രാമായണ മാസം

കര്‍ക്കടകത്തിന്റെ പുലരി തെളിയുന്നു. രാമായണമാസാരംഭത്തിന്റെയും. ഇനിയുള്ള പ്രഭാതസന്ധ്യകള്‍ക്ക് രാമായണത്തിന്റെ ഭക്തിസ്​പര്‍ശം. തിങ്കളാഴ്ച മുതല്‍ ഹൈന്ദവഭവനങ്ങളിലും ക്ഷേത്രങ്ങളിലും കിളി പാടിയ ശീലുകള്‍ മുഴങ്ങും. പ്രൊഫ.എസ്. ഗുപ്തന്‍നായര്‍ എഴുതിയ ലേഖനവും അദ്ധ്യാത്മരാമായണം ഇ-ബുക്കും ചുവടെ. 


വായിച്ചുരസിച്ച പുസ്തകങ്ങളെല്ലാം നമ്മെ സ്വാധീനിച്ചു എന്നു പറയാന്‍ പറ്റുമോ? നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലേക്ക് ചുഴിഞ്ഞിറങ്ങി എന്ന് അവകാശപ്പെടാന്‍ കഴിയുമോ? ഇല്ല. പലതും അബോധതലങ്ങളില്‍ മയങ്ങിക്കിടന്നെന്നു വരും. ചിലപ്പോള്‍ ഒന്നോര്‍മിക്കും; പിന്നെ മറക്കും; എന്നാല്‍ ചിലത് നിറംമങ്ങാതെ, ശോഭമായാതെ, ജാഗ്രത്തിലും സുഷുപ്തിയിലും നമ്മോടൊത്തു ജീവിക്കുന്നു. അവ നമ്മുടെ കെടാറായ സംജ്ഞയെ തൊട്ടുണര്‍ത്തുന്നു. നമുക്ക് അവ വീണ്ടും വീണ്ടും വായിക്കണമെന്നു തോന്നുന്നു. അത്തരം കൃതികള്‍ എണ്ണത്തില്‍ വളരെ കുറയും. ഏതെങ്കിലും ഒരു പുസ്തകം നമ്മെ സ്വാധീനിച്ചു എന്നു പറയുമ്പോള്‍ അവയില്‍ ഉദ്‌ഘോഷിക്കപ്പെട്ടിരിക്കുന്ന സമുന്നതാദര്‍ശങ്ങള്‍ നമ്മുടെ ജീവിതത്തെ സവിശേഷമായ ഒരു വഴിക്കു തിരിച്ചുവിട്ടു എന്നും ജയാപജയങ്ങളൊന്നും വകവെയ്ക്കാതെ ഏകാഗ്രതയോടെ നാം ആ വഴി പിന്‍തുടരാന്‍ ശ്രമിച്ചെന്നും ഒക്കെ അര്‍ഥമുണ്ട്.

പുസ്തകങ്ങളുടെ പ്രേരണാശക്തിയെക്കുറിച്ച് അമിതമായ ശുഭാപ്തിവിശ്വാസം പുലര്‍ത്തേണ്ടതില്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍. പുസ്തകങ്ങള്‍ പകര്‍ന്നുതരുന്ന ആദര്‍ശങ്ങളോട് വ്രതശുദ്ധമായ അനുസരണം കാണിക്കുവാന്‍ നമ്മില്‍ എത്രപേര്‍ക്ക് കഴിയാറുണ്ട്? ടാഗോര്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ഈശ്വരന്‍ നമ്മെ സൃഷ്ടിച്ചപ്പോള്‍ തന്നെ ഏതോ സവിശേഷമായ ഒരു രൂപവും ഭാവവും തന്നുകഴിഞ്ഞില്ലേ? യഥാര്‍ഥത്തില്‍ ആ മൂശയ്ക്കു പിന്നെ വലിയ മാറ്റം വരുന്നുണ്ടോ? നാം ചില ഗ്രന്ഥങ്ങളില്‍ ആത്മാവോളം മുങ്ങുമ്പോള്‍ അതും പൂര്‍വനിര്‍ണീതമായ നമ്മുടെ ഭാവപ്രപഞ്ചത്തിന്റെ ഘടനാവിശേഷംകൊണ്ടു തന്നെയാണ്. നാം അബോധമായിപ്പോവുകയാണോ, 'അതോ സ്വേച്ഛപോലെ ആയിത്തീരുകയാണോ', എന്നെല്ലാം നമുക്കു തര്‍ക്കിക്കാം. ജീവിതത്തില്‍ രണ്ടും സംഭവിക്കുന്നുണ്ട്.

എണ്ണവറ്റി മങ്ങാറായ ദീപത്തിന്റെ തിരിനാളത്തെ ഏതോ ഒരു അദൃശ്യഹസ്തം നീട്ടിത്തരുന്നു. പിന്നെയും ആ നാളം ഒരല്പനേരത്തേക്കുകൂടി കത്തിക്കൊണ്ടിരിക്കുന്നു. അതുപോലെ ചില മഹാഗ്രന്ഥങ്ങള്‍ നമ്മുടെ ജീവിതത്തിനു നെയ്ത്തിരി ഇടയ്ക്കിടെ നീട്ടിത്തരുന്നു, മങ്ങിമയങ്ങുന്ന മനസ്സിനെ ഉണര്‍ത്തുന്നു. അത്തരത്തിലൊരു ഗ്രന്ഥത്തെപ്പറ്റി പറയട്ടെ, ഞാന്‍ സ്വയം വായിക്കാതെ എന്റെ ജീവിതത്തിലേക്ക് ആദ്യം കടന്നുവന്ന ഗ്രന്ഥവും അതുതന്നെ. സംസ്‌കൃതത്തിലുള്ള വാല്മീകി രാമായണം അച്ഛന്റെ പാരായണഗ്രന്ഥങ്ങളിലൊന്നായിരുന്നു. ആ തടിച്ച നാഗരാക്ഷരങ്ങള്‍ ആദ്യമൊക്കെ എനിക്ക് അനഭിഗമ്യമായിരുന്നു. എന്നാല്‍ നിത്യവും കുറച്ചു വായിച്ചുതന്ന് കഥപറഞ്ഞ് കേള്‍പ്പിച്ചപ്പോള്‍ആ കഥാസന്ദര്‍ഭങ്ങളിലൂടെ എന്റെ ബാലമനസ്സ് ഒഴുകിപ്പോയി. രാമനെ ആദര്‍ശപുരുഷനാക്കണമെന്നോ ലക്ഷ്മണനെപ്പോലെയാകണമെന്നോ ഒന്നും നിശ്ചയമായും ആലോചിച്ചിട്ടില്ല. ഭഗവാന്റെ ദിവ്യകഥയാണെന്ന ഭക്തിപാരവശ്യവും തോന്നിയിട്ടില്ല. ഇന്നും അങ്ങനെ തോന്നാറില്ല. അത് മനോഹരമായ മനുഷ്യകഥയായതുകൊണ്ടു മാത്രം മനസ്സ് ആമഗ്‌നമാവുകയാണ്. ഒരു വലിയ കുടുംബത്തിന്റെ സങ്കീര്‍ണപ്രശ്‌നങ്ങള്‍. രാജ്യാവകാശം ആര്‍ക്കെന്ന തര്‍ക്കം താരതമ്യേന അപ്രധാനമാണ്. രാമായണത്തില്‍ ദശരഥന്റെ കുടുംബകഥയാണ് ആദ്യമായി നമ്മെ ഉലയ്ക്കുന്നത്. ദശരഥനും ഇഷ്ടപത്‌നിയായ കൈകേയിയും തമ്മിലുള്ള ആ ഇടച്ചിലില്‍ സാധുവായ ആ വൃദ്ധന്‍ അനുഭവിച്ച ഹൃദയവ്യഥ ക്രമേണ എനിക്കു മനസ്സിലായിത്തുടങ്ങി. രാമന്റെ ദൃഢനിശ്ചയം അനവസരത്തിലായിപ്പോയില്ലേ എന്ന ലക്ഷ്മണന്റെ പക്ഷത്തായിരുന്നു ഞാനും. കാനനനടുവില്‍ വെച്ച് സീത ദേവരനായ ലക്ഷ്മണനോട് കടുത്ത വാക്കുകള്‍ പറഞ്ഞപ്പോള്‍ എനിക്ക് സീതയോട് കടുത്ത അമര്‍ഷം തോന്നി. 'പൊന്മാനിന്റെ പുറകേ പോകരുതേ' എന്ന് എന്റെ ആത്മാവ് മന്ത്രിച്ചു. എങ്കിലും അപഹൃതയായ സീതയെ ഓര്‍ത്തു പിടയുന്ന രാമന്റെ ഹൃദയം പരവശമായപ്പോള്‍ അത് എന്നിലേക്ക് പകരുന്നു എന്നു തോന്നി. ഇതെല്ലാം കുട്ടിക്കാലത്തെ പ്രതികരണങ്ങള്‍.

പിന്നെ സംസ്‌കൃതം അല്പാല്പം മനസ്സിലാക്കാറായപ്പോള്‍ വ്യാഖ്യാനത്തിന്റെ സഹായത്തോടെ വാല്മീകി രാമായണം മുഴുവന്‍ വായിച്ചു. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വായിക്കാറുണ്ട്. രാമായണം മാത്രമല്ല, രാമായണത്തെപ്പറ്റിയുള്ള ഏതു ഗ്രന്ഥവും എനിക്ക് ആനന്ദവും ഉത്സാഹവും തരുന്നു പരാവര്‍ത്തനങ്ങളും വിമര്‍ശനങ്ങളും പുനരാഖ്യാനങ്ങളും എല്ലാം.
വാല്മീകിയുടെ ആഖ്യാനം ഏതുവലിയ രാജശില്പിയിലും അസൂയ ജനിപ്പിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അസാധാരണമാണ് ആ ക്രാന്തദര്‍ശിത്വം. ശ്രീരാമന്‍ ഈശ്വരനാണോ അവതാരമാണോരാമായണം ചരിത്രമാണോ കെട്ടുകഥയാണോഎന്നീ പ്രശ്‌നങ്ങളൊന്നും എന്നെ പ്രായേണ അലട്ടാറില്ല. ശ്രീരാമനും വാല്മീകിയും സമകാലികരായിരുന്നോ, അതോ വാല്മീകിയുടെ സാങ്കല്‍പ്പികസൃഷ്ടി മാത്രമാണോ രാമന്‍. വാല്മീകി എന്ന കവിതന്നെ ഒരു സങ്കല്‍പ്പമാണോഅവയും അപ്രധാനമത്രേ! രാമന്റെ കഥ പ്രത്യംഗ സൗന്ദര്യത്തോടെ ഒരു വിശിഷ്ട കവിയാല്‍ ആഖ്യാനംചെയ്യപ്പെട്ടിരിക്കുന്നു. വായിക്കുംതോറും രസമേറിവരുന്നു; രസം ഊറിവരുന്നു. ചിലതൊക്കെ നിശ്ചയമായും പില്‍ക്കാലത്തെ കൂട്ടിച്ചേര്‍ക്കലുകളാവണം. ബാലരാമായണത്തിന്റെ പല ഭാഗങ്ങളും ഉത്തരരാമായണവും ഒക്കെ പ്രക്ഷിപ്തമാവണം. സ്വന്തം മാഹാത്മ്യവും സ്വകാവ്യത്തിന്റെ മാഹാത്മ്യവും ഋഷിയായ വാല്മീകി വര്‍ണിക്കാനിടയില്ല. സീതയെ അകാരണമായും അതിദാരുണമായും പീഡിപ്പിച്ചു എന്നു വരുത്തിക്കൂട്ടുന്ന ഉത്തരഭാഗങ്ങളും മനുഷ്യസ്‌നേഹിയായ വാല്മീകി എഴുതാനിടയില്ല. എന്നാല്‍ കഥയുടെ മുഖ്യാംശം ഒരൊറ്റ കവിയുടെ സൃഷ്ടിയാണെന്നതില്‍ സംശയിക്കേണ്ടതില്ല. മഹാഭാരതത്തിനില്ലാത്ത ഏകാഗ്രതയും ശില്‍പ്പഭംഗിയും സാംഗോപാംഗസൗന്ദര്യവും രാമായണത്തിനുണ്ട്. ശരിക്കും ഇഴുകിച്ചേര്‍ന്നിട്ടില്ലാത്ത ഒരൊറ്റ ഉപകഥപോലുമില്ല. എല്ലാം യഥാസ്ഥാനം വിന്യസിക്കപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ കുറച്ചൊന്നു പരത്തിപ്പറഞ്ഞില്ലേ എന്നു തോന്നാം. അത് ഇതിഹാസസ്വഭാവമാണെന്നു മനസ്സിലാകുമ്പോള്‍ നമ്മുടെ ഹൃദയം ആസ്വാദനസന്നദ്ധമാവും.

രാമായണത്തിന്റെ ആകര്‍ഷണവലയത്തിലേക്കു ഒരിക്കല്‍ കുടുങ്ങിയാല്‍ അതില്‍നിന്നു കുതറി രക്ഷപ്പെടുക അസാധ്യംതന്നെയെന്ന് അതിന്റെ ആസ്വാദകര്‍ വിശ്വസിക്കുന്നു. വിവേകാനന്ദനും ശ്രീ അരവിന്ദനും ഗാന്ധിജിയും വി.എസ്. ശ്രീനിവാസ ശാസ്ത്രിയും രാജാജിയുമെല്ലാം ഈ വിശ്വാസക്കാരായിരുന്നു. തന്റെ വിശ്വാസത്തെ ന്യായീകരിച്ചുകൊണ്ട് ശ്രീ അരവിന്ദന്‍ ഇങ്ങനെ പറയുന്നു; 'ഈ സര്‍വോല്‍കൃഷ്ടകൃതിയുടെ ചൈതന്യത്തിലേക്ക് ഒറ്റക്കുതിപ്പിന് ചുഴിഞ്ഞിറങ്ങാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. പക്ഷേ, ഒരിക്കലതു സാധിച്ചവര്‍, ലോകസാഹിത്യത്തിലുള്ള മറ്റൊരു കൃതിയും അതിന്റെ മീതെയാണെന്നു സമ്മതിക്കിച്ചുതരില്ല'. ഇത് ഒരു അതിപ്രശംസയാണെന്നു തോന്നാം. എങ്കില്‍ അദ്ദേഹം സകാരണം അതു വിശദീകരിക്കുന്നതു കേള്‍ക്കുക: 'നമ്മുടെ ജീവിതത്തിന്റെ അതിബൃഹത്തായ ശക്തിവിശേഷങ്ങളെപ്പറ്റി കവി നമ്മെ ബോധവാന്മാരാക്കുന്നു. വിപുലമായ ഇതിഹാസത്തിന്റെ പശ്ചാത്തലത്തില്‍ നാടും നഗരവും ഗിരികാനനങ്ങളും സമുദ്രവും വിശാല വിജനഭൂമികളും നദീതടങ്ങളും എല്ലാം അപൂര്‍വ മഹിമയോടെ നമ്മുടെ മുന്നില്‍ വന്നു നിരക്കുന്നു. വിശ്വരംഗംതന്നെ യവനിക നീക്കി പ്രത്യക്ഷപ്പെടുന്ന പ്രതീതിയാണുണ്ടാവുക. ഭാരതഹൃദയത്തിന്റെ ധാര്‍മികവും സൗന്ദര്യാത്മകവും ആയ സകല സ്രോതസ്സുകളും ഒന്നായി അലിഞ്ഞുചേര്‍ന്ന് ഏകവേണിയായി ഒഴുകുന്നു. മനുഷ്യന്റെ ദൈവികവും ആസുരവും ആയ എല്ലാ ശക്തികളും പ്രഭാവങ്ങളും ഏതാനും മഹാവിഗ്രഹന്മാരിലൂടെ അനാവൃതമാകുന്നു. അത്യുല്‍കൃഷ്ടവും അതിപേലവവുമായ മനുഷ്യസ്വഭാവങ്ങളെല്ലാം അവയുടെ സൂക്ഷ്മസൂക്ഷ്മഭാവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു.

മുനിയായ അരവിന്ദന്‍ ഇവിടെ വാചാലനാകുന്നു. രാമന്‍, സീത, ലക്ഷ്മണന്‍, ഭരതന്‍, ഹനുമാന്‍ ഈ അഞ്ച് കഥാപാത്രങ്ങളെ മാത്രം കണക്കിലെടുത്താല്‍ മതി; അവരാണ് സാംസ്‌കാരിക ഭാരതത്തിന്റെ ഹൃദയഗ്രന്ഥികളെ സഹസ്രാബ്ദങ്ങളായി ബന്ധിച്ചു നിര്‍ത്തിയത്. ഇന്നും ആ കഥാപാത്രങ്ങള്‍ നമ്മില്‍ ജീവിക്കുന്നു. മാനുഷികഭാവം വിടാത്ത അമാനുഷന്‍, അതാണ് രാമന്‍. ഭക്തിയുടെ പരകോടിയിലും ജ്യേഷ്ഠന്റേയും ജ്യേഷ്ഠത്തിയുടേയും തെറ്റ് ചൂണ്ടിക്കാണിക്കുന്ന ലക്ഷ്മണന്‍; സ്വന്തം അമ്മ അനര്‍ഹമായി തനിക്കുനേടിത്തന്ന സാമ്രാജ്യത്തെ ജ്യേഷ്ഠന്റെ തൃക്കാലടിയിലര്‍പ്പിച്ചു നമസ്‌കരിക്കുന്ന ഭരതന്‍; നിഷ്‌കാമഭക്തിയുടെ നിരതിശയമൂര്‍ത്തിയായ ഹനുമാന്‍; സര്‍വംസഹയായ സീത ഇവര്‍ ഭാരതത്തിന്റെ നിത്യാദര്‍ശങ്ങളാണ്. ഇന്നും അവരുടെ ധാര്‍മ്മിക ജീവിതത്തിന് കുറെയേറെ സാംഗത്യമുണ്ട്. തുളസീദാസ രാമായണത്തില്‍ മുഴുകിയ ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ രാമനെ ഒരു പ്രാകൃതമതമാക്കിത്തീര്‍ത്തതു ഭക്തിയുടെ വികടഗതിയാണെന്ന് എനിക്കു തോന്നാറുണ്ട്. രാമചരിതമാനസത്തിന്റെ പ്രഭാവം മഹത്താണെങ്കിലും അത് രാമലീലയിലും ഹനുമാന്‍പൂജയിലും കൊണ്ടെത്തിച്ചത് ഒരര്‍ഥത്തില്‍ പ്രകൃതത്തിലേക്കുള്ള തിരിച്ചുപോക്കാണ്.

എന്നാല്‍ വാല്മീകിയുടെ കൃതി ഇപ്പോഴും ഒട്ടുയര്‍ന്ന് സസ്‌കൃതമതികളെ മന്ത്രമുക്തരാക്കിക്കൊണ്ട് വര്‍ത്തിക്കുന്നു. വാല്മീകിയുടെ ഈ അപ്രാപ്യത തന്നെയാവാം നമ്മുടെ പ്രാദേശികഭാഷകള്‍ക്ക് തുഞ്ചനേയും കമ്പനേയും തുളസിയേയും ലഭിക്കാനിടയാക്കിയത്. അവര്‍ രാമന്റെ മനുഷ്യഭാവത്തെ ഒതുക്കിക്കൊണ്ട് ഭഗവല്‍ഭാവത്തെ ബൃഹത്തരമാക്കിക്കാട്ടി. ഭക്തിയില്‍ എല്ലാം മറക്കാന്‍ ജനങ്ങള്‍ക്കെപ്പൊഴും ഇഷ്ടമാണ്. പക്ഷേ, വാല്മീകി നമ്മെ അങ്ങനെ ഭക്തിയുടെ ജഡതയിലെത്തിക്കാതെ സൂക്ഷിക്കുന്നു. എന്തൊരു കഥാചാതുരിയാണ് ഋഷിക്ക്! 'ആശ്ചര്യമിദമാഖ്യാനം' എന്ന് ബാലകാണ്ഡത്തില്‍ പറഞ്ഞതിലപ്പുറമൊന്നും അതിനെപ്പറ്റി പറയാനില്ല. രാമായണത്തിന്റെ ആഖ്യാനശൈലി മറ്റൊരു കാവ്യത്തിലും കാണാനില്ല.
എല്ലാം മുന്‍കൂട്ടി കണ്ട ഒരു ഋഷിക്കു മാത്രമേ ഇങ്ങിനെ അയത്‌നസുന്ദരമായും പ്രസാദമധുരമായും സുദീര്‍ഘമായൊരിതിഹാസം എഴുതിത്തീര്‍ക്കാന്‍ കഴിയൂ. സാലങ്കാരമായും നിരലങ്കാരമായും വര്‍ണിക്കാന്‍ കവിക്കറിയാം. അല്പമാത്രമായ വരകള്‍കൊണ്ടു വിശദമായ ചിത്രങ്ങള്‍ വരയ്ക്കും ചിലപ്പോള്‍, മറ്റുചില സന്ദര്‍ഭങ്ങളില്‍ അപൂര്‍വമായ അലങ്കാരങ്ങളുടെ ഒരു ശൃംഖലതന്നെ നിര്‍മിക്കും. ചുരുക്കിപ്പറഞ്ഞിട്ടുള്ളതിന്റെ ചില ഉദാഹരണങ്ങള്‍ നോക്കുക: പമ്പാസരസ്സിനെപ്പറ്റി 'വൈഡൂര്യവിമലോദകം പദ്മഫുല്ലോത്പലവതി' (വൈഡൂര്യം പോലെ വിമലമായ ജലം, താമരയും ആമ്പലും നിറഞ്ഞങ്ങനെ നില്ക്കും) എന്നു പറഞ്ഞപ്പോള്‍ പറയേണ്ടതെല്ലാമായി.

ലക്ഷ്മണന്‍ കണ്ട താരയെ വര്‍ണിച്ചതിങ്ങനെയാണ്. 'സാപ്രസ്ഖലന്തീ മദവിഹ്വലാക്ഷീ പ്രലംബകാഞ്ചീ ഗുണഹേമസൂത്രാ' (ഇടയ്ക്കിടെ കാലിടറുന്നവളായി മധുപാനംകൊണ്ട് ചുഴലുന്ന കണ്ണുകളോടുകൂടിയവളായി കെട്ടഴിഞ്ഞ അരഞ്ഞാണത്തോടുകൂടിയവളായി സലക്ഷ്ണയായി അവള്‍ ലക്ഷ്മണന്റെ അടുക്കലേക്കു ചെന്നു). വിസ്തരിച്ചു വര്‍ണിക്കണമെന്നു തോന്നുമ്പോള്‍ വാല്മീകി, തന്റെ ഭാവനാതുരംഗത്തെ കടിഞ്ഞാണഴിച്ച് ഓടിക്കുന്നതും കാണാം. പില്ക്കാലത്തെ എല്ലാ മഹാകാവ്യകാരന്മാരേയുംപോലെ നഗരാര്‍ണവശൈലങ്ങളും വര്‍ഷഹേമന്താദി ഋതുഭേദങ്ങളും രാമായണത്തില്‍ യഥാസ്ഥാനത്ത് സന്നിവേശിപ്പിച്ചിട്ടുണ്ട്.

പക്ഷിമൃഗാദികളുടെ സൂക്ഷ്മചലനങ്ങളും ഭാവങ്ങളും മനുഷ്യവാനര രക്ഷോഗണങ്ങളുടെ പ്രകൃതിഭേദങ്ങളും കവിയുടെ സൂക്ഷ്മമായ വിശകലനത്തില്‍ പെടുന്നു. ഒരൊറ്റ വര്‍ണന മാത്രം ഉദാഹരിക്കാം. കിഷ്‌കിന്ധയില്‍ സുഗ്രീവന്‍ ഗുഹയില്‍ സുഖമായി താമസിക്കുകയാണ്. വര്‍ഷകാലം കഴിഞ്ഞു; ശരത് ആഗതമായി. സീതയെപ്പറ്റിത്തന്നെ ചിന്തിച്ച് രാമന്‍ പരമദുഃഖിതനായിത്തീര്‍ന്നു. അല്പം കഴിഞ്ഞ് തന്റേടം വീണ്ടെുത്തു. 'ശാരദംഗഗനം ദൃഷ്ട്വാജഗാമ മനസാ പ്രിയാം' (ശരത്കാലത്തെക്കണ്ട്, ഹൃദയംകൊണ്ട് രാമന്‍ പ്രിയാസമീപത്തെത്തി). എന്നിട്ടു ദീനവാക്കുകളാല്‍ ഇങ്ങനെ വിലപിച്ചു (ശരത്കാലലക്ഷണങ്ങളെല്ലാം പ്രിയാസ്മരണയോട് ബന്ധിച്ചു മാത്രമാണ് വിവരിക്കുന്നത്): 'മധുഭാഷിണിയായ ഏതൊരുവള്‍ പണ്ട് രാജഹംസങ്ങളുടെ കളകളനാദം കേട്ട് ആശ്രമത്തില്‍ ആനന്ദിച്ചുവോ ആ അവള്‍ ഇപ്പോള്‍ എങ്ങനെ സന്തുഷ്ടയായിത്തീരും? ചക്രവാകങ്ങളുടെ വിയോഗസമയത്തെ നിസ്വനംകേട്ട് താമരപ്പൂപോലെ വിടര്‍ന്ന കണ്ണുകളെക്കൊണ്ട് എന്നെ സാകൂതം നോക്കുന്ന ആളുടെ അവസ്ഥ ഇപ്പോള്‍ എന്തായിരിക്കും? ഇപ്പോള്‍ ആ ഇളമാന്‍ മിഴിയാളെക്കൂടാതെ നദികളും കാനനങ്ങളും വാപികളും കണ്ട് എനിക്ക് എങ്ങനെ സുഖം തോന്നാനാണ്? ശരീരത്തിന്റെ സര്‍വധര്‍മങ്ങളെക്കൊണ്ടും സമ്പൂര്‍ണനായ കാമദേവന്‍ എന്റെ വേര്‍പാടുകൊണ്ടും ജന്മസിദ്ധമായ അവളുടെ സൗകുമാര്യംകൊണ്ടും മരണാന്തം ദുഃഖിപ്പിക്കുകയില്ലേ?' ഇങ്ങനെ ദുസ്സഹമായ ചിന്തകളാല്‍ പീഡിതനായിരിക്കുന്ന രാമന്റെ സമീപത്തേക്കാണ് ഫലമൂലങ്ങള്‍ ശേഖരിക്കാന്‍ പോയിരുന്ന ലക്ഷ്മണന്‍ വന്നെത്തുന്നത്. 'ആര്യന്‍ എന്താണിങ്ങനെ കാമംകൊണ്ട് വശംകെടുന്നത്?' എന്നു പറഞ്ഞുകൊണ്ട് അനുജന്‍ ജ്യേഷ്ഠന്റെ ദുഃഖചിന്തയ്ക്ക് അര്‍ധവിരാമമിട്ടു.

ഇതിനേക്കാള്‍ സന്ദര്‍ഭോചിതവും ഭാവൗചിത്യവും ഉള്ള ഒരു ശരത്കാലവര്‍ണന മഹാകാവ്യങ്ങളിലേത് തപ്പിയാലും കാണുകയില്ല. പക്ഷേ, കവി ഇവിടംകൊണ്ട് ആ വര്‍ണന അവസാനിപ്പിക്കുന്നില്ല. പിന്നീടും നീണ്ടുനീണ്ടങ്ങനെ പോകുന്നു. ഈ രണ്ടു രീതികളിലും വാല്മീകി പ്രഗല്ഭനാണ്. ഏതായാലും വാല്മീകിയുടെ കാവ്യം ഭക്തന്മാരേക്കാള്‍ കാവ്യരസികന്മാരെ സന്തോഷിപ്പിക്കും. ധര്‍മശാസ്ത്രവും ഭൂമിശാസ്ത്രവും ചരിത്രവും എല്ലാം അതിലുണ്ട്. ഏതു ഭാവത്തേയും ആവിഷ്‌കരിക്കാന്‍ പോരുന്ന ശാന്തഗംഭീരമായ അനുഷ്ടഭച്ഛന്ദസ്സിന്റെ ചാന്ദ്രപ്രകാശം പരത്തുന്നു.
സര്‍വകലാസാംഗത്യവും സര്‍വജനപ്രിയത്വവും വരേണ്യകൃതികളുടെ ലക്ഷണമാണ്. രാമായണം ഇന്നും നമുക്ക് പ്രിയംകരമായിരിക്കുന്നതെന്തുകൊണ്ട്? ഒന്നാമതായി അതിലെ സത്യപ്രസക്തിയുള്ള പ്രമേയം. രണ്ടാമതായി ഒരിക്കലും ശോഭമങ്ങാത്ത കാവ്യഗുണം. അപ്പോള്‍ ചോദിക്കാം 'മൂന്നോ അതിലേറെയൊ ഭാര്യമാരുള്ള ഒരു ചക്രവര്‍ത്തിയുടെ കഥയ്ക്ക് ഇനിയെന്ത് പ്രസക്തി?' തീര്‍ച്ചയായും അക്കഥയിലല്ല രാമായണസത്ത. പക്ഷേ, ഹിതാനുവര്‍ത്തിനിയായ ഒരു ഭാര്യപോലും സ്വാര്‍ഥത്തിന്റെ മുമ്പില്‍ ഭാവംപകരുമെന്ന പ്രമേയത്തിന് ഇന്നും പ്രസക്തിയുണ്ട്. പ്രതാപം നഷ്ടപ്പെട്ട രാജാക്കന്മാരും മാന്യതയ്ക്കുവേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്ന ഭര്‍ത്താവും എല്ലാം ഇപ്പോഴുമുണ്ട്. രാജ്യം നഷ്ടപ്പെട്ടപ്പോള്‍ രാമന് സഹിഷ്ണുത നഷ്ടപ്പെട്ടില്ല. പക്ഷേ, ഭാര്യ നഷ്ടപ്പെട്ടപ്പോള്‍ എല്ലാം തകര്‍ന്നു എന്നു തോന്നി. രാവണന്റെ അന്തഃപുരത്തിലകപ്പെട്ട് നിസ്സഹായിനിയായി നൈരാശ്യനിഹതയായിത്തീര്‍ന്ന സീത ആത്മഹത്യചെയ്യാന്‍ ആലോചിച്ചു. വിദൂരമായ ഈ ദ്വീപിലെത്തി ഭീകരരായ രാക്ഷസരുടെ മധ്യത്തില്‍ വന്ന് ഭര്‍ത്താവിന് തന്നെ രക്ഷിക്കാന്‍ കഴിയുമോ എന്നവള്‍ ശങ്കിച്ച് എല്ലാ ആശകളും നശിച്ചെങ്കിലും അവള്‍ ആത്മഹത്യ ചെയ്തില്ല. ഒരു നിമിത്തം കണ്ടു എന്നാണ് കവി പറയുന്നത്. ഇത് അന്തഃകരണത്തിന്റെ ധര്‍മമന്ത്രണം മാത്രമാണ്.

സീതാന്വേഷണഘട്ടത്തില്‍ ഹനുമാനും ഒരിക്കല്‍ നിരാശനായി. രാവണപാലിതമായ ലങ്കയുടെ സകലകോണുകളിലും അന്വേഷിച്ചിട്ടും സീതയെ കണ്ടുകിട്ടിയില്ല. ഇനി എന്തിനു ജീവിച്ചിരിക്കുന്നു എന്ന് ഹനുമാന്‍ ആലോചിച്ചു. അപ്പോള്‍ തോന്നി ഒരു അന്വേഷണംകൂടി നടത്തിക്കളയാം എന്ന്. ഒരിക്കലും വറ്റാത്ത ഉത്സാഹത്തിന്റെ മൂര്‍ത്തിയാണ് ഹനുമാന്‍. നമ്മുടെ ജീവിതോത്സാഹം മങ്ങുമ്പോള്‍ ഹനുമാന്‍ നമുക്കും ഒരു ഉത്തേജകശക്തിയല്ലേ?

രാമായണത്തില്‍ മൂന്നു ശ്രേണിയിലുള്ള മൂന്നുതരം മനുഷ്യസംസ്‌കാരമുണ്ട്. ശ്രീരാമന്‍ തുടങ്ങിയവരുടെ ആര്യമായ ജീവിതചര്യ ഏറ്റവും ഉയര്‍ന്ന ശ്രേണിയില്‍ വര്‍ത്തിക്കുന്നു. സുഗ്രീവാദി വാനരന്മാരുടെ ചപലവും സുഖലോലുപവുമായ ജീവിതം രണ്ടാമത്തെ ശ്രേണിയില്‍. രാക്ഷസരാജധാനിയിലെ അധര്‍മമയവും ബലാസ്​പദവും ഭീകരവുമായ ജീവിതം മൂന്നാമത്തെ തട്ടില്‍. മൂന്നു ശ്രേണിയിലും സമ്പത്തിനോ പ്രതാപത്തിനോ ഒട്ടും കുറവില്ല (എല്ലാം രാജധാനികളാണല്ലോ). ദയ, സ്‌നേഹം, ത്യാഗം മുതലായ മാനുഷിക ഗുണങ്ങളില്‍ ഏറ്റവും താഴേക്കിടയില്‍ നില്ക്കുന്നത് ലങ്കതന്നെ. അയോധ്യ അഗ്രശൃംഗത്തിലാണ്. ആര്യാവര്‍ത്തത്തില്‍ നിന്ന് തെക്കോട്ടിറങ്ങുമ്പോള്‍ ഇങ്ങനെ ക്രമമായൊരു അധോഗതിയുണ്ടെന്നു കാണിക്കാന്‍ വാല്മീകി തീര്‍ച്ചയായും ഏറ്റവും പരിചയവും ആദരവുമുള്ള അയോധ്യയിലെ ജീവിതം മുകളില്‍ പ്രതിഷ്ഠിച്ചുവെന്നേയുള്ളൂ. അതു ത്രികോണത്തിന്റെ ശീര്‍ഷമാണ് എന്നു കാണിക്കുന്നതിന് വാല്മീകിക്കു കൂടുതല്‍ താല്പര്യമുണ്ടായിരുന്നു. കിഷ്‌കിന്ധയും ലങ്കയുമൊക്കെ കവിയുടെ സങ്കല്പത്തിലാണ്. നാം അവയുടെ ഭൂമിശാസ്ത്രം നോക്കി ക്ലേശിക്കുന്നത് വെറുതെ. പക്ഷേ, ദക്ഷിണാപഥത്തിലുമുണ്ട് ധര്‍മാത്മാക്കള്‍ എന്നു കാണിച്ചുതരാന്‍ കവി മറന്നില്ല. കിഷ്‌കിന്ധയിലെ ഹനുമാദികളേയും ലങ്കയിലെ വിഭീഷണനെയും ധര്‍മമൂര്‍ത്തികളായിത്തന്നെ വാല്മീകി ചിത്രീകരിച്ചു. ഏത് അധര്‍മത്തിന്റെ മധ്യത്തിലും ധര്‍മത്തിന്റെ കിരണസ്ഫുരണമുണ്ട്. ഭോഗത്തെ താഴ്ത്തി ത്യാഗത്തെയും തളരാത്ത ധര്‍മത്തേയും ഉപാസിക്കുമ്പോള്‍ മാത്രമാണ് ധര്‍മം വിജയിക്കുന്നതെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു. ധര്‍മാഖ്യാനത്തിന് കാവ്യശോഭ നല്കിയ ഇതിഹസാമാണ് രാമായണം.

ഈ ധര്‍മേതിഹാസത്തിന് എന്നും പ്രസക്തിയുണ്ട്. എന്തുകൊണ്ടെന്നാല്‍ ധര്‍മാധര്‍മങ്ങളെ ചൊല്ലിയുള്ള മനുഷ്യന്റെ വ്യഥയ്ക്ക് എക്കാലത്തും സാമ്യമുണ്ട്. അന്തഃകരണം നമുക്കു നല്കുന്ന ഉത്തരങ്ങള്‍ക്ക് സമാനതയുണ്ട്. വഴിമുട്ടി നില്ക്കുന്ന ജീവിതസന്ധികളില്‍ കൂടുതല്‍ ഏകാഗ്രവും സൂ്ഷ്മവുമായ ജീവിതസത്യങ്ങള്‍ രാമായണത്തെപ്പോലെയുള്ള കൃതികള്‍ പകര്‍ന്നുതരുന്നു. ക്ലാവുപിടിച്ച മനസ്സിന്റെ നീലമറുകുകളെ തുടച്ചുനീക്കുന്നു. ഈ ധര്‍മബോധനം ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്ന ഭാരതീയകാവ്യം വാല്മീകി രാമായണമാണ്. അതുകൊണ്ടാവണം മറ്റനേകം ഭാരതീയരെപ്പോലെ രാമായണം എന്നെ സ്വാധീനിച്ചത്. ഇത് ആദികാവ്യമാണെങ്കിലും അല്ലെങ്കിലും അനശ്വരകാവ്യമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ പ്രഥമകാവ്യമാണ്.

അദ്ധ്യാത്മരാമായണം വായിക്കാം
അദ്ധ്യാത്മരാമായണം വാങ്ങാം
അദ്ധ്യാത്മരാമായണം വ്യാഖ്യാനസഹിതം വാങ്ങാം 
കടപ്പാട്:മാതൃഭൂമി ദിനപത്രം 
രാമായണ മാസം രാമായണ മാസം Reviewed by Mashhari on 09:44 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.