കുടുംബം കുഞ്ഞിന്റെ അവകാശം - 4

അടിമുടി അനധികൃതം


കേരളത്തിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന 'അഡോപ്ഷന്‍ കോ-ഓര്‍ഡിനേറ്റിങ് ഏജന്‍സി'യുടെ ആസ്ഥാനം എറണാകുളം ജില്ലയിലെ 'കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസി'ലാണ്. അനധികൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെ നിരീക്ഷണവും എ.സി.എ.യുടെ കടമകളില്‍പ്പെടും. അവരുടെ നിര്‍ദേശപ്രകാരം പല കേന്ദ്രങ്ങള്‍ക്കെതിരെയും നടപടിയുണ്ടാവുകയും ചെയ്തു. എന്നാല്‍, ഒരു ഫോണ്‍സന്ദേശത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ പരതിയ എ.സി.എ. അധികൃതര്‍ ഞെട്ടിപ്പോയി. തങ്ങളുടെ മൂക്കിന്‍കിഴില്‍ കുറെക്കാലമായി ഒരനധികൃത കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു! അവിടെനിന്നും ദത്തെടുക്കലിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യവും കൊടുത്തിട്ടുണ്ട്. അതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന 'സാന്ത്വനം' എന്ന കേന്ദ്രം അടച്ചുപൂട്ടി.

ശിശുകൈമാറ്റത്തിലെ ഈ കള്ളനാണയം ഒറ്റപ്പെട്ട സംഭവമല്ല. ഈയിനത്തില്‍ നൂറോളം സ്ഥാപനങ്ങളെങ്കിലും സംസ്ഥാനത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.സി.എ.യിലെ മീനാ കുരുവിള പറയുന്നു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ കളക്ടര്‍, സാമൂഹികക്ഷേമവകുപ്പ്, പോലീസ് അധികൃതര്‍ എന്നിങ്ങനെ അനധികൃത കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുള്ളവര്‍ പലരുണ്ടെങ്കിലും ഇവയെക്കുറിച്ച് അറിവുകിട്ടാത്തതാണ് പ്രധാനപ്രശ്‌നം. എറണാകുളം ജില്ലയില്‍ ഈയിടെ രണ്ടു സ്ഥാപനങ്ങള്‍ പൂട്ടി, അവിടത്തെ കുട്ടികളെ അംഗീകൃത സ്ഥാപനങ്ങളിലേക്ക് മാറ്റി. കുട്ടികളുടെ പേരില്‍ വിദേശത്തുനിന്നും പണം സമാഹരിച്ച വിവാദശിശുകേന്ദ്രവും എറണാകുളത്തുതന്നെയാണ്.

അനാഥാലയങ്ങളുടെയും ആത്മീയകേന്ദ്രങ്ങളുടെയും മറവില്‍ ശിശുകൈമാറ്റം നടത്തുന്നവര്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് കൂടുതല്‍. മതപരമായ മുഖംമൂടിയോ സേവനത്തിന്റെ വിനയനാട്യമോ ഒക്കെ പലപ്പോഴും ഇവര്‍ക്ക് തുണയാവുന്നു. എന്നാല്‍, ഇവര്‍ കുട്ടികളോടു ചെയ്യുന്ന കൊടുംക്രൂരതകളുടെ കഥകള്‍ ഞെട്ടിക്കുന്നവയാണ്. 2006 ല്‍, തിരുവല്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച 'കുറ്റിപ്പുഴ ജോര്‍ജ് മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ഹോം' അധികൃതര്‍ പൂട്ടി, അവിടത്തെ പതിമ്മൂന്നു കുട്ടികളെ അംഗീകൃത സ്ഥാപനത്തിലേക്ക് മാറ്റി. സ്ഥാപനത്തിന്റെ താത്കാലിക നടത്തിപ്പുകാരനായിരുന്ന പാസ്റ്റര്‍ രഞ്ജി തോമസ് രണ്ടരയും നാലും ഏഴും വയസ്സുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നു തെളിഞ്ഞു. ഈ രതിവൈകൃതങ്ങളുടെ വീഡിയോ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റു വഴി പ്രചരിപ്പിക്കുകയും ചെയ്തു, ഇയാള്‍. അതുപോലെ, നെയ്യാറ്റിന്‍കര വട്ടപ്പാറയിലെ അനധികൃതകേന്ദ്രമായ 'ലൈറ്റ് ഓഫ് ലൈഫ്' റെയ്ഡ് ചെയ്ത് എട്ടു കുട്ടികളെ സാമൂഹികക്ഷേമവകുപ്പ് അധികൃതര്‍ മോചിപ്പിച്ചിരുന്നു. അഞ്ചു മുതല്‍ പത്തു വയസ്സുവരെ പ്രായമുള്ള ആറു കുട്ടികളെ അനധികൃതമായി താമസിപ്പിച്ചതിനും അവരെ ക്രൂരമായി മര്‍ദിച്ചതിനും നെയ്യാറ്റിന്‍കര മാങ്കൂട്ടം 'അസീസിഭവന്‍ അനാഥാലയ'ത്തിന്റെ പാസ്റ്ററെ അറസ്റ്റുചെയ്തിരുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളില്‍നിന്ന് അനധികൃതമായി ദത്തെടുത്തതിന്റെയും ശിശുപീഡനത്തിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഓര്‍ഫനേജ് ലൈസന്‍സിന്റെ ബലത്തില്‍ ഇവര്‍ നടപടികളില്‍ നിന്ന് തലയൂരി. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിനടുത്ത് ഒരനാഥാലയത്തിന്റെ നടത്തിപ്പുകാരന്‍ ബാലികമാരെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയെന്ന കേസും എങ്ങുമെത്തിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ്, വെള്ളിമാടുകുന്നില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച 'ഇന്‍ഫന്റ് ജീസസ്' എന്ന സ്ഥാപനത്തിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നടപടിയെടുത്തിരുന്നു. എങ്കിലും, അത് സ്ഥലംമാറിയും ജില്ല മാറിയുമൊക്കെ വളരെക്കാലം പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് കുട്ടികള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ പത്തു വര്‍ഷത്തിനിടെ മൂന്നിരട്ടിയോളം വര്‍ധിച്ചതായാണ് രേഖകള്‍. ഇതില്‍ അനധികൃത ശിശുകേന്ദ്രങ്ങളുടെ 'സംഭാവന' ഒട്ടും കുറവല്ല.

സാമൂഹികക്ഷേമവകുപ്പും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും എ.സി.എ.യുമൊക്കെ ഇത്തരം അനധികൃത കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. എന്നാല്‍, പെട്ടെന്നു പൊട്ടിമുളച്ച്, നിഗൂഢമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് അറിവു ലഭിക്കുക എളുപ്പമല്ല. ഇക്കൂട്ടര്‍ കുട്ടികളോടു ചെയ്യുന്ന അനീതി സമൂഹത്തിനും പലപ്പോഴും ബോധ്യപ്പെടുന്നില്ല. ഒരാള്‍ കുറച്ച് അനാഥക്കുട്ടികളെ വളര്‍ത്തുന്നു എന്നറിഞ്ഞാല്‍ അതൊരു പുണ്യകര്‍മമല്ലേ എന്നു ചിന്തിച്ച് നിര്‍വികാരത പാലിക്കുകയോ, കൈയയച്ച് സഹായിക്കുകയോ ആണ് പലരും ചെയ്യുന്നത്. ചിലര്‍ അനാഥശിശുക്കളെ അവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍പോലും തയ്യാറാവുന്നുണ്ട്. കുട്ടികളുടെ മുഴുവന്‍ അവകാശങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നു തിരിച്ചറിഞ്ഞ് വിവരം അധികൃതരെ അറിയിക്കാനാണ് ജനങ്ങള്‍ തയ്യാറാവേണ്ടത്.
കുട്ടികളോടു ചെയ്യുന്ന അനീതിക്കെതിരെ അധികൃതര്‍ നടപടി ത്വരിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെത്രത്തോളം ഫലവത്തായി എന്നു പറയാനാവുന്നില്ല. നിയമസംബന്ധിയായ പഴുതുകള്‍ പലപ്പോഴും ചൂഷകര്‍ക്ക് താങ്ങാവുന്നുമുണ്ട്. അനാഥാലയങ്ങള്‍ക്കു പുറമെ 'ഫൗണ്ട്‌ലിങ് ലൈസന്‍സ്' വെച്ച് അനധികൃത ശിശുകൈമാറ്റം നടത്തിയ സംഭവങ്ങളുമുണ്ട്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ സ്ഥാപനത്തില്‍ താമസിപ്പിക്കാന്‍ അവര്‍ക്ക് അനുവാദമുള്ളതിനാല്‍ പലപ്പോഴും ഈ കൈമാറ്റങ്ങള്‍ തടയാനാവുന്നില്ല. യാതൊരു നിയമവും പാലിക്കാതെ, രക്ഷിതാക്കളില്‍നിന്ന് കനത്ത തുക വാങ്ങിയാവും ക്രയവിക്രയം നടക്കുക. ഇതിന് കൂട്ടുനില്‍ക്കുന്ന ചുരുക്കം ചില പുരോഹിതന്മാരും ഡോക്ടര്‍മാരും അഭിഭാഷകരും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ചില ഫൗണ്ട്‌ലിങ് ഹോമുകള്‍ക്കെതിരെ നടപടിയും ഉണ്ടായിട്ടുണ്ട്.

അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ നൂറുശതമാനവും കൃത്യമായാണ് നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നതെന്ന് അധികൃത ഭാഷ്യമുണ്ടെങ്കിലും അതും കണ്ണടച്ചു വിശ്വസിക്കുക വയ്യ. രാജ്യാന്തര ദത്തെടുക്കല്‍ അനുമതിയുള്ള കേന്ദ്രത്തിന് സ്വാഭാവികമായും രാജ്യത്തിനകത്ത് ദത്തു നല്‍കുന്നതിനേക്കാള്‍ പ്രിയം അതിനോടാവാം. ലളിതമാണ് അതിന്റെ കാരണം. രാജ്യത്തിനകത്തുനിന്നുമുള്ള രക്ഷിതാക്കള്‍ക്ക് ദത്തു നല്‍കുമ്പോള്‍ സ്ഥാപനത്തിന് വൈദ്യപരിചരണത്തിനുള്ള തുകയടക്കം പരമാവധി ഈടാക്കാവുന്നത് 25,000 രൂപയാണ്. എന്നാല്‍, രാജ്യാന്തര ഇടപാടില്‍ പ്രതിഫലം ഡോളര്‍ക്കണക്കിലാവുമ്പോള്‍ അത് ലക്ഷങ്ങള്‍ വരും. സ്ഥാപനത്തിന് കിട്ടാവുന്ന സംഭാവന വേറെയും. രാജ്യാന്തര ദത്തെടുക്കലിന് സജ്ജമാകുന്ന കുട്ടിയെ രാജ്യത്തെ മൂന്നു ദമ്പതിമാര്‍ കണ്ട് വേണ്ടെന്നു വെച്ചതാവണമെന്ന് ഒരു വ്യവസ്ഥയുണ്ട്. സമര്‍ഥനും സുന്ദരനുമായ ഒരു കുട്ടിയെ, അധികൃതകേന്ദ്രങ്ങളില്‍ കുട്ടികള്‍ കുറവായ സാഹചര്യത്തില്‍ വേണ്ടെന്നുവെക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവില്ലെന്നുറപ്പാണ്. ഇത്തരം സാഹചര്യങ്ങളില്‍ മറ്റൊരു കുട്ടിയെ നല്‍കുന്നതിനുള്ള ഉപാധിയായി ആ കുട്ടിയെ വേണ്ടെന്ന് എഴുതിവാങ്ങിക്കുന്ന പതിവുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഇടപാട് മാത്രമേ ഇവിടെയും നടക്കുന്നുള്ളൂ എന്നത് ആശ്വാസത്തിനു വക നല്‍കുന്നു.

അതുകൊണ്ട്, അനാഥാവസ്ഥയിലുള്ള ഒരു കുട്ടിയെ കണ്ടെത്തിയാല്‍ അതിനെ സുരക്ഷിതമായ ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ തീവ്രശ്രമം ഉണ്ടാകണം.

കുഞ്ഞുങ്ങളെ അനധികൃതമായി വിറ്റ് പണം കൊയ്യുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും അത്താണിയാവുന്ന ആതുരാലയങ്ങള്‍ക്കും കേരളത്തില്‍ ക്ഷാമമില്ല. അനധികൃതമാര്‍ഗ്ഗങ്ങളി ലൂടെ കുഞ്ഞിനെ സ്വന്തമാക്കുന്ന രക്ഷിതാക്കളും കുറവല്ല. ഇത്തരം കച്ചവടങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് നാളെ.

കുറുക്കുവഴിയിലൂടെ കുഞ്ഞുങ്ങള്‍


തിരുവിതാംകൂറിലെ ദമ്പതിമാര്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെയല്ലാതെ ഒരു പെണ്‍കുഞ്ഞിനെ സ്വന്തമാക്കി. അവള്‍ വളര്‍ന്നുവരവെ, വിധി മാതാപിതാക്കളുടെ ജീവന്‍ അപഹരിച്ചു. തനിച്ചായിപ്പോയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ സംരക്ഷിച്ചു. അവള്‍ യൗവനത്തിലെത്തിയതും നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ചെറിയ ജോലിയുമായി. കുട്ടിയുടെ ഭാവിയെക്കരുതി ബന്ധുക്കള്‍ എതിര്‍ത്തില്ല. എന്നാല്‍, തൊഴിലുടമയുടെ പീഡനംമൂലം അവള്‍ ഗര്‍ഭിണിയായി. അതോടെ ബന്ധുക്കളും കൈയൊഴിഞ്ഞു. അവളും അവള്‍ പ്രസവിച്ച കുഞ്ഞും തികച്ചും അനാഥരായി ഇപ്പോഴും ഒരനാഥാലയത്തിലുണ്ട്; അനധികൃത ശിശുകൈമാറ്റത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി.....
*** *** ***

ഇത് മറ്റൊരു നഗരത്തിലെ കഥയാണ്. ദത്തെടുക്കാനാഗ്രഹിച്ച് ദത്തുകേന്ദ്രത്തെ സമീപിച്ച ദമ്പതിമാരുടെ ആകെ വയസ്സ് 98. അവര്‍ക്കു വേണ്ടത് ചെറിയ പ്രായത്തിലുള്ള ആണ്‍കുട്ടിയെ. നിയമപ്രകാരം അത് അനുവദനീയമല്ല. പേരെടുത്ത അഭിഭാഷകന്‍ വഴിയും ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിന്നെ, രണ്ടു മാസം കഴിഞ്ഞ് അവര്‍ മധുരവുമായി അഭിഭാഷകന്റെ വീട്ടിലെത്തിയപ്പോള്‍ അവരുടെ ഒക്കത്ത് ഒന്നര വയസ്സ് പ്രായമായ ഒരു പെണ്‍കുട്ടി! ആ കുഞ്ഞിന്റെ ദേഹം നിറയെ പവന്‍കണക്കിന് സ്വര്‍ണാഭരണങ്ങള്‍. ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ, തനിക്കു വളര്‍ത്താനാവാത്തതിനാല്‍ നല്ലൊരു തുകയ്ക്ക് വിറ്റതാണത്രെ അതിനെ. ആ മധുരം ഏറ്റുവാങ്ങുമ്പോഴും അഭിഭാഷകന്‍ ചിന്തിച്ചത് ഇങ്ങനെ-നാളെ എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടായാല്‍ ഏതു നിയമമാണ്, എന്തു സുരക്ഷയാണ് ആ കുഞ്ഞിന് ലഭിക്കുക? ആ കണ്ണീര്‍ ആര്‍ക്കാണ് തുടയ്ക്കാനാവുക?
*** *** ***

നിലവിലെ നിയമപ്രകാരം കേരളത്തിലെ ദമ്പതിമാര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ദത്തെടുക്കാനാവില്ല. എന്നാല്‍ അനധികൃത ദത്തുകള്‍ക്ക് അനുയോജ്യം അയല്‍ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങള്‍ തന്നെ. മംഗലാപുരവും ബാംഗ്ലൂരും ചെന്നൈയും ശിശു കൈമാറ്റത്തിന് കുപ്രസിദ്ധിയാര്‍ജിച്ച നഗരങ്ങളാണ്. 'ഒരാഴ്ചത്തെ ലീവും മംഗലാപുരത്തേക്കും തിരിച്ചുമുള്ള യാത്രാ ടിക്കറ്റും അമ്പതിനായിരം രൂപയുമുണ്ടെങ്കില്‍ ഏതു കുട്ടിയെയും സംഘടിപ്പിച്ചു തരാം' എന്ന് പരസ്യമായി പറഞ്ഞ ഇടനിലക്കാരന്‍ ഇത്തരക്കാരുടെ പ്രതിനിധിയാണ്.

കുട്ടികളുടെ ദൗര്‍ലഭ്യം, നിയമപ്രകാരം ചെറിയ കുട്ടികളെ ദത്തെടുക്കാനുള്ള തടസ്സം, നിയമത്തിന്റെ നൂലാമാലകളില്‍ നിന്നുള്ള മോചനം, നീണ്ട കാത്തിരിപ്പിനുള്ള വിമുഖത തുടങ്ങി പല ഘടകങ്ങളും ദമ്പതിമാരെ അനധികൃത വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ കുറുക്കുവഴി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്. നിയമ നടപടികളിലും കുടുംബത്തകര്‍ച്ചയിലും വരെ അത് ചെന്നെത്താം. അതിലെല്ലാമുപരി ഒരു മിണ്ടാപ്രാണിയോടു ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത കൊടുംപാതകവുമാവും അത്.
കുടുംബം കുഞ്ഞിന്റെ അവകാശം - 4 കുടുംബം കുഞ്ഞിന്റെ അവകാശം - 4 Reviewed by Mash on 20:28 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.