Search Here

Saturday, 16 July 2011

ബ്ലോഗില്‍ ഹരിശ്രീ കുറിക്കാം

ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അച്ചടി മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു കഴിഞ്ഞിരിക്കുന്നു. ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ, അറിവുകളെ പകര്‍ത്തിവയ്ക്കുവാനുള്ള, അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്. ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി, മിനി വെബ് സൈറ്റ് എന്നൊക്കെ അറിയപ്പെടുന്ന ബ്ലോഗിനെ കുറിച്ചു കൂടുതലറിയാനും, എങ്ങിനെ ബ്ലോഗ് തുടങ്ങാമെന്നുമുള്ള ഒരു വിശദീകരണം നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു. തികച്ചും ആധികാരികമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും, ഇതുമായി ബന്ധപ്പെട്ട, എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ....
നിങ്ങളുടെ കൊച്ചു കുട്ടുകാരന്‍ കണ്ണന്‍ 

Wednesday, 11 May 2011

കുടുംബം കുഞ്ഞിന്റെ അവകാശം - 6

നീളുന്ന നീതി നീതിനിഷേധം


അനാഥത്വം അനുഭവിക്കുന്ന കുട്ടികള്‍ക്കും കുട്ടിയെ പ്രതീക്ഷിച്ചുകഴിയുന്ന രക്ഷിതാക്കള്‍ക്കും ഒരു നിയോഗംപോലെ അനുഭവിക്കേണ്ടിവരുന്ന നീണ്ട കോടതിവാസം രണ്ടുകൂട്ടരെയും തളര്‍ത്തുന്നു. കുട്ടികളുടെ സുരക്ഷിതവാസം നീണ്ടുപോകുന്നതിനു പുറമെ, കനത്ത മാനസിക സമ്മര്‍ദവും ഇതുണ്ടാക്കുന്നു


ദത്തെടുക്കല്‍ സംബന്ധിച്ച നിയമങ്ങളെല്ലാംതന്നെ കുട്ടിയുടെ ക്ഷേമവും സുരക്ഷിതത്വവും ലക്ഷ്യമാക്കിയുള്ളതാണ്. അവ തികച്ചും സോദ്ദേശ്യവുമാണ്. എന്നാല്‍, അവയുടെ പ്രയോഗത്തില്‍വരുന്ന പ്രശ്‌നങ്ങള്‍ ചില കുട്ടികളുടെ അവകാശങ്ങളെയെങ്കിലും ഹനിക്കുന്നു. ഇത്തരം കുട്ടികള്‍ നേരിടുന്ന നേരിയ അവകാശനിഷേധത്തെപ്പോലും ഗൗരവമായേ കാണാനാവൂ. 'വൈകിക്കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെ'ന്ന നിര്‍വചനം ഇവരുടെ കാര്യത്തിലെങ്കിലും അക്ഷരാര്‍ഥത്തില്‍ ചേരുന്നുണ്ട്. ഓരോ കുട്ടിക്കും എത്രയും നേരത്തെ ഒരു വീട്ടില്‍ ജീവിക്കാനുള്ള അവകാശം ബാലനീതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 1989 നവംബര്‍ 20ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ചതും 1992 ല്‍ ഇന്ത്യകൂടി പങ്കാളിയായതുമായ 'കുട്ടികളുടെ അവകാശ ഉടമ്പടി' പ്രകാരം 'കുട്ടിയുടെ സമ്പൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ വ്യക്തിത്വവികസനത്തിന് കുട്ടി സന്തോഷവും സ്നേഹവും പരസ്​പരധാരണയും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരണമെന്ന്' അംഗീകരിക്കപ്പെട്ടിരിക്കുന്നു.

കേരളത്തെ സംബന്ധിച്ച് ദത്തെടുക്കലിന്റെ നടപടിക്രമങ്ങളില്‍വരുന്ന കാലതാമസം കുട്ടികള്‍ക്ക് അവരുടെ ബാല്യംതന്നെ നഷ്ടപ്പെടുത്തുകയാണ്. മുന്‍പ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് ദത്ത് നല്‍കാനുള്ള അധികാരമുണ്ടായിരുന്നെങ്കില്‍, പില്‍ക്കാല നിയമത്തില്‍ ആ അധികാരം കോടതികള്‍ക്ക് കൈവന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ 'കോടതി' എന്നുമാത്രം പരാമര്‍ശിച്ചിരുന്നത് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി.ബസന്ത് തന്റെ ഉത്തരവിലൂടെ അത് 'ജില്ലാ കോടതികള്‍' എന്ന് വ്യക്തമായി നിര്‍വചിച്ചു. അതോടെ ദത്തെടുക്കലിന് അനുമതി നലേ്കണ്ട കടമ ജില്ലാ കോടതികള്‍ക്കായി. ആദ്യനിയമത്തിലായാലും നിയമത്തിന്റെ പുനര്‍നിര്‍വചനത്തിലായാലും എടുത്തുപറയുന്ന ഒരുകാര്യം, നടപടിക്രമങ്ങളെല്ലാം ഒരുമിച്ചു തുടങ്ങണമെന്നും രണ്ടുമാസത്തിനകം ദത്തെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നുമാണ്. ലക്ഷ്മീകാന്ത് പാണ്ഡെയും കേന്ദ്രസര്‍ക്കാറുമായി നടന്ന സുപ്രസിദ്ധ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പരമ്പരകളില്‍ ഇത് വ്യക്തവുമാണ്. കുട്ടിക്ക് എത്രയുംവേഗം കുടുംബാന്തരീക്ഷത്തില്‍ അഭയം ലഭിക്കുകയാണ് ഇതിന്റെയൊക്കെ ലക്ഷ്യവും.

എന്നാല്‍, ഇതിനു വിരുദ്ധമായാണ് കേരളത്തിലെ പല കോടതികളിലും നടക്കുന്നത്. കുട്ടിയെ നിയമപരമായി സാധുവാക്കി, കുടുംബ പഠന റിപ്പോര്‍ട്ടും മറ്റു രേഖകളും ചേര്‍ത്താണ് കോടതിയെ സമീപിക്കുന്നതെങ്കിലും ഭൂരിപക്ഷം കേസുകളും തീരുമാനമാകാതെ നീളുകയാണ്. കേസ് ഫയലില്‍ സ്വീകരിച്ച്, ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയച്ച് വളരെവേഗം തീരുമാനമെടുക്കാവുന്ന ഒന്നാണ് ദത്തപേക്ഷകളെങ്കിലും കോടതിയുടെ ചുവപ്പുനാടയില്‍പ്പെട്ട് തീരുമാനം നീളുന്നു.കേസ് വിളിച്ചും മാറ്റിവെച്ചും രണ്ടു വര്‍ഷത്തിലേറെ നീളുന്ന സംഭവങ്ങള്‍ എത്രയെങ്കിലുമുണ്ട്. (പട്ടിക കാണുക). അനാഥത്വം അനുഭവിക്കുന്ന കുട്ടികള്‍ക്കും കുട്ടിയെ പ്രതീക്ഷിച്ചു കഴിയുന്ന രക്ഷിതാക്കള്‍ക്കും ഒരു നിയോഗംപോലെ അനുഭവിക്കേണ്ടിവരുന്ന നീണ്ട കോടതിവാസം ഇരുവരെയും തളര്‍ത്തുന്നു. കുട്ടികളുടെ സുരക്ഷിതവാസം നീളുന്നതിനു പുറമെ, കനത്ത മാനസിക സമ്മര്‍ദവും ഇതുണ്ടാക്കുന്നു. ഈ വിധ കേസുകള്‍ ജില്ലാ കോടതികളില്‍ നിന്നും കുടുംബകോടതികളിലേക്ക് മാറ്റി കാലതാമസം ഒഴിവാക്കണമെന്ന നിര്‍ദേശവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഏതായാലും, അടിയന്തരമായ ഒരു മാനുഷിക പരിഗണന ഇക്കാര്യത്തില്‍ വേണ്ടതാണ് -സാമൂഹികക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.കെ. മണി അടിവരയിടുന്നു.

ദത്തെടുക്കല്‍ നിയമങ്ങള്‍


1956 ലെ ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട്, 1890 ലെ ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്‌സ് ആക്ട്, 2000 ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും പരിരക്ഷയും) ആക്ട്, 2006 ലെ ജെ.ജെ. അമന്‍ഡ്‌മെന്റ് ആക്ട്, 'കാര'യുടെ കാലാകാലങ്ങളിലുള്ള മാര്‍ഗരേഖകള്‍, രാജ്യത്തിനകത്ത് ദത്തെടുക്കലിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയമാവലികള്‍, രാജ്യാന്തര ദത്തെടുക്കല്‍ നിയമങ്ങള്‍, വിവരാവകാശ നിയമം-ദത്തെടുക്കല്‍ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ ഇവയാണ്. എന്നാല്‍, സമീപഭാവിയില്‍ത്തന്നെ പുതിയ മാര്‍ഗരേഖകള്‍ പ്രാബല്യത്തില്‍ വരും. അതിന്റെ കരടുരൂപം അഭിപ്രായസമാഹരണത്തിനായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വന്ന ജെ.ജെ. നിയമഭേദഗതിയുടെ കൂടി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുതിയ മാര്‍ഗരേഖയനുസരിച്ച് രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കലുകള്‍ക്ക് ഏക നിയമം അനുശാസിക്കുന്നു. മറ്റൊന്ന്, ദത്തെടുക്കുന്ന കുട്ടിയെ നിര്‍ബന്ധമായും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി നിയമസര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന വ്യവസ്ഥയാണ്. കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പാക്കുന്ന 'സമഗ്ര ശിശുസംരക്ഷണ പദ്ധതി'യും പ്രസക്തമാണ്.



ഹിന്ദു, സിഖ്, ജൈന, ബുദ്ധമത വിശ്വാസികള്‍ക്കും ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ക്കും ബാധകമായ 'ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട്' സാര്‍വത്രികമായി സ്വീകരിക്കപ്പെട്ട ഒന്നാണ്. ഇത് കുട്ടികളുടെ അവകാശസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുന്ന ഒന്നാണ്. അതേസമയം, അന്യസമുദായക്കാര്‍ സ്വീകരിച്ചുവന്ന 'ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്‌സ് ആക്ടി'ല്‍ താല്‍ക്കാലിക രക്ഷാകര്‍ത്താവിന്റെ സ്ഥാനമേ ദത്തെടുക്കുന്നയാള്‍ക്കുള്ളൂ. മുന്‍നിയമത്തില്‍ നിന്നും വ്യത്യസ്തമായി സഹജമായ പിന്തുടര്‍ച്ചാവകാശവും സ്വത്തും കുട്ടിക്ക് ലഭിക്കുക എളുപ്പമല്ല. ഏറ്റവും പുതിയതും ശിശുക്ഷേമകരവുമായ 'ജെ.ജെ. ആക്ടാ'ണ് ഇപ്പോള്‍ സ്വീകാര്യമായത്. നിയമത്തിലെ 41-ാം വകുപ്പ് പ്രകാരം ജാതിമതവര്‍ഗഭേദമെന്യേ ആര്‍ക്കും നിയമവിധേയമായി ദത്തെടുക്കാം. പിന്നീട് ആ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ രക്ഷിതാക്കള്‍ക്കാവില്ല. കുഞ്ഞിന് സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശവും ഈ നിയമം ഉറപ്പുനല്‍കുന്നു.

സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി, സംസ്ഥാന ദത്തെടുക്കല്‍ ഉപദേശക സമിതി, സാമൂഹികക്ഷേമ വകുപ്പിലെ അഡോപ്ഷന്‍ സെല്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വൊളന്ററി കോ-ഓര്‍ഡിനേറ്റിങ് ഏജന്‍സി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍, അഡോപ്ഷന്‍ കോ-ഓര്‍ഡിനേറ്റിങ് ഏജന്‍സി തുടങ്ങിയ സംരംഭങ്ങള്‍ കേരളത്തിലെ ദത്തെടുക്കല്‍ നിയമങ്ങള്‍ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും പ്രവര്‍ത്തിച്ചുവരുന്നു. ദത്ത് നല്കുന്നതിന് മുന്നോടിയായും അല്ലാതെയും കുട്ടിയെ ദമ്പതികള്‍ക്ക് തല്ക്കാലം കൈമാറുന്ന 'ഫോസ്റ്റര്‍ കെയറി'നുമുണ്ട് നിയമാവലികള്‍. 'കാര'യുടെ മാര്‍ഗനിര്‍ദേശമനുസരിച്ചേ ഫൗണ്ട്‌ലിങ് ഹോം, ചില്‍ഡ്രന്‍സ് ഹോം എന്നിവയ്ക്ക് അഡോപ്ഷന്‍ ലൈസന്‍സ് നല്കാനാവൂ. രാജ്യാന്തര ദത്ത് നല്കലാവുമ്പോള്‍ നിയമം കുറേക്കൂടി കര്‍ശനമാവും. ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്ന വിവിധതരത്തിലുള്ള കുട്ടികള്‍ക്ക് ദത്തെടുക്കല്‍ നിയമാനുമതി നേടുന്നതിനും വ്യക്തമായ നിയമങ്ങളുണ്ട്.

അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ കുറയുന്നതും അനാഥശിശുക്കള്‍ അനര്‍ഹരുടെ കൈകളില്‍ എത്തിപ്പെടുന്നതും തടയാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉഷാ ടൈറ്റസ്, കെ.കെ. മണി, സുബൈര്‍ അരിക്കുളം, പി. കൃഷ്ണന്‍, മീനാ കുരുവിള, അഡ്വ. ടി.ജെ. വര്‍ക്കി, കെ.രാജന്‍, സിസ്റ്റര്‍ ജെയിന്‍, സിസ്റ്റര്‍ മാര്‍ട്ടിന, സിസ്റ്റര്‍ റോസ്‌മേരി എന്നിവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം-

1. അനാഥാലയങ്ങളിലെ തികച്ചും അനാഥരായ കുട്ടികളെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറുംവിധം നിയമം പരിഷ്‌കരിക്കുക.

2. അനധികൃത ശിശു കൈമാറ്റ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുക.

3. അനാഥ ശിശുക്കളെ നിയമത്തിന്റെ കുരുക്കുകളില്‍നിന്ന് മോചിപ്പിക്കുക.

4. മാനസികരോഗികളായ അമ്മമാരുടെ മക്കള്‍ക്ക് ദത്തുനല്കല്‍ സാധ്യമാക്കുംവിധം നിയമനിര്‍മാണം നടത്തുക.

5. കുട്ടിയുടെ ക്ഷേമത്തില്‍ ശ്രദ്ധിച്ചുകൊണ്ടുതന്നെ ദത്തെടുക്കല്‍ നിയമത്തിലെ സങ്കീര്‍ണതകള്‍ ലഘൂകരിക്കുക.

6. ദത്തെടുക്കലിന് സജ്ജരായ കുട്ടികളുടെ രാജ്യാന്തര പട്ടിക തയ്യാറാക്കുകയും അവരെ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക.

7. വികലാംഗരും മറ്റു വൈകല്യങ്ങളുള്ളവരുമായ അനാഥശിശുക്കളെ ദത്തെടുക്കാന്‍ രക്ഷിതാക്കളെ ബോധവത്കരിക്കുക.

8. അനാഥശിശുക്കളുടെ ജനനസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച

കാലതാമസം ഒഴിവാക്കുക.

9. രക്ഷിതാക്കളെ യൗവനത്തില്‍ത്തന്നെ ദത്തെടുക്കാന്‍ ഉപദേശിക്കുക.

10. ഒരു കേന്ദ്രത്തില്‍ ആറുമാസം നിന്നിട്ടും ദത്തെടുക്കപ്പെടാതെവരുന്ന കുട്ടികളെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റുക.

11. അനാഥാലയങ്ങളുടെയും ഫൗണ്ട്‌ലിങ് ഹോമുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ഇവിടങ്ങളില്‍ കുട്ടികളെ പാര്‍പ്പിക്കാന്‍ ലൈസന്‍സ് പുതുക്കി നല്കാതിരിക്കുക.

12. ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ കാര്യത്തില്‍ 'കിന്‍ഷിപ്പ് ഗാര്‍ഡിയന്‍ഷിപ്പ്' നിര്‍ബന്ധമാക്കുക.

13. അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് ദത്തുനല്കിയ കുട്ടികളുടെ ശരിയായ തുടര്‍നിരീക്ഷണം (ഫോളോഅപ്) ഏജന്‍സികള്‍ നടത്തുന്നുണ്ട് എന്നുറപ്പാക്കുക.

കുടുംബം കുഞ്ഞിന്റെ അവകാശം - 5

ആതുരാലയങ്ങളോ വ്യാപാരശാലകളോ?


കുട്ടിയുടെ അവകാശസംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കി,അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം ദത്തെടുക്കുക.അനധികൃതമായി ദത്തെടുത്ത കുട്ടികളെ മാനസികമായും ശാരീരികമായും
പീഡിപ്പിച്ച വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു ദയനീയാവസ്ഥയില്‍പ്പോലും നിയമം ആ കുട്ടികളുടെ രക്ഷയ്‌ക്കെത്തില്ല എന്നതാണ് യാഥാര്‍ഥ്യം


ബാംഗ്ലൂരില്‍ നഴ്‌സിങ്ങിന് പഠിക്കുന്നതിനിടെ വടക്കെ മലബാറുകാരിയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായി. പ്രലോഭനങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും അവളെ ചതിയില്‍പ്പെടുത്തി കാമുകന്‍ സുന്ദരമായി കൈകഴുകി. ഗര്‍ഭം മറച്ചുവെക്കാനാവില്ലെന്ന് വന്നപ്പോള്‍ പെണ്‍കുട്ടിയെയുംകൂട്ടി മാതാപിതാക്കള്‍ മലബാറിലെ ഒരു ഇടത്തരം ആസ്​പത്രിയിലെത്തി. അനധികൃത ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് കുപ്രസിദ്ധമായ ആ ആസ്​പത്രിയില്‍ എട്ടാം മാസത്തില്‍ത്തന്നെ അവള്‍ അഡ്മിറ്റായി. അതിനിടെ, ചില മധ്യസ്ഥര്‍ മുഖേന മുംബൈയില്‍നിന്നും ചെറുപ്പക്കാരായ ദമ്പതിമാരും അവിടെയെത്തി അടുത്ത മുറിയില്‍ താമസം തുടങ്ങി. അവര്‍ ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ മുറിയില്‍ വന്ന് സുഖവിവരം തിരക്കുകയും മാതാപിതാക്കളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. മാസം തികഞ്ഞതും പെണ്‍കുട്ടിക്ക് പേറ്റുനോവു തുടങ്ങി. അവള്‍ സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. പത്താംനാള്‍ ആ പിഞ്ചുകുഞ്ഞിനെ യുവദമ്പതിമാര്‍ക്ക് കൈമാറി പെണ്‍കുട്ടിയും മാതാപിതാക്കളും മടങ്ങിപ്പോയി. രണ്ടുകൂട്ടരും ആസ്​പത്രിയിലെ കനത്ത ബില്ലടച്ച് ആസ്​പത്രിയോട് വിടപറഞ്ഞു. അതിനുമുന്‍പേ, ആസ്​പത്രി അധികൃതര്‍ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റും ദമ്പതിമാര്‍ക്ക് കൈമാറി. അത്ഭുതമെന്നേ പറയേണ്ടൂ, ആ രേഖകള്‍ പ്രകാരം കുഞ്ഞ് ആ സ്ത്രീയുടെ സ്വന്തം മകള്‍! ആസ്​പത്രി രേഖകളില്‍, പ്രസവിക്കാനെത്തിയതും പ്രസവിച്ചതും ആ സ്ത്രീതന്നെ. കോര്‍പ്പറേഷനില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതിനും കനപ്പെട്ട ഒരു തുക അവര്‍ ഈടാക്കി.

ആദ്യം കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്നതായി തോന്നാമെങ്കിലും കേരളത്തിലെ പല ആസ്​പത്രികളിലും ഇതൊരു അപൂര്‍വസംഭവമല്ല. അനധികൃതമായ ശിശുവ്യാപാരംകൊണ്ട് വന്‍തുക സമ്പാദിച്ച സ്വകാര്യ ആസ്​പത്രികള്‍ കേരളത്തിലുണ്ട്. എന്നാല്‍, ഇത്തരം കച്ചവടങ്ങളെ വ്യാജമായി നിയമവിധേയമാക്കുന്നതുകൊണ്ട് ഇവര്‍ക്കെതിരെ നടപടി സാധ്യവുമല്ല. മേല്പറഞ്ഞ സംഭവത്തില്‍ത്തന്നെ നിയമവിരുദ്ധമായ എന്തെങ്കിലുമുണ്ട് എന്ന് കണ്ടെത്താനാവില്ലല്ലോ.

കുഞ്ഞിനെ ദത്തെടുക്കുന്നതിന് നിയതമായ നടപടിക്രമങ്ങളും അതിന്റെ കാലതാമസവും ഉണ്ടാവുമെന്ന് നേരത്തേ കണ്ടതാണ്. കുട്ടികളില്ലാത്ത ദമ്പതിമാരില്‍ ചിലരെങ്കിലും തെറ്റായ വഴികളിലൂടെ കുഞ്ഞിനെ സമ്പാദിക്കുന്നുണ്ട്. ഇടനിലക്കാരും ആസ്​പത്രികളുമാണ് ഇങ്ങനെ കുഞ്ഞുങ്ങളെ വിറ്റ് പണം കൊയ്യുന്നത്. ഗള്‍ഫില്‍നിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയ ദമ്പതിമാര്‍ തൃശ്ശൂരിലെ ഒരു ആസ്​പത്രിയില്‍നിന്നും രണ്ടുലക്ഷം രൂപയ്ക്ക് പെണ്‍കുഞ്ഞിനെ വാങ്ങിയത് ഈയിടെയാണ്. അതുപോലെ, എറണാകുളത്തെ ഒരു ദത്തെടുക്കല്‍ കേന്ദ്രത്തില്‍ അപേക്ഷ നല്കി കാത്തിരുന്ന യുവദമ്പതിമാര്‍ മംഗലാപുരത്തേക്ക് വണ്ടികയറുകയും അമ്പതിനായിരത്തിന് ആണ്‍കുഞ്ഞിനെ സ്വന്തമാക്കുകയും ചെയ്തു. 'കാരാ' നിയമപ്രകാരം ദത്തെടുക്കുന്നവരും കുട്ടിയുടെ പ്രായവും തമ്മിലുള്ള വ്യത്യാസം കര്‍ശനമായതിനാല്‍ ചെറിയ കുട്ടികളെ കിട്ടാന്‍വേണ്ടിമാത്രം അനധികൃത മാര്‍ഗങ്ങള്‍ തേടുന്നവരുമുണ്ട്.

വര്‍ഷാവര്‍ഷം സ്വകാര്യാസ്​പത്രിയിലെത്തി പ്രസവിച്ച്, കുഞ്ഞിനെ വിറ്റ് ഉപജീവനം കഴിക്കുന്ന സ്ത്രീകള്‍ അപൂര്‍വമായെങ്കിലും കേരളത്തിലുണ്ട് എന്ന് വിശ്വസിച്ചേ തീരൂ. ഇത്തരത്തില്‍ ഒന്‍പതു കുട്ടികളെ അമ്പതിനായിരം രൂപപ്രകാരം വിറ്റ എറണാകുളം സ്വദേശിനിക്ക് ഒരിക്കല്‍പ്പോലും കൈവിട്ടുപോയ മക്കളെക്കുറിച്ചോര്‍ത്ത് വേദന തോന്നിയിട്ടില്ല. ഓരോതവണയും പ്രസവച്ചെലവുകള്‍ കഴിച്ചുള്ള പ്രതിഫലത്തുക ആസ്​പത്രി അധികൃതര്‍ അവര്‍ക്ക് നല്കും. കുഞ്ഞിനെ ആര്‍ക്കാണ് കൈമാറുന്നതെന്നുപോലും അവര്‍ക്കറിയില്ല. അതേക്കുറിച്ച് അവര്‍ അന്വേഷിച്ചിട്ടുമില്ല. പ്രായം കൂടിവരുന്നെങ്കിലും ആവുന്നത്ര തവണകൂടി ഗര്‍ഭം ധരിച്ച് പ്രസവിക്കുകയും കുട്ടികളെ വില്ക്കുകയും ചെയ്യുമെന്ന് അവര്‍ തീര്‍ത്തുപറയുന്നു.

അനധികൃതമായ ഈ ശിശുവ്യാപാരങ്ങള്‍ സ്വകാര്യ ആസ്​പത്രികളുടെ മാത്രം കുത്തകയാണെന്നു കരുതുക വയ്യ. ആസ്​പത്രി അധികൃതരുടെ ഒത്താശയോടെയെന്ന് പറയാനാവില്ലെങ്കിലും സര്‍ക്കാര്‍ ആസ്​പത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഇത്തരം കൈമാറ്റങ്ങള്‍ നടക്കുന്നുണ്ട്. പത്തുവര്‍ഷം മുന്‍പുവരെ ആണ്ടുതോറും പത്തുവരെ അനാഥ ശിശുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും വൈത്തിരിയിലെ 'ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോമി'ല്‍ എത്താറുണ്ടെന്ന് സിസ്റ്റര്‍ ജെയിന്‍ സാക്ഷ്യപ്പെടുത്തുന്നു. അമ്മമാരുടെ സമ്മതപത്രത്തോടെയും അല്ലാതെയുമാണ് കുട്ടികളെ ഇവിടെ കൊണ്ടുവന്നിരുന്നത്. എന്നാലിപ്പോള്‍ ഒരു കുട്ടിപോലും മെഡിക്കല്‍ കോളേജില്‍ നിന്നെത്താത്തത് അത്തരം ശിശുജനനങ്ങള്‍ നടക്കാത്തതുകൊണ്ടല്ലെന്നുറപ്പ്. ആ കുട്ടികള്‍ മെഡിക്കല്‍ കോളേജിന്റെ മതില്‍ക്കെട്ടിനകത്തുവെച്ചുതന്നെ വിറ്റുപോകുന്നുവെന്നേ കരുതാനാവൂ -അവര്‍ വിശദീകരിക്കുന്നു. അറുപതിനോടടുത്ത് പ്രായമുള്ള ദമ്പതിമാര്‍ക്ക് അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍നിന്നും കുട്ടിയെ ലഭിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ, ഒരുലക്ഷം രൂപമുടക്കി ഇതേ മെഡിക്കല്‍ കോളേജില്‍നിന്നും നവജാതശിശുവിനെ വാങ്ങിയിട്ട് അധികനാളായിട്ടില്ല. ഇവിടെ പെറ്റുപേക്ഷിക്കുന്ന കുട്ടികളെ കാണാതാവുന്നതും അപൂര്‍വമല്ല.

പ്രസവമടുത്ത ഒരനാഥ സ്ത്രീയെ ബന്ധുക്കളെന്ന് നടിച്ചെത്തിയ ചിലര്‍ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിച്ച് കൊണ്ടുപോയത് കേരളത്തിലെ ഒരു സര്‍ക്കാര്‍ ആസ്​പത്രിയില്‍നിന്നാണ്. ആ അമ്മയോ കുഞ്ഞോ പിന്നെ എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല. പരാതിപ്പെടാന്‍ ആരുമില്ലാത്തതിനാല്‍ അന്വേഷണവും ഉണ്ടായില്ല. മലപ്പുറം ജില്ലയിലെ ഒരമ്മ രണ്ടായിരം രൂപയ്ക്ക് തന്റെ കുഞ്ഞിനെ വിറ്റ വാര്‍ത്ത കുറച്ചുകാലം മുന്‍പ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണ്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അവര്‍ കണ്ണീരോടെ സത്യം തുറന്നുപറഞ്ഞത്. ദാരിദ്ര്യംകൊണ്ട് നട്ടംതിരിയുന്ന കുടുംബത്തില്‍ ഒരു കുഞ്ഞിനെക്കൂടി പോറ്റാന്‍ തനിക്കാവില്ലെന്നു തിരിച്ചറിഞ്ഞ ആ അമ്മ കുഞ്ഞിനെയുംകൊണ്ട് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തിറങ്ങിയതാണ്. അപ്പോള്‍, മക്കളില്ലാത്ത ദമ്പതിമാര്‍ അവരെ സമീപിച്ച് കുഞ്ഞിനെ തന്നാല്‍ ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നു പറയുകയായിരുന്നു. അവര്‍ കൂടുതലൊന്നും ആലോചിക്കാതെ കുഞ്ഞിനെ കൈമാറിയതും പ്രതിഫലമായല്ലെങ്കിലും രണ്ടായിരം രൂപ ദമ്പതിമാര്‍ ആ കൈകളില്‍ പിടിപ്പിച്ചു. അല്ലാതെ, താനൊരിക്കലും കുഞ്ഞിനെ വിറ്റതല്ലെന്ന് കരഞ്ഞുപറയുന്നു, ആ അമ്മ.

സര്‍ക്കാര്‍ ആസ്​പത്രികളിലെ ചില ജീവനക്കാരെങ്കിലും ശിശുവ്യാപാര റാക്കറ്റില്‍ സജീവമാണെന്നു കാണാം. ഇടനിലക്കാര്‍ ബന്ധം പുലര്‍ത്തുന്നതും തുക പറഞ്ഞുറപ്പിക്കുന്നതും ഇവര്‍ വഴിയാണ്. കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലെ ആയയ്ക്ക് ഒരു കൈമാറ്റത്തില്‍ കിട്ടുന്ന കമ്മീഷന്‍ അയ്യായിരം രൂപയാണ്. വെളുത്ത കുഞ്ഞാണെങ്കില്‍ ആയിരം രൂപ വേറെയും കിട്ടും. അമ്മയെ പറഞ്ഞു പ്രലോഭിപ്പിച്ച് വശീകരിക്കുകയും ഇവരുടെ ചുമതലയാണ്. അവിഹിതഗര്‍ഭം ധരിച്ചതോ അനാഥയോ ആയ ഗര്‍ഭിണി പ്രസവത്തിനെത്തിയാല്‍ വിവരമറിഞ്ഞ് ഇടനിലക്കാര്‍ ഞൊടിയിടയില്‍ അവിടെ പാഞ്ഞെത്തും എന്നതും അദ്ഭുതകരമാണ്. കോട്ടയത്തെ ഒരു ഇടനിലക്കാരന്റെ കൈവശം കുട്ടികളെ ആവശ്യമുള്ള അമ്പതിലേറെ ദമ്പതിമാരുടെ വിലാസവും ഫോണ്‍നമ്പറുകളുമുണ്ട്. ചുരുക്കം ചില വിദേശികളും ഇതില്‍പ്പെടും. മറ്റേതു കച്ചവടത്തേക്കാളും അനായാസമാണ് കുട്ടിക്കച്ചവടമെന്ന് അയാള്‍ ആണയിടുന്നു.

സൂപ്പര്‍സ്റ്റാറുകളെയും മെഗാസ്റ്റാറുകളെയും ഉള്‍പ്പെടുത്തി കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയും രക്ഷാധികാരിപ്പട്ടികയില്‍ ഉന്നത നിയമജ്ഞരെ തെറ്റിദ്ധരിപ്പിച്ച് ഉള്‍പ്പെടുത്തുകയും ചെയ്ത് എറണാകുളത്തെ ഒരു ശിശുകേന്ദ്രത്തിന്റെ മേധാവി 453 കുട്ടികളെ യാതൊരു നിയമവും പാലിക്കാതെ കൈമാറിയതായാണ് ഒരു പൗരാവകാശ സംഘടനയുടെ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇതില്‍ പല കുട്ടികളും ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങള്‍ സഹിച്ചുകഴിയുന്നതായും പരാതിയുണ്ട്. സ്ഥാപനത്തിന്റെ പരസ്യത്തിനായി അമ്പതുലക്ഷത്തിലേറെ രൂപ ചെലവഴിച്ചെന്ന് സ്ഥാപന മേധാവിതന്നെ വെളിപ്പെടുത്തുമ്പോള്‍ കച്ചവടത്തിന്റെ ലാഭത്തെക്കുറിച്ച് ഊഹിക്കാമല്ലോ. ഏതായാലും സത്യാവസ്ഥ മനസ്സിലാക്കിയതിനെത്തുടര്‍ന്ന് തങ്ങളുള്‍പ്പെട്ട പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ നടന്മാരും രക്ഷാധികാരി സ്ഥാനത്തുനിന്ന് ഒഴിയാന്‍ നിയമജ്ഞരും തയ്യാറായിട്ടുണ്ട്. ശിശുക്ഷേമസമിതിയും എ.സി.എ.യും സന്നദ്ധ സംഘടനകളുമൊക്കെ ഈ സ്ഥാപനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോവുന്നുമുണ്ട്.

ഇവിടെ പരാമര്‍ശിച്ച സംഭവങ്ങളിലെല്ലാം രക്ഷിതാക്കള്‍ ദുരുദ്ദേശ്യത്തോടെയാണ് കുട്ടികളെ ദത്തെടുത്തത് എന്നര്‍ഥമില്ല. എന്നാല്‍, നിയമവിധേയമല്ലാത്ത ദത്തെടുക്കലുകളില്‍ മാതാപിതാക്കളുടെ താത്പര്യം സംരക്ഷിക്കപ്പെടുമ്പോള്‍ നിഷേധിക്കപ്പെടുന്നത് കുട്ടികളുടെ അവകാശങ്ങളാണ്. ഒരു വിധത്തിലുള്ള നിയമസംരക്ഷണവും കുട്ടിക്ക് ലഭിക്കുന്നില്ല. നിയമാനുസൃതമായി ദത്തെടുത്ത മകന് മാതാപിതാക്കളുടെ സ്വത്തില്‍ സ്വാഭാവിക പിന്തുടര്‍ച്ചാവകാശം ലഭിക്കുമ്പോള്‍ അനധികൃതസന്താനത്തിന് ആ അവകാശമുണ്ടാവില്ല. രക്ഷിതാക്കള്‍ക്ക് അകാലമരണം സംഭവിച്ചാല്‍ നിഷ്‌കളങ്കരായ കുട്ടികള്‍ അക്ഷരാര്‍ഥത്തില്‍ വഴിയാധാരമാവും. അനധികൃത ദത്തെടുക്കല്‍ പുറത്തുവന്നാല്‍ നിലവിലുള്ള നിയമപ്രകാരം രക്ഷിതാക്കളും ശിക്ഷാര്‍ഹരാണെന്ന് ഓര്‍ക്കുക. അതുകൊണ്ട്, കുട്ടിയുടെ അവകാശസംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കി, അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം ദത്തെടുക്കുക. അനധികൃതമായി ദത്തെടുത്ത കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു ദയനീയാവസ്ഥയില്‍പ്പോലും നിയമം ആ കുട്ടികളുടെ രക്ഷയ്‌ക്കെത്തില്ല എന്നതാണ് യാഥാര്‍ഥ്യം. ദത്തെടുക്കാനാഗ്രഹിക്കുന്ന ഓരോ വ്യക്തിയില്‍നിന്നും ഇത്തരം പക്വതയാര്‍ന്ന സമീപനമാണ് ഉണ്ടാവേണ്ടത്.

ദത്തെടുക്കല്‍ നിയമങ്ങളെല്ലാം കുട്ടികളുടെ രക്ഷയ്ക്കുവേണ്ടി നിര്‍മിക്കപ്പെട്ടവയാണ്. എന്നാല്‍, അവ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം അവരുടെ അവകാശങ്ങളെത്തന്നെ ഹനിക്കുന്ന സംഭവങ്ങളുമുണ്ട്.
അതിനെക്കുറിച്ച് നാളെ -

***************************

ബോധവത്കരണം നടത്തും;ആവശ്യമെങ്കില്‍ നിയമഭേദഗതിയും


ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കാനും ആ സത്കര്‍മത്തിന് ദമ്പതിമാരെ പ്രേരിപ്പിക്കാനും സാമൂഹികക്ഷേമ വകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രചാരണവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരിലേക്കും ഈ ശ്രമങ്ങള്‍ വ്യാപിപ്പിക്കും.

ദത്തെടുക്കല്‍ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. നിയമതടസ്സങ്ങളും മറ്റുചില സാങ്കേതിക തടസ്സങ്ങളും മൂലം ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിനു കഴിയുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ ദത്തെടുക്കല്‍ നിയമങ്ങളില്‍ ഭേദഗതി വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാറും സാമൂഹികക്ഷേമ വകുപ്പും അത് ഗൗരവമായി പരിഗണിക്കും -മന്ത്രി വ്യക്തമാക്കി.

അനധികൃത ദത്തെടുക്കലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കും. എന്നാല്‍, ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സഹകരണം ആവശ്യമാണ്. ഈ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ദത്തെടുക്കലില്‍ കുട്ടിയുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം -മന്ത്രി അഭിപ്രായപ്പെട്ടു.

കുടുംബം കുഞ്ഞിന്റെ അവകാശം - 4

അടിമുടി അനധികൃതം


കേരളത്തിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന 'അഡോപ്ഷന്‍ കോ-ഓര്‍ഡിനേറ്റിങ് ഏജന്‍സി'യുടെ ആസ്ഥാനം എറണാകുളം ജില്ലയിലെ 'കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസി'ലാണ്. അനധികൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെ നിരീക്ഷണവും എ.സി.എ.യുടെ കടമകളില്‍പ്പെടും. അവരുടെ നിര്‍ദേശപ്രകാരം പല കേന്ദ്രങ്ങള്‍ക്കെതിരെയും നടപടിയുണ്ടാവുകയും ചെയ്തു. എന്നാല്‍, ഒരു ഫോണ്‍സന്ദേശത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ പരതിയ എ.സി.എ. അധികൃതര്‍ ഞെട്ടിപ്പോയി. തങ്ങളുടെ മൂക്കിന്‍കിഴില്‍ കുറെക്കാലമായി ഒരനധികൃത കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു! അവിടെനിന്നും ദത്തെടുക്കലിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യവും കൊടുത്തിട്ടുണ്ട്. അതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന 'സാന്ത്വനം' എന്ന കേന്ദ്രം അടച്ചുപൂട്ടി.

ശിശുകൈമാറ്റത്തിലെ ഈ കള്ളനാണയം ഒറ്റപ്പെട്ട സംഭവമല്ല. ഈയിനത്തില്‍ നൂറോളം സ്ഥാപനങ്ങളെങ്കിലും സംസ്ഥാനത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.സി.എ.യിലെ മീനാ കുരുവിള പറയുന്നു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ കളക്ടര്‍, സാമൂഹികക്ഷേമവകുപ്പ്, പോലീസ് അധികൃതര്‍ എന്നിങ്ങനെ അനധികൃത കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുള്ളവര്‍ പലരുണ്ടെങ്കിലും ഇവയെക്കുറിച്ച് അറിവുകിട്ടാത്തതാണ് പ്രധാനപ്രശ്‌നം. എറണാകുളം ജില്ലയില്‍ ഈയിടെ രണ്ടു സ്ഥാപനങ്ങള്‍ പൂട്ടി, അവിടത്തെ കുട്ടികളെ അംഗീകൃത സ്ഥാപനങ്ങളിലേക്ക് മാറ്റി. കുട്ടികളുടെ പേരില്‍ വിദേശത്തുനിന്നും പണം സമാഹരിച്ച വിവാദശിശുകേന്ദ്രവും എറണാകുളത്തുതന്നെയാണ്.

അനാഥാലയങ്ങളുടെയും ആത്മീയകേന്ദ്രങ്ങളുടെയും മറവില്‍ ശിശുകൈമാറ്റം നടത്തുന്നവര്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് കൂടുതല്‍. മതപരമായ മുഖംമൂടിയോ സേവനത്തിന്റെ വിനയനാട്യമോ ഒക്കെ പലപ്പോഴും ഇവര്‍ക്ക് തുണയാവുന്നു. എന്നാല്‍, ഇവര്‍ കുട്ടികളോടു ചെയ്യുന്ന കൊടുംക്രൂരതകളുടെ കഥകള്‍ ഞെട്ടിക്കുന്നവയാണ്. 2006 ല്‍, തിരുവല്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച 'കുറ്റിപ്പുഴ ജോര്‍ജ് മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ഹോം' അധികൃതര്‍ പൂട്ടി, അവിടത്തെ പതിമ്മൂന്നു കുട്ടികളെ അംഗീകൃത സ്ഥാപനത്തിലേക്ക് മാറ്റി. സ്ഥാപനത്തിന്റെ താത്കാലിക നടത്തിപ്പുകാരനായിരുന്ന പാസ്റ്റര്‍ രഞ്ജി തോമസ് രണ്ടരയും നാലും ഏഴും വയസ്സുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നു തെളിഞ്ഞു. ഈ രതിവൈകൃതങ്ങളുടെ വീഡിയോ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റു വഴി പ്രചരിപ്പിക്കുകയും ചെയ്തു, ഇയാള്‍. അതുപോലെ, നെയ്യാറ്റിന്‍കര വട്ടപ്പാറയിലെ അനധികൃതകേന്ദ്രമായ 'ലൈറ്റ് ഓഫ് ലൈഫ്' റെയ്ഡ് ചെയ്ത് എട്ടു കുട്ടികളെ സാമൂഹികക്ഷേമവകുപ്പ് അധികൃതര്‍ മോചിപ്പിച്ചിരുന്നു. അഞ്ചു മുതല്‍ പത്തു വയസ്സുവരെ പ്രായമുള്ള ആറു കുട്ടികളെ അനധികൃതമായി താമസിപ്പിച്ചതിനും അവരെ ക്രൂരമായി മര്‍ദിച്ചതിനും നെയ്യാറ്റിന്‍കര മാങ്കൂട്ടം 'അസീസിഭവന്‍ അനാഥാലയ'ത്തിന്റെ പാസ്റ്ററെ അറസ്റ്റുചെയ്തിരുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളില്‍നിന്ന് അനധികൃതമായി ദത്തെടുത്തതിന്റെയും ശിശുപീഡനത്തിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഓര്‍ഫനേജ് ലൈസന്‍സിന്റെ ബലത്തില്‍ ഇവര്‍ നടപടികളില്‍ നിന്ന് തലയൂരി. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിനടുത്ത് ഒരനാഥാലയത്തിന്റെ നടത്തിപ്പുകാരന്‍ ബാലികമാരെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയെന്ന കേസും എങ്ങുമെത്തിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ്, വെള്ളിമാടുകുന്നില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച 'ഇന്‍ഫന്റ് ജീസസ്' എന്ന സ്ഥാപനത്തിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നടപടിയെടുത്തിരുന്നു. എങ്കിലും, അത് സ്ഥലംമാറിയും ജില്ല മാറിയുമൊക്കെ വളരെക്കാലം പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് കുട്ടികള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ പത്തു വര്‍ഷത്തിനിടെ മൂന്നിരട്ടിയോളം വര്‍ധിച്ചതായാണ് രേഖകള്‍. ഇതില്‍ അനധികൃത ശിശുകേന്ദ്രങ്ങളുടെ 'സംഭാവന' ഒട്ടും കുറവല്ല.

സാമൂഹികക്ഷേമവകുപ്പും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും എ.സി.എ.യുമൊക്കെ ഇത്തരം അനധികൃത കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. എന്നാല്‍, പെട്ടെന്നു പൊട്ടിമുളച്ച്, നിഗൂഢമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് അറിവു ലഭിക്കുക എളുപ്പമല്ല. ഇക്കൂട്ടര്‍ കുട്ടികളോടു ചെയ്യുന്ന അനീതി സമൂഹത്തിനും പലപ്പോഴും ബോധ്യപ്പെടുന്നില്ല. ഒരാള്‍ കുറച്ച് അനാഥക്കുട്ടികളെ വളര്‍ത്തുന്നു എന്നറിഞ്ഞാല്‍ അതൊരു പുണ്യകര്‍മമല്ലേ എന്നു ചിന്തിച്ച് നിര്‍വികാരത പാലിക്കുകയോ, കൈയയച്ച് സഹായിക്കുകയോ ആണ് പലരും ചെയ്യുന്നത്. ചിലര്‍ അനാഥശിശുക്കളെ അവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍പോലും തയ്യാറാവുന്നുണ്ട്. കുട്ടികളുടെ മുഴുവന്‍ അവകാശങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നു തിരിച്ചറിഞ്ഞ് വിവരം അധികൃതരെ അറിയിക്കാനാണ് ജനങ്ങള്‍ തയ്യാറാവേണ്ടത്.
കുട്ടികളോടു ചെയ്യുന്ന അനീതിക്കെതിരെ അധികൃതര്‍ നടപടി ത്വരിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെത്രത്തോളം ഫലവത്തായി എന്നു പറയാനാവുന്നില്ല. നിയമസംബന്ധിയായ പഴുതുകള്‍ പലപ്പോഴും ചൂഷകര്‍ക്ക് താങ്ങാവുന്നുമുണ്ട്. അനാഥാലയങ്ങള്‍ക്കു പുറമെ 'ഫൗണ്ട്‌ലിങ് ലൈസന്‍സ്' വെച്ച് അനധികൃത ശിശുകൈമാറ്റം നടത്തിയ സംഭവങ്ങളുമുണ്ട്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ സ്ഥാപനത്തില്‍ താമസിപ്പിക്കാന്‍ അവര്‍ക്ക് അനുവാദമുള്ളതിനാല്‍ പലപ്പോഴും ഈ കൈമാറ്റങ്ങള്‍ തടയാനാവുന്നില്ല. യാതൊരു നിയമവും പാലിക്കാതെ, രക്ഷിതാക്കളില്‍നിന്ന് കനത്ത തുക വാങ്ങിയാവും ക്രയവിക്രയം നടക്കുക. ഇതിന് കൂട്ടുനില്‍ക്കുന്ന ചുരുക്കം ചില പുരോഹിതന്മാരും ഡോക്ടര്‍മാരും അഭിഭാഷകരും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ചില ഫൗണ്ട്‌ലിങ് ഹോമുകള്‍ക്കെതിരെ നടപടിയും ഉണ്ടായിട്ടുണ്ട്.

അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ നൂറുശതമാനവും കൃത്യമായാണ് നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നതെന്ന് അധികൃത ഭാഷ്യമുണ്ടെങ്കിലും അതും കണ്ണടച്ചു വിശ്വസിക്കുക വയ്യ. രാജ്യാന്തര ദത്തെടുക്കല്‍ അനുമതിയുള്ള കേന്ദ്രത്തിന് സ്വാഭാവികമായും രാജ്യത്തിനകത്ത് ദത്തു നല്‍കുന്നതിനേക്കാള്‍ പ്രിയം അതിനോടാവാം. ലളിതമാണ് അതിന്റെ കാരണം. രാജ്യത്തിനകത്തുനിന്നുമുള്ള രക്ഷിതാക്കള്‍ക്ക് ദത്തു നല്‍കുമ്പോള്‍ സ്ഥാപനത്തിന് വൈദ്യപരിചരണത്തിനുള്ള തുകയടക്കം പരമാവധി ഈടാക്കാവുന്നത് 25,000 രൂപയാണ്. എന്നാല്‍, രാജ്യാന്തര ഇടപാടില്‍ പ്രതിഫലം ഡോളര്‍ക്കണക്കിലാവുമ്പോള്‍ അത് ലക്ഷങ്ങള്‍ വരും. സ്ഥാപനത്തിന് കിട്ടാവുന്ന സംഭാവന വേറെയും. രാജ്യാന്തര ദത്തെടുക്കലിന് സജ്ജമാകുന്ന കുട്ടിയെ രാജ്യത്തെ മൂന്നു ദമ്പതിമാര്‍ കണ്ട് വേണ്ടെന്നു വെച്ചതാവണമെന്ന് ഒരു വ്യവസ്ഥയുണ്ട്. സമര്‍ഥനും സുന്ദരനുമായ ഒരു കുട്ടിയെ, അധികൃതകേന്ദ്രങ്ങളില്‍ കുട്ടികള്‍ കുറവായ സാഹചര്യത്തില്‍ വേണ്ടെന്നുവെക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവില്ലെന്നുറപ്പാണ്. ഇത്തരം സാഹചര്യങ്ങളില്‍ മറ്റൊരു കുട്ടിയെ നല്‍കുന്നതിനുള്ള ഉപാധിയായി ആ കുട്ടിയെ വേണ്ടെന്ന് എഴുതിവാങ്ങിക്കുന്ന പതിവുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഇടപാട് മാത്രമേ ഇവിടെയും നടക്കുന്നുള്ളൂ എന്നത് ആശ്വാസത്തിനു വക നല്‍കുന്നു.

അതുകൊണ്ട്, അനാഥാവസ്ഥയിലുള്ള ഒരു കുട്ടിയെ കണ്ടെത്തിയാല്‍ അതിനെ സുരക്ഷിതമായ ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ തീവ്രശ്രമം ഉണ്ടാകണം.

കുഞ്ഞുങ്ങളെ അനധികൃതമായി വിറ്റ് പണം കൊയ്യുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും അത്താണിയാവുന്ന ആതുരാലയങ്ങള്‍ക്കും കേരളത്തില്‍ ക്ഷാമമില്ല. അനധികൃതമാര്‍ഗ്ഗങ്ങളി ലൂടെ കുഞ്ഞിനെ സ്വന്തമാക്കുന്ന രക്ഷിതാക്കളും കുറവല്ല. ഇത്തരം കച്ചവടങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് നാളെ.

കുറുക്കുവഴിയിലൂടെ കുഞ്ഞുങ്ങള്‍


തിരുവിതാംകൂറിലെ ദമ്പതിമാര്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെയല്ലാതെ ഒരു പെണ്‍കുഞ്ഞിനെ സ്വന്തമാക്കി. അവള്‍ വളര്‍ന്നുവരവെ, വിധി മാതാപിതാക്കളുടെ ജീവന്‍ അപഹരിച്ചു. തനിച്ചായിപ്പോയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ സംരക്ഷിച്ചു. അവള്‍ യൗവനത്തിലെത്തിയതും നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ചെറിയ ജോലിയുമായി. കുട്ടിയുടെ ഭാവിയെക്കരുതി ബന്ധുക്കള്‍ എതിര്‍ത്തില്ല. എന്നാല്‍, തൊഴിലുടമയുടെ പീഡനംമൂലം അവള്‍ ഗര്‍ഭിണിയായി. അതോടെ ബന്ധുക്കളും കൈയൊഴിഞ്ഞു. അവളും അവള്‍ പ്രസവിച്ച കുഞ്ഞും തികച്ചും അനാഥരായി ഇപ്പോഴും ഒരനാഥാലയത്തിലുണ്ട്; അനധികൃത ശിശുകൈമാറ്റത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി.....
*** *** ***

ഇത് മറ്റൊരു നഗരത്തിലെ കഥയാണ്. ദത്തെടുക്കാനാഗ്രഹിച്ച് ദത്തുകേന്ദ്രത്തെ സമീപിച്ച ദമ്പതിമാരുടെ ആകെ വയസ്സ് 98. അവര്‍ക്കു വേണ്ടത് ചെറിയ പ്രായത്തിലുള്ള ആണ്‍കുട്ടിയെ. നിയമപ്രകാരം അത് അനുവദനീയമല്ല. പേരെടുത്ത അഭിഭാഷകന്‍ വഴിയും ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിന്നെ, രണ്ടു മാസം കഴിഞ്ഞ് അവര്‍ മധുരവുമായി അഭിഭാഷകന്റെ വീട്ടിലെത്തിയപ്പോള്‍ അവരുടെ ഒക്കത്ത് ഒന്നര വയസ്സ് പ്രായമായ ഒരു പെണ്‍കുട്ടി! ആ കുഞ്ഞിന്റെ ദേഹം നിറയെ പവന്‍കണക്കിന് സ്വര്‍ണാഭരണങ്ങള്‍. ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ, തനിക്കു വളര്‍ത്താനാവാത്തതിനാല്‍ നല്ലൊരു തുകയ്ക്ക് വിറ്റതാണത്രെ അതിനെ. ആ മധുരം ഏറ്റുവാങ്ങുമ്പോഴും അഭിഭാഷകന്‍ ചിന്തിച്ചത് ഇങ്ങനെ-നാളെ എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടായാല്‍ ഏതു നിയമമാണ്, എന്തു സുരക്ഷയാണ് ആ കുഞ്ഞിന് ലഭിക്കുക? ആ കണ്ണീര്‍ ആര്‍ക്കാണ് തുടയ്ക്കാനാവുക?
*** *** ***

നിലവിലെ നിയമപ്രകാരം കേരളത്തിലെ ദമ്പതിമാര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ദത്തെടുക്കാനാവില്ല. എന്നാല്‍ അനധികൃത ദത്തുകള്‍ക്ക് അനുയോജ്യം അയല്‍ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങള്‍ തന്നെ. മംഗലാപുരവും ബാംഗ്ലൂരും ചെന്നൈയും ശിശു കൈമാറ്റത്തിന് കുപ്രസിദ്ധിയാര്‍ജിച്ച നഗരങ്ങളാണ്. 'ഒരാഴ്ചത്തെ ലീവും മംഗലാപുരത്തേക്കും തിരിച്ചുമുള്ള യാത്രാ ടിക്കറ്റും അമ്പതിനായിരം രൂപയുമുണ്ടെങ്കില്‍ ഏതു കുട്ടിയെയും സംഘടിപ്പിച്ചു തരാം' എന്ന് പരസ്യമായി പറഞ്ഞ ഇടനിലക്കാരന്‍ ഇത്തരക്കാരുടെ പ്രതിനിധിയാണ്.

കുട്ടികളുടെ ദൗര്‍ലഭ്യം, നിയമപ്രകാരം ചെറിയ കുട്ടികളെ ദത്തെടുക്കാനുള്ള തടസ്സം, നിയമത്തിന്റെ നൂലാമാലകളില്‍ നിന്നുള്ള മോചനം, നീണ്ട കാത്തിരിപ്പിനുള്ള വിമുഖത തുടങ്ങി പല ഘടകങ്ങളും ദമ്പതിമാരെ അനധികൃത വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ കുറുക്കുവഴി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്. നിയമ നടപടികളിലും കുടുംബത്തകര്‍ച്ചയിലും വരെ അത് ചെന്നെത്താം. അതിലെല്ലാമുപരി ഒരു മിണ്ടാപ്രാണിയോടു ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത കൊടുംപാതകവുമാവും അത്.