പരീക്ഷണശാലയില്‍ കൃത്രിമജീവന്‍ പിറന്നു

പൂര്‍ണമായും മനുഷ്യനിര്‍മിതമായ ജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഏതാണ്ട് പത്തുവര്‍ഷംകൊണ്ട് നാലുകോടി ഡോളര്‍ ചെലവിട്ട് നടത്തിയ ഗവേഷണത്തിലാണ് 'കൃത്രിമജീവന്‍' സൃഷ്ടിക്കാന്‍ അമേരിക്കന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞത്. ജനിതകസാങ്കേതിക രംഗത്തെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ഈ മുന്നേറ്റത്തിന്റെ വിവരം പുതിയലക്കം 'സയന്‍സ്' വാരികയിലാണുള്ളത്.
മേരിലന്‍ഡിലെ റോക്ക്‌വില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ആദ്യമായി കൃത്രിമജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിച്ചു ചരിത്രം രചിച്ചത്. ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞനും മാനവജിനോം കണ്ടെത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചവരില്‍ ഒരാളുമായ ഡോ. ക്രെയ്‌സ് വെന്ററിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ശാസ്ത്രമുന്നേറ്റം എന്നതുപോലെ തന്നെ ഒട്ടേറെ നൈതികപ്രശ്‌നങ്ങളും ഉയര്‍ത്തിയേക്കാവുന്ന ഈ ഗവേഷണം വലിയ ആകാംക്ഷയാണ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. ജനിതകസാങ്കേതികരംഗത്ത് ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു.

കൃത്രിമജീവന്‍ പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതിന് മുന്നോടിയായി, ഒരു ബാക്ടീരിയം ജിനോം നേരത്തെ ഡോ.വെന്ററും കൂട്ടരും രൂപപ്പെടുത്തിയിരുന്നു. മാത്രമല്ല, ഒരു ബാക്ടീരിയത്തിന്റെ ജിനോം മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയുമെന്നും അവര്‍ തെളിയിക്കുകയുണ്ടായി. ഈ രണ്ട് മുന്നേറ്റങ്ങളും കൂട്ടിയിണക്കിയാണ് കൃത്രിമജീവരൂപത്തിന് രൂപംനല്‍കിയത്.

ഡോ.വെന്ററും കൂട്ടരും രൂപംനല്‍കിയ സൂക്ഷ്മജീവിയുടെ ശരീരത്തില്‍ 485 ജീനുകളാണുള്ളത് (മനുഷ്യശരീരത്തില്‍ 20,000 ലേറെ ജീനുകളുണ്ട്). ഓരോ ജീനും ഏതാണ്ട് പത്തുലക്ഷം ബേസ് ജോഡികളുപയോഗിച്ച് നിര്‍മിച്ചവയാണ്. വളരെ ലളിതമായ ഒന്നാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടതെങ്കിലും, ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമായ ജീവരൂപങ്ങള്‍ സൃഷ്ടിക്കാനുള്ള വഴിതുറക്കുകയാണ് അത് ചെയ്യുന്നത്.
ജൈവഇന്ധനങ്ങള്‍ രൂപപ്പെടുത്താനും, മാലിന്യങ്ങള്‍ ഒഴിവാക്കുമൊക്കെ ശേഷിയുള്ള ബാക്ടീരിയങ്ങള്‍ക്ക് രൂപം നല്‍കാന്‍ പുതിയ സങ്കേതം സഹായിക്കുമെന്ന് ഡോ.വെന്റര്‍ പറയുന്നു. എന്നാല്‍, 'ദൈവത്തിന്റെ റോള്‍' മനുഷ്യന്‍ ഏറ്റെടുത്ത് സൃഷ്ടികര്‍മം ആരംഭിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പരീക്ഷണശാലയില്‍ കൃത്രിമജീവന്‍ പിറന്നു
Reviewed by Mash
on
18:41
Rating:
No comments: