കുടുംബം കുഞ്ഞിന്റെ അവകാശം - 2

സുരക്ഷിതം ഈ അഭയഹസ്തങ്ങള്‍


''.... നിങ്ങളുടെ കൈയിലിരിക്കുന്ന പിഞ്ചോമനയെ വളര്‍ത്താനാവില്ലെന്ന് അവസാനമായി നിങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞോ? എങ്കില്‍, നിങ്ങളുടെ കുഞ്ഞിനെ ഈ അമ്മയെ ഏല്പിക്കൂ. നിങ്ങളുടെ മുന്നില്‍ ഒരു തൊട്ടില്‍ കാണുന്നില്ലേ? കുഞ്ഞിനെ ആ തൊട്ടിലില്‍ കിടത്തി ധൈര്യമായി ഇറങ്ങിക്കൊള്ളൂ. നിമിഷങ്ങള്‍ക്കകം ഞങ്ങളുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ അമ്മമാര്‍ കുഞ്ഞിനെ സ്നേഹപൂര്‍വം വാരിയെടുക്കും. ഒരമ്മയെപ്പോലെ ലാളിക്കും. ആ കൈകളില്‍ നിങ്ങളുടെ കുഞ്ഞ് സുരക്ഷിതമായി കഴിയും. ഈ ദത്തെടുക്കല്‍ കേന്ദ്രം നിങ്ങളുടെ കുഞ്ഞിനെ ഒരമ്മയെപ്പോലെ പോറ്റിവളര്‍ത്തും. സ്വന്തം കുഞ്ഞായിക്കണ്ട് സംരക്ഷിക്കാന്‍ തയ്യാറുള്ള മറ്റൊരമ്മയെ ഏല്പിക്കുംവരെ....''

പേറ്റുനോവറിഞ്ഞ ഒരമ്മയുടെ ജീവിതത്തിലെ അതിവൈകാരികവും വേദനാജനകവുമായ മുഹൂര്‍ത്തമാണിത്. ചോരപ്പാടു മാറാത്ത കുഞ്ഞിന്റെ മൂര്‍ധാവില്‍ അവസാനമായി ചുംബിച്ച്, അതിനെ മാറിലെ ചൂടില്‍നിന്നടര്‍ത്തിമാറ്റി, തൊട്ടിലില്‍ സമര്‍പ്പിച്ച് തേങ്ങലോടെ ആ അമ്മ പുറത്തേക്ക്. ആ നിമിഷം, തൊട്ടിലില്‍ പുതിയ അതിഥിയെത്തിയതറിഞ്ഞ് ഓടിയെത്തുന്ന പോറ്റമ്മമാരുടെ കൈകളില്‍ ആ കുഞ്ഞ്....

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള, തിരുവനന്തപുരത്തെ 'ഇലക്‌ട്രോണിക് അമ്മത്തൊട്ടിലാ'ണ് രംഗം. പലവിധ പ്രാരബ്ധങ്ങള്‍കൊണ്ട്, പെറ്റകുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്നപ്പോഴും ആ അമ്മ തിരഞ്ഞെടുത്തത് തന്റെ കുഞ്ഞിന്റെ സുരക്ഷിത ഭാവിയാണ്. അനര്‍ഹമായ കരങ്ങളില്‍ കുഞ്ഞ് എത്തിപ്പെടുന്നില്ല എന്ന ഉറപ്പ് ആ അമ്മയ്ക്കുണ്ട്. നമ്മുടെ നാട്ടില്‍ പലര്‍ക്കുമില്ലാത്തതും ഈ ബോധംതന്നെ. തെരുവിന്റെ മൂലയില്‍നിന്നു കിട്ടിയ അനാഥശിശുവിനെ എന്തു ചെയ്യണമെന്നറിയാതെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുഴങ്ങിയത് വടക്കേ മലബാറിലാണ്. എല്ലാവിധ നിയമസാധുതയോടുംകൂടി കുഞ്ഞിനെ ദത്തു നല്കാന്‍ കഴിവുള്ള അംഗീകൃത കേന്ദ്രങ്ങള്‍ ഏതൊക്കെയെന്ന തിരിച്ചറിവ് സാധാരണക്കാര്‍ക്കും അധികൃതര്‍ക്കും ഉണ്ടാവേണ്ടതുണ്ട്. അത്തരമൊരു പരിശീലനം തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടായിരുന്ന സോമന്റെ താത്പര്യത്തില്‍ നടന്നിരുന്നു. സാമൂഹികക്ഷേമവകുപ്പ് മുന്‍കൈയെടുത്താണ് സംസ്ഥാനത്തെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പതിനൊന്നു ബാച്ചുകളിലായി പരിശീലനം നല്കിയത്. എന്നാലതും ഉദ്ദേശിച്ച ഫലം നല്കിയില്ല.

അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍, ജില്ലാ ശിശുക്ഷേമ സമിതി ഓഫീസുകള്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ഓഫീസുകള്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ എന്നിവ സംബന്ധിച്ച ബോധവത്കരണം സര്‍ക്കാര്‍ ആസ്​പത്രികള്‍ വഴിയുണ്ടാവുന്നത് അനാഥശിശുക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായകമാവുമെന്ന് വൈത്തിരി 'ഹോളി ഇന്‍ഫന്റ് മേരി ഗേള്‍സ് ഹോമി'ലെ സിസ്റ്റര്‍ ജെയിന്‍ അഭിപ്രായപ്പെടുന്നു.



കേന്ദ്രസര്‍ക്കാറിന്റെ വനിതാ-ശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള 'സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി', സംസ്ഥാന സാമൂഹികക്ഷേമ വകുപ്പുമായി സഹകരിച്ചാണ് അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് ശിശുക്ഷേമസമിതിയടക്കം പതിന്നാല് സ്ഥാപനങ്ങള്‍ക്കാണ് കുട്ടികളെ നല്കാന്‍ അംഗീകാരമുള്ളത്. ഇതിനുപുറമെ, സാമൂഹികക്ഷേമവകുപ്പിനു കീഴിലുള്ള കാസര്‍കോട്, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില്‍ഡ്രന്‍സ് ഹോമുകളിലും ദത്തെടുക്കല്‍ സൗകര്യമുണ്ട്. (അംഗീകൃത കേന്ദ്രങ്ങളുടെ പട്ടികയും വിശദവിവരങ്ങളും ഇതോടൊപ്പം)




ഫൗണ്ട്‌ലിങ് ഹോമുകളും ദത്തെടുക്കല്‍ കേന്ദ്രങ്ങളും



ദത്തെടുക്കല്‍ കേന്ദ്രമെന്ന അംഗീകാരം നേടുന്നതിന്റെ ആദ്യപടിയായി സ്ഥാപനം 'ഫൗണ്ട്‌ലിങ് ഹോം' ലൈസന്‍സ് വാങ്ങണം. അഞ്ച് വയസ്സുവരെയുള്ള കുട്ടികളെ നിയമപരമായി താമസിപ്പിക്കാനുള്ള അനുമതിയാണിത്. ഈ അനുമതിയില്ലാത്ത ഒരു സ്ഥാപനത്തിലും അനാഥശിശുക്കളെ താമസിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ കുട്ടികളെത്തന്നെ ദത്ത് നല്കണമെങ്കില്‍ ദത്തെടുക്കല്‍ ലൈസന്‍സ് കൂടി തേടേണ്ടതുണ്ട്.

അഞ്ചുമുതല്‍ പന്ത്രണ്ടുവരെ പ്രായമുള്ളവര്‍ 'ചില്‍ഡ്രന്‍സ് ഹോമി'ലാണ് താമസിക്കുക. സംസ്ഥാനത്തെ 'അഡോപ്ഷന്‍ കോ-ഓര്‍ഡിനേറ്റിങ് ഏജന്‍സി' (എ*എ)യില്‍ അംഗത്വമെടുത്ത്, ആവശ്യമായ ഭൗതിക സാഹചര്യങ്ങളുണ്ടെന്ന് തെളിയിച്ചാണ് ലൈസന്‍സ് നേടേണ്ടത്. ഫൗണ്ട്‌ലിങ് ലൈസന്‍സ് മാത്രമുള്ളവര്‍ക്ക് ഈ കേന്ദ്രങ്ങള്‍ വഴിയേ കുട്ടികളെ കൈമാറാനാവൂ. അംഗീകാരത്തിനുള്ള അപേക്ഷ സാമൂഹികക്ഷേമവകുപ്പ് ഡയറക്ടര്‍ക്കാണ് നലേ്കണ്ടത്. വകുപ്പുതല സംഘമെത്തി പരിശോധിച്ച്, പ്രൊബേഷന്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്താല്‍ ലൈസന്‍സ് നല്കും. കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്കുക. അതിനിടയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും.





ദത്തെടുക്കല്‍-രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും



രാജ്യത്തിനകത്തുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ നല്കാനേ മേല്പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് അനുമതിയുള്ളൂ. വിദേശികള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും ദത്തുനല്കാന്‍ ഈ ലൈസന്‍സ് (ഇന്‍-കണ്‍ട്രി) പോരാ, 'ഇന്റര്‍ കണ്‍ട്രി അഡോപ്ഷന്‍ ലൈസന്‍സ്' തന്നെ വേണം. അംഗീകാരം കിട്ടി തൃപ്തികരമായി മൂന്നുനാലു വര്‍ഷം പിന്നിട്ട സ്ഥാപനങ്ങള്‍ക്ക് രാജ്യാന്തര ദത്തെടുക്കല്‍ അനുമതിക്ക് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ സാമൂഹികക്ഷേമവകുപ്പുവഴി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന് ശുപാര്‍ശ നല്കുകയും കേന്ദ്രം അത് അംഗീകരിക്കുകയും വേണം. കേരളത്തിലെ പതിന്നാല് സ്ഥാപനങ്ങള്‍ക്കും ഇന്‍ കണ്‍ട്രി അഡോപ്ഷന്‍ അനുമതിയുള്ളപ്പോള്‍ രാജ്യാന്തര ദത്തു നല്കലിന് അഞ്ചു സ്ഥാപനങ്ങള്‍ക്കുമാത്രമാണ് അധികാരമുള്ളത്. പല സ്ഥാപനങ്ങളും രാജ്യാന്തര ദത്തുനല്‍കല്‍ അനുമതിക്ക് ശ്രമിക്കുമ്പോള്‍, അത് ലഭിക്കാനിടയുണ്ടായിട്ടും വേണ്ടെന്നു വെച്ചു, ശിശുക്ഷേമ സമിതിയെന്ന് ജനറല്‍ സെക്രട്ടറി പി.കൃഷ്ണന്‍ പറയുന്നു. പരമാവധി കുട്ടികളെ തദ്ദേശീയരായ രക്ഷിതാക്കള്‍ക്കു ലഭിക്കട്ടെയെന്ന ചിന്താഗതിയാണ് ഇതിനുപിന്നില്‍.

2002 നവംബര്‍ 14 ന് തൈക്കാട് തുടങ്ങിയ അമ്മത്തൊട്ടിലില്‍ ഇതുവരെ 105 കുട്ടികളെ ലഭിച്ചു. തൊട്ടിലിലെ കന്നി അതിഥി മൂന്നാം നാള്‍ ലഭിച്ച നിത്യയായിരുന്നു. ഒടുവിലത്തേത് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ തൊട്ടിലില്‍ നിന്നു കിട്ടിയ കുഞ്ഞും. തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇതിനകം അമ്മത്തൊട്ടിലുകള്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. എറണാകുളത്തൊഴികെ മറ്റു ജില്ലകളില്‍ തൊട്ടില്‍ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതിനായി അമ്പതുലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് പി.കൃഷ്ണന്‍ പറഞ്ഞു. സമിതി മലപ്പുറത്തെ കോഡൂരില്‍ തുടങ്ങിയ കേന്ദ്രത്തില്‍ നിന്നുലഭിച്ച ആറുകുട്ടികളടക്കമാണ് 105 കുട്ടികള്‍. 44 കുട്ടികളാണ് ഇപ്പോള്‍ സമിതിയിലുള്ളത്. 2000 മുതല്‍ 2009 ജൂലായ് വരെ തൊട്ടിലില്‍ നിന്നുകിട്ടിയ കുട്ടികളടക്കം 190 കുട്ടികളെ ഇവിടെ നിന്ന് ദത്തുനല്‍കി. അതേ സമയം, സമിതി കൂടി അടങ്ങുന്ന 'അഡോപ്ഷന്‍ കോ- ഓര്‍ഡിനേഷന്‍ അതോറിറ്റി' കഴിഞ്ഞ പതിനാറു വര്‍ഷത്തിനകം 2500 ലധികം ദമ്പതിമാര്‍ക്കും ഏക രക്ഷാകര്‍ത്താവിനും കുട്ടികളെ നല്‍കി.

വിധിവശാല്‍ അനാഥത്വത്തിലേക്ക് വഴുതിവീണ കുട്ടികളോട് മനുഷ്യപ്പറ്റുള്ള ആര്‍ക്കും ചെയ്യാവുന്ന പുണ്യം, അവരെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുള്ള അംഗീകൃത അഭയകേന്ദ്രങ്ങളില്‍ എത്തിക്കുകയെന്നതാണ്. ഒരു ജീവിതം സാര്‍ഥകമാകാനും അത്രയും ധാരാളം.
ഒട്ടേറെ സങ്കീര്‍ണതകളും വൈകാരികമാനങ്ങളുമുള്ള ഒരു പ്രക്രിയയാണ് ദത്തെടുക്കല്‍. ദത്തെടുക്കുന്നതിന് മുമ്പുള്ള രക്ഷിതാക്കളുടെ മനസ്സൊരുക്കവും അതിനുശേഷമുള്ള പക്വതയാര്‍ന്ന സമീപനങ്ങളും ഏറെ പ്രധാനമാണ്. ഗൗരവമുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
കുടുംബം കുഞ്ഞിന്റെ അവകാശം - 2 കുടുംബം കുഞ്ഞിന്റെ അവകാശം - 2 Reviewed by Mash on 20:21 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.