കുടുംബം കുഞ്ഞിന്റെ അവകാശം-1

സനാഥരായത് അയ്യായിരത്തിലേറെ കുട്ടികള്‍


ദത്തുകേന്ദ്രത്തിലെ ആട്ടുതൊട്ടിലില്‍ കൈകാലിട്ടടിച്ചു കിടക്കുന്ന രണ്ടോ മൂന്നോ മാസം മാത്രം
പ്രായമായ ഒരിളംകുഞ്ഞ്. പിറക്കുമ്പോഴേ മാതാപിതാക്കള്‍ അനാഥമാക്കിയ ജന്മം. ആ കുഞ്ഞിനെ സ്വന്തമായിക്കണ്ട് സ്വീകരിച്ച്, ആ കണ്ണിന്റെ നനവൊപ്പി, നെഞ്ചിലെ ചൂടുപകര്‍ന്നുറക്കി,
ശിഷ്ടജീവിതം മുഴുവന്‍ അവനോ അവള്‍ക്കോ വേണ്ടി മാറ്റിവെച്ച്, അതിനുമേല്‍ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തണല്‍ വിരിച്ച്... ഒരനാഥ ജന്മത്തിന് കൈത്താങ്ങായി,
അതിനെ സനാഥമാക്കുന്നതിലും വലിയ പുണ്യകര്‍മം വേറെയുണ്ടോ?
-ദത്തെടുക്കലിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യുന്ന അന്വേഷണപരമ്പര




1990 ഏപ്രില്‍ ഒന്നുമുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള പത്തൊമ്പതുവര്‍ഷം കേരളത്തിലെ അംഗീകൃത ദത്തുകേന്ദ്രങ്ങളില്‍നിന്ന് 4865 കുട്ടികളെയാണ് രക്ഷിതാക്കള്‍ നിറമനസ്സോടെ ഏറ്റുവാങ്ങിയത്. അതിനുശേഷം, ഈ വര്‍ഷം ഇതുവരെ 'അഡോപ്ഷന്‍ കോ-ഓര്‍ഡിനേറ്റിങ് ഏജന്‍സി'യില്‍നിന്ന് നൂറ്റിപ്പത്തും മറ്റ് അംഗീകൃത കേന്ദ്രങ്ങളില്‍നിന്ന് നാല്പതോളവും കുട്ടികള്‍ക്ക് രക്ഷാകര്‍തൃത്വം ലഭിച്ചു. ഇതുകൂടി ചേര്‍ക്കുമ്പോള്‍ ഇരുപതാണ്ടിനിടെ അയ്യായിരത്തിലേറെ കുട്ടികള്‍ക്ക് സുരക്ഷിതമായ ജീവിതം ലഭിച്ചു എന്നു കാണാം. പ്രതീക്ഷാനിര്‍ഭരമാണ് ദേശീയതലത്തിലെ കണക്കെടുപ്പും. അവിടെ 2001 മുതലുള്ള എട്ടു വര്‍ഷംകൊണ്ട് 27,191 കുട്ടികളാണ് ദത്തെടുക്കപ്പെട്ടത്.

ദത്തെടുക്കല്‍ എന്ന കര്‍മത്തിന് സാവധാനമാണെങ്കിലും അംഗീകാരം നല്‍കാന്‍ സമൂഹം തയ്യാറാവുന്നു. ഭൂമിയില്‍ പിറവിയെടുക്കുന്ന ഓരോ കുഞ്ഞിനും വീടിന്റെ സുരക്ഷിതത്വത്തില്‍ വളരാനുള്ള അവകാശമുണ്ടെന്ന് അവര്‍ക്കും ബോധ്യമാവുന്നു. വന്ധ്യത ഒരു കുറ്റമല്ലെന്നും സ്വന്തം രക്തത്തില്‍ പിറക്കാതെയും മക്കളാവാമെന്നും ദമ്പതിമാര്‍ക്കും ബോധ്യപ്പെടുന്നു. ഇത്തരം പശ്ചാത്തലത്തില്‍ ഏറെ ശുഭകരമാണ് ദത്തെടുക്കല്‍ സംബന്ധിച്ച ഈ കണക്കുകള്‍.


ദത്തെടുക്കാനെത്തുന്നവര്‍ക്ക് പ്രിയം പെണ്‍കുഞ്ഞുങ്ങളോടാണെന്ന് കേരളം സാക്ഷ്യപ്പെടുത്തുന്നു. പെണ്‍ഭ്രൂണഹത്യയ്ക്ക് പ്രകടമായ മുന്‍തൂക്കമുള്ള നാട്ടില്‍ ഇതൊരു വൈരുദ്ധ്യമായിത്തോന്നാം. തൊട്ടയല്‍പക്കത്തെ തമിഴ്ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞുങ്ങളോടാണ് കൂടുതല്‍ താത്പര്യമെന്നതും യാഥാര്‍ഥ്യം മാത്രം. മേല്പറഞ്ഞ പത്തൊമ്പതു വര്‍ഷംകൊണ്ട് 2221 ആണ്‍കുട്ടികളെ ദത്തെടുത്തപ്പോള്‍, പെണ്‍കുട്ടികളുടെ എണ്ണം 2644 ആണ്. 1820 ആണ്‍കുട്ടികളും 2176 പെണ്‍കുട്ടികളും രാജ്യത്തിനകത്തുതന്നെ ദത്തെടുക്കപ്പെട്ടു. അതേസമയം, വിദേശികളും വിദേശഇന്ത്യക്കാരും ദത്തെടുത്തത് 401 ആണ്‍കുട്ടികളെയും 468 പെണ്‍കുട്ടികളെയുമാണ്. 2008 ലും 2009 ലും മാത്രം ആണ്‍കുട്ടികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന കാണാമെങ്കിലും അത് ദത്തുകേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതുമൂലം സംഭവിച്ചതാണ്. പെണ്‍കുട്ടികളോട് മലയാളികള്‍ കാട്ടുന്ന ഈ സഹാനുഭൂതി പ്രതീക്ഷാജനകമാണെന്ന് സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറി ഉഷാ ടൈറ്റസ് പറയുന്നു.

വന്ധ്യതാനിരക്കിലെ വര്‍ധനയും, ദത്തെടുക്കലിനോടുള്ള അനുഭാവവും മൂലം ദത്തെടുക്കല്‍ കേന്ദ്രങ്ങളിലെത്തുന്ന ദമ്പതികള്‍ ഏറെയാണിന്ന്. നാനൂറ്റിഅമ്പതിലേറെ ദമ്പതികള്‍ കുഞ്ഞിനുവേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍, സംസ്ഥാനത്തെ പതിന്നാല് അംഗീകൃത കേന്ദ്രങ്ങളില്‍ ആകെയുള്ള കുട്ടികള്‍ 199 മാത്രമാണ്. ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ കുറയുന്നത് ആശാവഹമെങ്കിലും അവിഹിതമായി കൈമാറ്റം ചെയ്യപ്പെടുന്ന കുട്ടികള്‍ വര്‍ധിക്കുന്നു എന്ന മറുവശം കാണാതിരിക്കാനാവില്ല. അനാഥാലയങ്ങളില്‍ വളരുന്ന തികച്ചും അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കലിനായി വിട്ടുതരാന്‍ അവയുടെ നടത്തിപ്പുകാര്‍ തയ്യാറാവുന്നില്ല എന്നതും ഒരു പ്രശ്‌നമാണ്.


ദത്തെടുക്കലില്‍ പ്രാഥമികമായി സംരക്ഷിക്കപ്പെടേണ്ടത് കുട്ടികളുടെ അവകാശങ്ങളാണ്. ദമ്പതികളുടെ താത്പര്യംപോലും രണ്ടാമതായേ വരുന്നുള്ളൂ. ചിലപ്പോഴൊക്കെ ഇത് കുട്ടിയുടെ അവകാശങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. എങ്കിലും, പ്രതീക്ഷയ്ക്ക് വകയുണ്ട്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ 'സമഗ്ര ശിശുസംരക്ഷണ പദ്ധതി' (ഐ.സി.പി.എസ്.) യും ഏതാനും മാസത്തിനകം പ്രാബല്യത്തില്‍ വരുന്ന, കുട്ടികളുടെ പുനരധിവാസത്തിലും അസ്ഥാപനവത്കരണത്തിലുമൂന്നിയ പുതിയ ദത്തെടുക്കല്‍ നിയമത്തിലും കുട്ടിയുടെ താത്പര്യത്തിനും സംരക്ഷണത്തിനും തന്നെയാവും മുന്‍ഗണന.


* * * * * * * * * * * * * * *

കുടുംബം കുഞ്ഞിന്റെ അവകാശം


ദത്തെടുക്കലിനെക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ലെങ്കിലും അതിന്റെ ലക്ഷ്യവും
നടപടിക്രമങ്ങളും ശരിയായി അറിയുന്നവര്‍ വിരളമാണെന്നത് വാസ്തവം മാത്രം. ദത്തെടുക്കലിന്
മനസ്സൊരുക്കുന്ന ദമ്പതിമാര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ല. ദത്തെടുക്കലില്‍
രക്ഷിതാക്കളുടെ താത്പര്യം രണ്ടാം സ്ഥാനത്താണെന്നും പ്രധാനം കുട്ടിയുടെ അവകാശസംരക്ഷണമാണെന്നുമുള്ള തിരിച്ചറിവില്‍ തുടങ്ങുന്നു, പുതിയ പാഠങ്ങള്‍



കുറച്ചുനാള്‍ മുമ്പാണ്, അമൃത ടി.വി.യിലെ 'സാന്ത്വനം' പരിപാടിയില്‍ കോഴിക്കോട്ടെ സെന്റ് വിന്‍സന്റ് ഹോമിലെ അനാഥശിശുക്കളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് വന്നു. അത് സംപ്രേഷണം ചെയ്തുകഴിഞ്ഞതും അവിടത്തെ സിസ്റ്റര്‍ റോസ്‌മേരിക്ക് പല ഫോണ്‍കോളുകളും വന്നു. പരിപാടിയില്‍ കാണിച്ച സുന്ദരന്മാരും സുന്ദരികളുമായ ശിശുക്കളെ തങ്ങള്‍ക്ക് ദത്ത് തന്നുകൂടെ എന്നായിരുന്നു അന്വേഷണങ്ങളുടെ ഉള്ളടക്കം. തങ്ങള്‍ പറയുന്ന കുട്ടികളെ കിട്ടാന്‍ എത്ര പണവും ചെലവഴിക്കാമെന്ന് ചിലര്‍ വാഗ്ദാനം ചെയ്തു. കുട്ടിയെ കൂട്ടിക്കൊണ്ടുപോരാന്‍ തങ്ങള്‍ എപ്പോഴാണ് വരേണ്ടതെന്ന് ബിരുദധാരികളായ ദമ്പതിമാരുടെ ചോദ്യം. ഇതെല്ലാം കേട്ട് അമ്പരന്നിരുന്നുപോയി സിസ്റ്റര്‍.

ദത്തെടുക്കലിനെക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ലെങ്കിലും അതിന്റെ ലക്ഷ്യവും നടപടിക്രമങ്ങളും ശരിയായി അറിയുന്നവര്‍ വിരളമാണെന്നത് വാസ്തവം മാത്രം. ദത്തെടുക്കലിന് മനസ്സൊരുക്കുന്ന ദമ്പതിമാര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ല. ദത്തെടുക്കലില്‍ രക്ഷിതാക്കളുടെ താത്പര്യം രണ്ടാം സ്ഥാനത്താണെന്നും പ്രധാനം കുട്ടിയുടെ അവകാശസംരക്ഷണമാണെന്നുമുള്ള തിരിച്ചറിവില്‍ തുടങ്ങുന്നു, പുതിയ പാഠങ്ങള്‍. പുരോഗമനാത്മകമായ ഈ നടപടിയിലൂടെ 'കുടുംബത്തിന് ഒരു കുഞ്ഞ്' എന്നല്ല, 'കുഞ്ഞിന് ഒരു കുടുംബം' എന്നാണ് അര്‍ഥമാക്കേണ്ടതെന്നും തിരിച്ചറിയുക. ദമ്പതിമാരുടെ അനുപത്യതാ ദുഃഖത്തിന് പരിഹാരമാവുമ്പോള്‍ത്തന്നെ തെരുവില്‍ അലഞ്ഞുതീരേണ്ട ഒരു ജന്മത്തെ സാര്‍ഥകമാക്കുക കൂടി ചെയ്യുന്നു, ദത്തെടുക്കല്‍.

ദത്തെടുക്കല്‍ സംബന്ധിച്ച് ഏവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. നിയമപരമായ ദത്തെടുക്കല്‍ വ്യക്തികള്‍ക്കും ദമ്പതിമാര്‍ക്കും ചെയ്യാം. വിവാഹാനന്തരം മൂന്നു വര്‍ഷക്കാലം ഒരുമിച്ചു ജീവിക്കുന്ന ഇന്ത്യന്‍ ദമ്പതിമാര്‍ക്കും അവിവാഹിതര്‍, വിധവകള്‍, വിഭാര്യന്മാര്‍, വിവാഹമോചിതര്‍ തുടങ്ങിയ ഏക രക്ഷാകര്‍ത്താക്കള്‍ക്കും ദത്തെടുക്കാം. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാവാത്ത ദമ്പതിമാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഏകീകൃത നിയമം നിലവിലില്ലെങ്കിലും 'ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട്', 'ജുവനൈല്‍ ജസ്റ്റിസ് ആക്ട്' എന്നിവ പ്രകാരം ദത്തെടുക്കുന്നത് കുട്ടികള്‍ക്ക് ഗുണകരമാവും.

ദത്തെടുക്കലിന് യോഗ്യത നേടുന്നത് 'സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി' (കാര) യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ്. ദമ്പതിമാരുടെ പ്രായം കൂട്ടിയാല്‍ തൊണ്ണൂറ് കവിയരുത്. ഓരോരുത്തരുടെയും പ്രായം നാല്പത്തഞ്ച് കടക്കരുത്. കുടുംബപഠന റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ ഇളവ് നല്‍കാമെങ്കിലും യാതൊരു കാരണവശാലും ദമ്പതിമാരില്‍ ഒരാള്‍ക്കും അമ്പത്തഞ്ചിനപ്പുറം പ്രായം പാടില്ല. ദമ്പതികളില്‍ ഒരാളെങ്കിലും പത്താതരം പാസാവണം എന്നൊരു നിബന്ധനയുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഉള്‍പ്പെടുത്തിയ ഈ വ്യവസ്ഥ പക്ഷേ, 'കാര'യുടെ മാര്‍ഗരേഖയിലില്ല. പ്രായോഗിക പരിചയമുണ്ടെങ്കില്‍ ഇതിലും ഇളവ് നല്കാം. ദമ്പതിമാര്‍ക്ക് വീട് അല്ലെങ്കില്‍ പ്രതിമാസം അയ്യായിരം രൂപയെങ്കിലും പ്രതിഫലം ലഭിക്കുന്ന ജോലി ഉണ്ടാവണം. അവരുടെ ശാരീരിക-മാനസികാരോഗ്യനിലകള്‍ തൃപ്തികരമാവണം. ദാമ്പത്യബന്ധം സുദൃഢമാകണം.

ഏകരക്ഷാകര്‍ത്താവിന് നാല്പത്തഞ്ച് വയസ്സ് കവിഞ്ഞിട്ടില്ലെങ്കില്‍ ദത്തെടുക്കാം. അതിനുപക്ഷേ, നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമാണ്. മുപ്പതു വയസ്സായാലേ ദത്തെടുക്കാന്‍ കഴിയൂ. രക്ഷാകര്‍ത്താവും ദത്തുകുട്ടിയും തമ്മില്‍ ഇരുപത്തൊന്നു വയസ്സിന്റെ വ്യത്യാസം വേണം. സ്ത്രീകള്‍ക്ക് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ദത്തെടുക്കാമെങ്കിലും പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്ത് നല്കൂ. ലൈംഗികവും മറ്റുമായ ചൂഷണങ്ങള്‍ തടയാനുദ്ദേശിച്ചാണ് ഈ വ്യവസ്ഥ.

രക്ഷിതാക്കളുടെ പ്രായംതെളിയിക്കുന്ന രേഖകള്‍, വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വൈദ്യപരിശോധനാ റിപ്പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, വന്ധ്യതാ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍മാത്രം), ഭൂമിയുടെയും കെട്ടിടത്തിന്റെയും അവകാശം സംബന്ധിച്ച രേഖകള്‍, ദമ്പതിമാരുടെ ജീവിതനിലവാരം സാക്ഷ്യപ്പെടുത്തുന്ന, സമീപവാസികളായ രണ്ട് പ്രമാണിമാരുടെ സാക്ഷ്യപത്രം, ദത്തുകുട്ടിയെ സ്വന്തമായിക്കണ്ട് സംരക്ഷിക്കാമെന്ന സത്യവാങ്മൂലം, സോഷ്യല്‍ വര്‍ക്കറുടെയോ പ്രൊബേഷന്‍ ഓഫീസറുടെയോ കുടുംബ പഠന റിപ്പോര്‍ട്ട്, കുട്ടിയുടെ പേരില്‍ കുറഞ്ഞത് 25,000 രൂപ നിക്ഷേപിച്ചതിന്റെ രേഖ, ദമ്പതിമാര്‍ക്ക് അകാലമരണമോ മറ്റു അത്യാഹിതങ്ങളോ വന്നാല്‍ കുഞ്ഞിനെ ഏറ്റെടുത്ത് സംരക്ഷിക്കാമെന്ന് അടുത്തതും പ്രായംകുറഞ്ഞതുമായ ബന്ധുവിന്റെ സത്യവാങ്മൂലം എന്നിവയുടെ മൂന്നു പകര്‍പ്പുകള്‍ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. ദമ്പതിമാരുടെ നാല് പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോകളും രണ്ടാം ദത്താണെങ്കില്‍ ആദ്യ ദത്ത് അനുവദിച്ചതിന്റെ പകര്‍പ്പും വേണം.

അംഗീകൃത കേന്ദ്രങ്ങളില്‍നിന്ന് ദത്തെടുക്കലിന്റെ നടപടിക്രമങ്ങള്‍ വിശദമായി മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ സോഷ്യല്‍വര്‍ക്കര്‍ കുടുംബ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. അതിന്റെ ഭാഗമായി ദമ്പതിമാരെ വെവ്വേറെയും ഒരുമിച്ചും കണ്ട് അവരുടെ മനോഭാവം ആരായും. ബന്ധുമിത്രാദികള്‍, അയല്‍ക്കാര്‍ എന്നിവരുമായും സംസാരിച്ചശേഷമാവും റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ദത്തെടുക്കല്‍ പ്രക്രിയയില്‍ ഇത് നിര്‍ണായകമാണ്. ഈ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ദമ്പതിമാര്‍ക്ക് കുഞ്ഞിനെ കാണാനും അതിന്റെ ആരോഗ്യനില പരിശോധിച്ചറിയാനും അവസരമുണ്ടാവും. ദത്തെടുക്കലിന് മുന്‍പും പിന്‍പും ദമ്പതിമാര്‍ക്ക് കൗണ്‍സലിങ് നല്കും. ജില്ലാ കോടതികള്‍ വഴിയാണ് ദത്ത് അനുവദിക്കുക.

രാജ്യത്തിനകത്തുനിന്നുള്ള ദത്തെടുക്കലുകള്‍ക്ക് പരമാവധി നലേ്കണ്ട പ്രതിഫലം ഇരുപത്തയ്യായിരം രൂപയാണ്. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ ചുരുക്കാം. കുട്ടി സ്ഥാപനത്തിലെത്തിയ ദിവസം മുതല്‍ ദത്ത് നല്കുന്നതുവരെ പ്രതിദിനം അമ്പത് രൂപ നിരക്കിലും പരമാവധി 15,000 രൂപയിലും ഒതുങ്ങുന്ന തുക രക്ഷിതാക്കളില്‍നിന്നും ഈടാക്കാം. ശിശുവിന് വൈദ്യപരിചരണം വേണ്ടിവന്നിട്ടുണ്ടെങ്കില്‍ രേഖകള്‍ പ്രകാരം ഒമ്പതിനായിരം രൂപയോ ബില്‍ തുകയോ ഏതാണോ കുറവ് ആ തുക നല്കണം. കുടുംബപഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ആയിരം രൂപ ഈടാക്കാനും നിയമമുണ്ട്. ഇതിനു പുറമെ, വക്കീലിന്റെ ചെലവിലേക്ക് നാലായിരം രൂപ ചില സ്ഥാപനങ്ങള്‍ വാങ്ങുന്നുണ്ട്. കുട്ടിയുടെ ഭദ്രത ലക്ഷ്യമാക്കി, അതിന്റെ പേരില്‍ 25,000 രൂപ നിക്ഷേപിക്കുന്ന പതിവ് കേരളത്തിലുണ്ട്. ചില ജില്ലാ ജഡ്ജിമാര്‍, ദമ്പതിമാരുടെ സാമ്പത്തികനില നോക്കി ഈ തുക ഒരുലക്ഷംവരെയായി ഉയര്‍ത്താന്‍ നിര്‍ദേശിക്കാറുണ്ട്. സാമ്പത്തികഭദ്രത കുറഞ്ഞ രക്ഷിതാക്കളില്‍നിന്ന് സംരക്ഷണച്ചെലവുകള്‍ ഈടാക്കരുതെന്ന് കേന്ദ്രസഹായം വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ബാലമന്ദിരങ്ങള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.

കുട്ടികളുടെ മാനസിക വികാസം ലക്ഷ്യമാക്കി മറ്റു ചില നിബന്ധനകള്‍കൂടി 'കാര' മുന്നോട്ടുവെക്കുന്നു. ദത്തെടുക്കാനെത്തുന്ന രക്ഷിതാക്കള്‍ക്ക് ഒരേസമയം ഒന്നില്‍ക്കൂടുതല്‍ കുട്ടികളെ കാണിക്കാതിരിക്കുകയാണ് അതിലൊന്ന്. അതുപോലെ സഹോദരന്മാരോ, സഹോദരികളോ, ഇരട്ടകളോ ഒരു സ്ഥാപനത്തിലുണ്ടെങ്കില്‍ അവരെ വേര്‍പിരിക്കാതെ ഒരേ ദമ്പതിമാര്‍ക്കുതന്നെ ദത്ത് നല്കണം. എന്നാല്‍, ഒരു ദമ്പതിമാര്‍ക്ക് ഒരേസമയം വ്യത്യസ്തരായ രണ്ടു കുട്ടികളെ ദത്ത് നല്കരുതെന്നുമുണ്ട് വ്യവസ്ഥ. രണ്ടുമാസം മുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളെ രക്ഷിതാക്കളുടെ പ്രായനിബന്ധനവെച്ച് ദത്തെടുക്കാം.

ദത്തെടുത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ 'കേരള അഡോപ്റ്റീവ് ഫാമിലീസ് ഓര്‍ഗനൈസേഷ'നും (കാഫോ) പ്രശ്‌നപരിഹാരങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ട്. കുടുംബം ഓരോ കുഞ്ഞിന്റെയും അവകാശമാണെന്ന യാഥാര്‍ഥ്യം ഇവര്‍ പ്രചരിപ്പിക്കുന്നു.

കടപ്പാട് :കെ.ശ്രീകുമാര്‍ (മാത്രുഭൂമി ദിനപത്രം)
കുടുംബം കുഞ്ഞിന്റെ അവകാശം-1 കുടുംബം കുഞ്ഞിന്റെ അവകാശം-1 Reviewed by Mash on 20:19 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.