പ്രപഞ്ചവികാസം ഒരിക്കലും നിലക്കില്ല!


പ്രപഞ്ചവികാസത്തിന്‍െറ വേഗത ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍െറ സാമാന്യ ആപേക്ഷിക സിദ്ധാന്തം (General Theory of Relativity) പ്രവചിച്ചതുപോലത്തെന്നെ സൂക്ഷ്മവും കൃത്യവുമാണെന്ന കണ്ടത്തെലാണ് പ്രപഞ്ച വിജ്ഞാനശാഖയിലെ പുതിയ വാര്‍ത്ത. ലോകമെമ്പാടുമുള്ള ജ്യോതിശ്ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ നടത്തിയ പഠനമായ ‘ബോസി’ല്‍ (ബേര്യോണ്‍ അക്വാസ്റ്റിക് ഓസിലേഷന്‍ സ്പെക്ട്രോസ്കോപിക് സര്‍വേ - BOSS) ആണ് പുതിയ കണ്ടത്തെലുണ്ടായിരിക്കുന്നത്. ജ്യോതിശ്ശാസ്ത്ര ചരിത്രത്തിലെ മഹാദ്ഭുതമായി മാറിക്കൊണ്ടിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ സെന്‍സസായ സ്ളോണ്‍ ഡിജിറ്റല്‍ സ്കൈ സര്‍വേയുടെ മൂന്നാംഘട്ടമാണ് (SDSSIII) ബോസ്. ഈ സര്‍വേ ഉപയോഗിച്ച് ഇതുവരെ പത്തുലക്ഷത്തില്‍പരം നക്ഷത്രസമൂഹങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ മാപ് ചെയ്തു!
മഹാവിസ്ഫോടന മാതൃകയനുസരിച്ച്, 13.7 ബില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പൊട്ടിപ്പുറപ്പെട്ട ഈ മഹാപ്രപഞ്ചത്തിന്‍െറ ത്വരിത വികാസം കാലാന്തരത്തില്‍ മന്ദീഭവിക്കുകയും ഒടുവില്‍ വികാസം നിലച്ച് ഗുരുത്വബലത്തിന്‍െറ ആകര്‍ഷണബലത്തിനു കീഴടങ്ങി തുടക്കംപോലെതന്നെ ഒരു ബിന്ദുവിലേക്ക് തിരിച്ചത്തെുകയുമാണ് ഉണ്ടാകേണ്ടത്. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ല നടക്കുന്നത്. പ്രപഞ്ചവികാസത്തിന്‍െറ വേഗത വര്‍ധിക്കുകയാണ്. മഹാവിസ്ഫോടനത്തിന്‍െറ തള്ളല്‍ശക്തിക്ക് ഇതിനുത്തരം നല്‍കാന്‍ കഴിയില്ല. പ്രപഞ്ചോല്‍പത്തിയത്തെുടര്‍ന്ന് 600-700 കോടി വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ ത്വരിത വികാസം ആരംഭിച്ചത്. ഈ വികാസത്തിന്‍െറ തോത് കൃത്യമായി കണക്കുകൂട്ടിയെടുക്കാന്‍ ബോസ് സംഘത്തിന് കഴിഞ്ഞിരിക്കുന്നു. അതാകട്ടെ, ഒരു നൂറ്റാണ്ടുമുമ്പ് ഇത്തരം സാങ്കേതികവിദ്യകളുടെയൊന്നും സഹായമില്ലാതെതന്നെ ഐന്‍സ്റ്റൈന്‍ തന്‍െറ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തില്‍ ഉപയോഗിച്ച പ്രാപഞ്ചിക സ്ഥിരാങ്കമെന്ന (Cosmological Constant) പരികല്‍പനയെ പൂര്‍ണമായും അംഗീകരിക്കുന്ന തരത്തിലാണ് ചെന്നത്തെിയിരിക്കുന്നത്. പ്രപഞ്ചവികാസത്തെ ത്വരിതപ്പെടുത്തുന്ന ഈ തള്ളല്‍ശക്തിയെ ഡാര്‍ക് എനര്‍ജി എന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ശാസ്ത്രസംഘത്തിന്‍െറ പഠനഫലങ്ങള്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011ലെ ഭൗതികശാസ്ത്ര നൊബേല്‍സമ്മാനം നല്‍കിയിരിക്കുന്നതും ഡാര്‍ക് എനര്‍ജിയെക്കുറിച്ച ഗവേഷണത്തിനാണ്.
എന്താണ് ഡാര്‍ക് എനര്‍ജി?
പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ളതും എന്നാല്‍ ഏറ്റവും കുറച്ചുമാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതുമായ പ്രതിഭാസമാണ് ഡാര്‍ക് എനര്‍ജി. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ഊര്‍ജരൂപമൊന്നുമല്ല ഇത്. ഗുരുത്വബലത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഋണമര്‍ദമാണ് ഡാര്‍ക് എനര്‍ജി അഥവാ ശ്യാമ ഊര്‍ജം. 1998ല്‍ ഷികാഗോ യൂനിവേഴ്സിറ്റിയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ മൈക്കല്‍ ടര്‍ണര്‍ ആണ് ഡാര്‍ക് എനര്‍ജി എന്ന പേര് ആദ്യമായി നിര്‍ദേശിച്ചത്. ഈ മഹാപ്രപഞ്ചത്തിന്‍െറ 70 ശതമാനവും നിറഞ്ഞിരിക്കുന്നത് ശ്യാമോര്‍ജമാണെങ്കിലും അതിസങ്കീര്‍ണമാണ് അതിനെക്കുറിച്ചുള്ള പഠനങ്ങള്‍. ഡാര്‍ക് എനര്‍ജിയുടെ ഗുരുത്വ വികര്‍ഷണ സ്വഭാവത്തെ അടിസ്ഥാനമാക്കി പ്രപഞ്ചത്തിന്‍െറ വികാസനിരക്ക് കണക്കുകൂട്ടിയാണ് ഇത് സാധിക്കുന്നത്.
1990കളില്‍ ആരംഭിച്ച പഠനങ്ങള്‍ സൂപ്പര്‍നോവാ സ്ഫോടനഫലമായുണ്ടാകുന്ന പ്രകാശകിരണങ്ങളുടെ റെസഷനല്‍ വെലോസിറ്റി നിരീക്ഷിച്ചായിരുന്നു നടത്തിയിരുന്നത്. തുടര്‍ന്ന് COBE, WMAP ഉപഗ്രഹങ്ങള്‍ നിലവില്‍വന്നതോടെ കുറെക്കൂടി കൃത്യമായ പഠനഫലങ്ങള്‍ പുറത്തുവന്നു. ഈ പഠനത്തില്‍നിന്ന് നക്ഷത്രസമൂഹങ്ങളുടെ പലായനവേഗത അവയുടെ ദൂരത്തിന് നേര്‍ അനുപാതത്തിലാണെന്നും പ്രപഞ്ചം ഏറക്കുറെ പരന്നതാണെന്നും വ്യക്തമായി. ഗുരുത്വാകര്‍ഷണത്തിനു വിപരീതമായി പ്രവര്‍ത്തിക്കുന്നതും സുതാര്യവും പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നതുമായ ശ്യാമ ഊര്‍ജമെന്ന പ്രതിഭാസമാണ് ഇവക്കെല്ലാം കാരണമാകുന്നത്.
ക്വാണ്ടം ബലതന്ത്രത്തിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഫീല്‍ഡിലെ എല്ലാ വികിരണങ്ങളെയും കണികകളെയും നീക്കംചെയ്താലും ഊര്‍ജത്തിന്‍െറ ഒരു രൂപം അവശേഷിക്കും. നമുക്കതിനെ വാക്വം എനര്‍ജി എന്നു വിളിക്കാം. താരതമ്യേന അലസമായ വാക്വം എനര്‍ജിയുടെ സാന്ദ്രത പ്രപഞ്ചത്തിന്‍െറ ഏതു കോണിലും തുല്യമായിരിക്കും. ദ്രവ്യസൃഷ്ടിയിലും അവയുടെ രൂപാന്തരീകരണത്തിലും ഇത് ഇടപെടുന്നില്ല. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് വാക്വം എനര്‍ജിയും വര്‍ധിക്കുകയും വികാസത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. പ്രപഞ്ചം വികസിക്കുന്നു എന്നു പറഞ്ഞാല്‍ കൂടുതല്‍ സ്ഥലം (Space) സൃഷ്ടിക്കപ്പെടുന്നു എന്നാണര്‍ഥം.  അതോടൊപ്പം കൂടുതല്‍ കൂടുതല്‍ ഊര്‍ജവും. 600 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ഈ ത്വരിത വികാസം ഓരോ ആയിരം കോടി വര്‍ഷം കഴിയുമ്പോഴേക്കും മുമ്പുണ്ടായിരുന്നതിന്‍െറ ഇരട്ടിയാകുന്ന തരത്തിലാണ് പ്രപഞ്ചത്തെ വലിച്ചുനീട്ടുന്നത്.
ഡാര്‍ക് എനര്‍ജിയെക്കുറിച്ചുള്ള പുതിയ കണ്ടത്തെലുകള്‍ ശാസ്ത്രലോകം അദ്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. പ്രപഞ്ചത്തിന്‍െറ ഭാവിയെക്കുറിച്ചുണ്ടായിരുന്ന പരമ്പരാഗത ന്യൂട്ടോണിയന്‍ സങ്കല്‍പം കാലഹരണപ്പെടുകയാണ്. പ്രപഞ്ചത്തിന്‍െറ ഭാവി തീരുമാനിക്കുന്നത് ദ്രവ്യമോ അതിന്‍െറ ഗുരുത്വബലമോ അല്ല. ഡാര്‍ക് എനര്‍ജി മാത്രമായിരിക്കും! പ്രതിഭാശാലിയായ ഐന്‍സ്റ്റൈന്‍ പ്രവചിച്ചതുപോലെയുള്ള ഒരു പ്രാപഞ്ചിക സ്ഥിരാങ്കത്തിന് ശ്യാമ ഊര്‍ജം കാരണമാകുന്നുണ്ടെങ്കില്‍ അതിനര്‍ഥം പ്രപഞ്ചവികാസം ഒരിക്കലും അവസാനിക്കില്ല എന്നുതന്നെയാണ്! നാമിന്നു കാണുന്ന നക്ഷത്രസമൂഹങ്ങളെല്ലാം നേര്‍ത്തുനേര്‍ത്ത് അപ്രത്യക്ഷമാകും. തമോഗര്‍ത്തങ്ങള്‍ ബാഷ്പീകരിക്കപ്പെടും. ഒടുവില്‍ വികിരണങ്ങള്‍ മാത്രമുള്ള ഒരു വെളിമ്പ്രദേശമായി പ്രപഞ്ചം മാറും. പ്രപഞ്ചോല്‍പത്തി പോലെയൊരു വൈചിത്ര്യബിന്ദുവിലേക്ക് (Point of Singularity) ഇനിയൊരു തിരിച്ചുപോക്കുണ്ടാവില്ല.
‘അനന്തമജ്ഞാതമവര്‍ണനീയം’തന്നെ ഈ മഹാപ്രപഞ്ചം. അതിന്‍െറ രഹസ്യങ്ങള്‍ തേടിയുള്ള മനുഷ്യന്‍െറ യാത്രക്കും അവസാനമില്ല.
കടപ്പാട്:മാധ്യമം ദിനപത്രം 
പ്രപഞ്ചവികാസം ഒരിക്കലും നിലക്കില്ല! പ്രപഞ്ചവികാസം ഒരിക്കലും നിലക്കില്ല! Reviewed by Mash on 09:38 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.