ജനിതകവൈവിധ്യവും പരിസ്‌ഥിതി സന്തുലിതാവസ്‌ഥയുംകൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ രജതജൂബിലി വര്‍ഷമാണ് 2009. അഞ്ചുകോടി വര്‍ഷമായി മനുഷ്യസ്‌പര്‍ശമേല്‍ക്കാതെ കിടന്ന ഈ ജീന്‍കലവറയെ വികസനത്തിന്റെ പേരുപറഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചതിനെ പ്രകൃതിസ്‌നേഹികള്‍ ഒന്നിച്ച് ചെറുത്തുതോല്‌പിച്ചതിന്റെ 25-ാം വര്‍ഷം കൂടിയാണിത്.
|
|
നീലഗിരിയുടെ തെക്കുപടിഞ്ഞാറെ മൂലയിലെ സിസ്‌പാറ, അങ്കിണ്ട കൊടുമുടികളില്‍ നിന്നൊലിച്ചിറങ്ങുന്ന നൂറുകണക്കിന് അരുവികള്‍ ചേര്‍ന്നാണ് കുന്തിപ്പുഴ രൂപംകൊള്ളുന്നത്. സൈലന്റ് വാലിയിലെ ജൈവവൈവിധ്യം നിലനിര്‍ത്തുന്ന പ്രധാന കണ്ണി കുന്തിപ്പുഴയാണ്. കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുതി ഉല്‌പാദിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതോടുകൂടി പ്രകൃതിസ്‌നേഹികള്‍ ഈ പദ്ധതിക്കെതിരെ രംഗത്തെത്തി. 400 മീറ്റര്‍ നീളവും 130 മീറ്റര്‍ ഉയരവുമുള്ള ആര്‍ച്ച് ഡാമാണ് ഇവിടെ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. 240 മെഗാവാട്ട് സ്‌ഥാപിതശേഷിയുള്ള പദ്ധതിയുടെ ചെലവ് 120 കോടി രൂപയായിരുന്നു. കുന്തിപ്പുഴ മണ്ണാര്‍കാട് സമതലത്തില്‍ പതിക്കുന്നതിന് ഏതാനും മീറ്റര്‍ മുകളില്‍ ഉയരുന്ന അണക്കെട്ടില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ 8.30 ച.കി.മീ. വനം മുങ്ങിപ്പോകും എന്നതായിരുന്നു പ്രശ്‌നം. സൈലന്റ് വാലിയുടെ പത്തുശതമാനമെ വരികയുള്ളൂ ഇതെങ്കിലും ലോകത്ത് മറ്റെങ്ങുമില്ലാത്ത ജൈവവൈവിധ്യം ഏറെയുള്ള നദീതീരക്കാടുകളാണ് ഇതിനോടൊപ്പം മുങ്ങിപ്പോവുക.
വനരോദനംസൈലന്റ്വാലിയുടെ പാരിസ്‌ഥിതികപ്രാധാന്യം തിരിച്ചറിഞ്ഞ പ്രകൃതിസ്‌നേഹികള്‍ ഇതോടുകൂടി രംഗത്തെത്തി. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്, കേരള നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും സൈലന്റ്‌വാലി സംരക്ഷണ സമിതികള്‍, പയ്യന്നൂരിലെ സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ ഇന്‍ കേരള (സീക്ക്), ഫ്രണ്ട്‌സ് ഓഫ് ട്രീസ് തുടങ്ങിയ സന്നദ്ധസംഘടനകളും സാലിം അലി, സഫര്‍ ഫത്തേ ഹള്ളി, റൊമുലസ് വിറ്റാകന്‍ തുടങ്ങിയ പ്രകൃതിശാസ്‌ത്രജ്‌ഞരും സാംസ്‌കാരികനായകരും സൈലന്റ്‌വാലി സംരക്ഷണത്തിനായി രംഗത്തുവന്നു.
ഈ സമയത്തുതന്നെ ഇവിടെ വന്‍തോതില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അക്കാലത്ത് പ്രസിദ്ധ കവയിത്രി സുഗതകുമാരി ടീച്ചര്‍ വനരോദനം എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതി. 'ഞാനിതെഴുതുമ്പോഴേക്ക് നിശ്ശബ്‌ദ താഴ്‌വര വീണ്ടും ശബ്‌ദായമാനമായിക്കഴിഞ്ഞിരിക്കും. ആഞ്ഞാഞ്ഞുപതിക്കുന്ന മഴുവിന്റെ ശബ്‌ദം, കടപൊട്ടി ആര്‍ത്തലച്ചു നിലംപതിക്കുന്ന മഹാവൃക്ഷങ്ങളുടെ മഹാരവം, പേടിച്ചു ചിറകടിച്ചു പറന്നകലുന്ന പറവകളുടെ ദീനശബ്‌ദം, ഇടയ്‌ക്കിടെ അന്തരീക്ഷം ഭേദിച്ചുയരുന്ന വെടിയൊച്ചകള്‍, വെട്ടിയും കൊന്നും തകര്‍ത്തും മുന്നേറുന്ന മനുഷ്യരുടെ വിജയാട്ടഹാസങ്ങള്‍, കാടും മേടും കടിച്ചുപൊട്ടിച്ചു തിന്നൊടുക്കുന്ന അഗ്നിയുടെ കടകട ശബ്‌ദം, നിഷ്‌കളങ്കമായ മിഴികളില്‍ പ്രാണഭീതി നിറഞ്ഞ് ഓടിയകലാന്‍ ശ്രമിച്ചും വീണുചത്തും ഒടുങ്ങുന്ന കാട്ടുമൃഗങ്ങളുടെ ദീനരോദനങ്ങള്‍. ഇവയ്‌ക്കെല്ലാം സ്‌ഥിരമായ പശ്‌ചാത്തലനാദമായി ആഞ്ഞാഞ്ഞുപതിച്ചുകൊണ്ടിരിക്കുന്ന മഴുവിന്റെ ശബ്‌ദവും...' സുഗതകുമാരി, ഒ.എന്‍.വി, അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, കടമ്മനിട്ട എന്നിവരുടെ പ്രധാനപ്പെട്ട പരിസ്‌ഥിതി കവിതകള്‍ പുറത്തുവരുന്നത് ഈ സമയത്താണ്. സുഗതകുമാരിയുടെ മരത്തിന് സ്‌തുതി, അയ്യപ്പപ്പണിക്കരുടെ കാടെവിടെ മക്കളേകടമ്മ നിട്ടയുടെ കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്.എന്നീ കവിതകള്‍ കേരളമെങ്ങും ഏറ്റുചൊല്ലി. തെക്കേയിന്ത്യയില്‍ അവശേഷിച്ച ഏറ്റവും വിലപ്പെട്ട വനമേഖല സംരക്ഷിക്കാനുള്ള ജനകീയപ്പോരാട്ടത്തിന്റെ ആവേശം ഇവിടത്തെ ഓരോ മണ്‍തരിയും ഏറ്റുവാങ്ങി.
ദേശീയോദ്യാനമാകുന്നുബഹുജനാഭിപ്രായം ശാന്തമായതോടെ പദ്ധതിയുടെ വരുംവരായ്‌കകളെക്കുറിച്ചന്വേഷിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് പ്രൊഫ. എം.ജി.കെ. മേനോന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചു. സമിതിയുടെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട് ഇടപെട്ട് പദ്ധതി മാറ്റിവച്ചു. 1980ല്‍ പദ്ധതിയേതര വനങ്ങളെ ദേശീയോദ്യാനമാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. 1985 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കേന്ദ്രസര്‍ക്കാര്‍ സൈലന്റ്‌വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു.
മഴനനവാര്‍ന്ന തണുത്ത പച്ചപ്പ്സൈലന്റ്വാലി ദേശീയോദ്യാനം നിലവില്‍വന്നശേഷം സുഗതകുമാരി ടീച്ചര്‍ എഴുതി:
''ഇരുണ്ടുപച്ചിച്ച് സൗഭാഗ്യം തുളുമ്പുന്ന മുഖവുമായി സൈലന്റ് വാലി സൂര്യനെ നോക്കി കിടന്നു. കരിമ്പാറക്കൂട്ടത്തിലൂടെ താഴേക്ക് നിലാവുപോലെ കുന്തിപ്പുഴ പതഞ്ഞൊഴുകി. മേഘങ്ങളുമായി കൈകോര്‍ക്കുന്ന മഹാവൃക്ഷങ്ങള്‍ ഏതോ ഓര്‍മ്മയില്‍ മുഴുകിനിന്നു. അവയൊന്നിന്റെ മാറില്‍ ചേര്‍ന്ന് ഏതോ കാട്ടുകിളി നിര്‍ത്താതെ ചൂളംവിളിച്ചുകൊണ്ടിരുന്നു. സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി ഔപചാരികമായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു (ഇതിനെ നാശത്തില്‍നിന്ന് കൈനല്‍കി കരകയറ്റിയ പ്രിയദര്‍ശനമായ ഒരു രൂപം അദൃശ്യമായി അരികില്‍ത്തന്നെ നില്‍ക്കുന്നുണ്ടാവും.) ദൂരെ ദൂരെയിരുന്ന് നിറഞ്ഞ കണ്ണുകളോടെ ആ രംഗം വീക്ഷിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ തിരിഞ്ഞ് എന്നോട് ചോദിച്ചു: ഇവിടെ കാടേയില്ലെന്നല്ലേ അന്ന് അവരൊക്കെ പറഞ്ഞത്!അതെ സുഹൃത്തേ, ഈ പച്ചക്കാടിന്റെ ഇരുണ്ട വക്ഷസുപിളര്‍ന്ന് കൂറ്റന്‍ കോണ്‍ക്രീറ്റ് അണക്കെട്ട് ഉയരുമായിരുന്നു. ഇടുക്കിപോലെ വെട്ടിത്തുലയ്‌ക്കപ്പെട്ട് മണ്ണൊലിപ്പും ഉരുള്‍പൊട്ടലും അല്‌പായുസായിക്കൊണ്ടിരിക്കുന്ന അണക്കെട്ടും വന്ധ്യമായിത്തീരുന്ന കൃഷിസ്‌ഥലങ്ങളും പെട്ടെന്നു പണമുണ്ടാക്കിയ ഒരുപിടിസമര്‍ത്ഥന്മാരുടെ പുച്‌ഛച്ചിരിയും അറുംകൊല ചെയ്യപ്പെട്ട ജീവകോടികളുടെ കൊടുംശാപവുമായി ഇവിടം മാറിപ്പോയേനെ. ഓളങ്ങളിലേക്ക് തിരക്കിയിറങ്ങി മിനുത്തുലാവുന്ന പന്നല്‍ച്ചെടികളെയും ഉരുളന്‍കല്ലുകളെയും തഴുകിയൊഴുകുന്ന കുന്തിപ്പുഴ ഇവിടെ ചങ്ങലയ്‌ക്കിട്ട കാട്ടുപിടിയാനയെപ്പോലെ കിടന്നു തലതല്ലി മെലിഞ്ഞു നശിച്ചേനെ. എല്ലാവരുമെല്ലാവരും ആരെച്ചൂണ്ടി ഉറക്കെപൊട്ടിച്ചിരിച്ചു നിന്ദിച്ചുവോ ആ ഒടുവിലത്തെ സിംഹവാലന്മാര്‍ പുതിയ റോഡുകളുടെ വൈദ്യുതിക്കാലുകളിലെങ്ങാനും ചത്തുതൂങ്ങി അവസാനിച്ചേനെ. ലോറികളുടെയും യന്ത്രങ്ങളുടെയും മനുഷ്യരുടെയും ഇരമ്പല്‍കൊണ്ട് ഈ നിശ്ശബ്‌ദത മുഖരിതമായേനെ. ഇതാ ഈ പാടിയ കാട്ടുകിളി എന്നേ ആരുടെയോ തോക്കിനിരയായേനെ. ഈ കാറ്റിനുപോലും തീ പിടിച്ചേനെ.എന്ന് കൈയുയര്‍ത്തി വിലക്കിയവര്‍ക്കും ഈ കിളിയെപ്പോലെ ഇതിനെ വാഴ്‌ത്തി പാടിപ്പാടി നടന്നവര്‍ക്കും ഇതിനെയോര്‍ത്ത് ഏറെ രാവുകളില്‍ ഉറക്കംവരാതെ ഉഴന്നവര്‍ക്കും - ഈ പ്രശാന്തിയെ സ്‌നേഹിച്ചുപോയ എല്ലാവര്‍ക്കുമെല്ലാവര്‍ക്കും മനസ്സിനുള്ളില്‍ ഒരിത്തിരി മഴനനവും ഒരു ശകലം വാടാത്ത തണുത്ത പച്ചപ്പും ബാക്കി - അതിനു നന്ദി...''
സൈലന്റ് വാലിയായി മാറിയ സൈരന്ധ്രിവനംചീവീടുകളുടെ ശബ്‌ദമില്ലാത്ത ഈ കാട്ടുപ്രദേശത്തിന് സൈലന്റ് വാലി എന്നുപേരു നല്‍കിയത് ബ്രിട്ടീഷുകാരാണ്. പശ്‌ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരുവില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍പ്പെട്ട പ്രദേശങ്ങളാണ് സൈലന്റ് വാലി ദേശീയോദ്യാനമായി ഇപ്പോള്‍ സംരക്ഷി ക്കപ്പെട്ടുപോരുന്നത്.
സൈലന്റ് വാലിയിലെ ജൈവവൈവിധ്യം |
|
വൈവിധ്യമാര്‍ന്ന ജന്തുസമ്പത്തുകൊണ്ട് അനുഗൃഹീതമാണ് സൈലന്റ് വാലി. വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളുടെ പ്രധാന താവളമാണിത്. ഈയിനം കുരങ്ങുകള്‍ ഭൂമിയിലുള്ളതിന്റെ പകുതിയും പാര്‍ക്കുന്നത് സൈലന്റ് വാലിയിലാണ്.സിംഹവാലനെക്കൂടാതെ നാടന്‍ കുരങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുനായ്, അളുങ്ക്, മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി അപൂര്‍വ ജീവികളെയും അവിടെക്കാണാം.315 ഇനം ജീവികളെ സൈ ലന്റ് വാലിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 34 ഇനങ്ങള്‍ സസ്‌തനികളാണ്. ഇരുനൂറോളം വര്‍ഗത്തിലുള്ള പക്ഷികളെ കണ്ടെത്തിയതില്‍ 14 എണ്ണവും പശ്‌ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്.റിപ്ലിമൂങ്ങ, വിവിധയിനം വേഴാമ്പലുകള്‍ എന്നിവയും ഇവിടെ അധിവസിക്കുന്നു. രാജവെമ്പാലയും പറക്കുംപാമ്പുമുള്‍പ്പെടെ അമ്പതോളം ഇനം പാമ്പുകളുണ്ട്. മറ്റെങ്ങും കാണാത്തവയുള്‍പ്പെടെ 25ഓളം ഇനം തവളകളെയും സൈലന്റ്‌വാലിയില്‍ കണ്ടെത്തിയിട്ടുണ്ട്. നൂറിലധികം ഇനം ചിത്രശലഭങ്ങളും 225ഓളം ഇനത്തില്‍പ്പെട്ട ഷഡ്‌പദങ്ങളും ഇവിടെ അധിവസിക്കുന്നു.വിശാലമായ പുല്‍മേടുകളാണ് സൈലന്റ് വാലിയുടെ ഒരു പ്രത്യേകത. ഒരു
ഹെക്‌ടര്‍ മുതല്‍ 200 ഹെക്‌ടര്‍ വരെ വിസ്‌തീര്‍ണ്ണമുള്ള പുല്‍മേടുകള്‍ ഇവിടെയുണ്ട്. ആനപ്പുല്ല് നിറഞ്ഞിരിക്കുന്ന ഈ മേടുകളില്‍ അങ്ങിങ്ങായി നെല്ലി, ഈട്ടി, ഈന്ത്, പൂവരശ്, പേഴ് തുടങ്ങിയ മരങ്ങളും കാണാം. പുല്‍മേടുകളില്‍ വളരുന്ന ഇത്തരം മരങ്ങള്‍ക്ക് കാട്ടുതീയെ വെല്ലാനുള്ള കഴിവുണ്ട്. രണ്ടായിരത്തിലധികം സസ്യയിനങ്ങള്‍ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളില്‍ വളരുന്നുണ്ട് എന്നാണ് കണക്ക്. വംശനാശത്തിന്റെ വക്കിലെത്തിയ 60 ഇനം സസ്യങ്ങ ളും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. ഒരേക്കറില്‍ 84 സസ്യയിനങ്ങള്‍ വളരുന്നു എന്നാണ് കണക്ക്. സമൃദ്ധമായൊരു ജീന്‍ കലവറ കൂടിയാണിത്.സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കപ്പെട്ടുവെങ്കിലും ദേശീയോദ്യാനത്തിന്റെ ഭാഗമായ നീലിക്കന്‍ മേഖലയ്‌ക്കടുത്താണ് ഇപ്പോള്‍ ഭരണാനുമതി നല്‍കിയിരിക്കുന്ന എഴുപത് മെഗാവാട്ട് ഉല്‌പാദനശേഷിയോടെയുള്ള പാത്രക്കടവ് പദ്ധതി.
|
|
ഭാരതപ്പുഴ മരിക്കാത്തത് സൈലന്റ് വാലിക്ക് പരിക്കേല്‍ക്കാത്തതുകൊണ്ടു മാത്രമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. സൈലന്റ് വാലി ഇക്കോ വ്യൂഹത്തില്‍പ്പെട്ടതാണ് പാത്രക്കടവ് മേഖലയും. പാത്രക്കടവ് നടപ്പിലായാല്‍ ജൈവവൈവിധ്യം നിറഞ്ഞ സൈലന്റ് വാലി മഴക്കാടുകളില്‍ ഒരു ഭാഗം വെള്ളത്തിനടിയിലാകും.
No comments: