സ്വാഭാവിക പിന്തുടര്‍ച്ചാവകാശം ലഭിക്കുമ്പോള്‍ അനധികൃതസന്താനത്തിന് ആ അവകാശമുണ്ടാവില്ല. രക്ഷിതാക്കള്‍ക്ക് അകാലമരണം സംഭവിച്ചാല്‍ നിഷ്‌കളങ്കരായ കുട്ടികള്‍ അക്ഷരാര്‍ഥത്തില്‍ വഴിയാധാരമാവും. അനധികൃത ദത്തെടുക്കല്‍ പുറത്തുവന്നാല്‍ നിലവിലുള്ള നിയമപ്രകാരം രക്ഷിതാക്കളും ശിക്ഷാര്‍ഹരാണെന്ന് ഓര്‍ക്കുക. അതുകൊണ്ട്, കുട്ടിയുടെ അവകാശസംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കി, അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം ദത്തെടുക്കുക. അനധികൃതമായി ദത്തെടുത്ത കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു ദയനീയാവസ്ഥയില്‍പ്പോലും നിയമം ആ കുട്ടികളുടെ രക്ഷയ്‌ക്കെത്തില്ല എന്നതാണ് യാഥാര്‍ഥ്യം. ദത്തെടുക്കാനാഗ്രഹിക്കുന്ന ഓരോ വ്യക്തിയില്‍നിന്നും ഇത്തരം പക്വതയാര്‍ന്ന സമീപനമാണ് ഉണ്ടാവേണ്ടത്.

ദത്തെടുക്കല്‍ നിയമങ്ങളെല്ലാം കുട്ടികളുടെ രക്ഷയ്ക്കുവേണ്ടി നിര്‍മിക്കപ്പെട്ടവയാണ്. എന്നാല്‍, അവ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം അവരുടെ അവകാശങ്ങളെത്തന്നെ ഹനിക്കുന്ന സംഭവങ്ങളുമുണ്ട്.
അതിനെക്കുറിച്ച് നാളെ -

***************************

ബോധവത്കരണം നടത്തും;ആവശ്യമെങ്കില്‍ നിയമഭേദഗതിയും


ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കാനും ആ സത്കര്‍മത്തിന് ദമ്പതിമാരെ പ്രേരിപ്പിക്കാനും സാമൂഹികക്ഷേമ വകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രചാരണവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരിലേക്കും ഈ ശ്രമങ്ങള്‍ വ്യാപിപ്പിക്കും.

ദത്തെടുക്കല്‍ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. നിയമതടസ്സങ്ങളും മറ്റുചില സാങ്കേതിക തടസ്സങ്ങളും മൂലം ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിനു കഴിയുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ ദത്തെടുക്കല്‍ നിയമങ്ങളില്‍ ഭേദഗതി വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാറും സാമൂഹികക്ഷേമ വകുപ്പും അത് ഗൗരവമായി പരിഗണിക്കും -മന്ത്രി വ്യക്തമാക്കി.

അനധികൃത ദത്തെടുക്കലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കും. എന്നാല്‍, ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സഹകരണം ആവശ്യമാണ്. ഈ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ദത്തെടുക്കലില്‍ കുട്ടിയുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം -മന്ത്രി അഭിപ്രായപ്പെട്ടു.
കുടുംബം കുഞ്ഞിന്റെ അവകാശം - 5 കുടുംബം കുഞ്ഞിന്റെ അവകാശം - 5 Reviewed by Mash on 20:29 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.