ജീവന്റെ സൃഷ്ടി മനുഷ്യന്‍ ഏറ്റെടുക്കുമ്പോള്‍

മനുഷ്യചരിത്രത്തിലെ ഏറ്റവും നിഗൂഢമായ വാതായനമാണ് കൃത്രിമജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കുക വഴി ഗവേഷകര്‍ തുറന്നിരിക്കുന്നത്. ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ മാത്രം അടിസ്ഥാനമാക്കിയാവില്ല ഇനി ജീവന്റെ തുടര്‍ച്ച. ഒപ്പം ഇത്തരമൊരു സങ്കേതം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ എന്താകും ഫലമെന്ന ആശങ്കയും ഏറുന്നു.



ഭൂമിയില്‍ ജീവന്‍ ഉടലെടുത്തത് 370 കോടി വര്‍ഷം മുമ്പായിരുന്നു എന്നാണ് ശാസ്ത്രമതം. ഇത്രകാലവും ഡാര്‍വീനിയന്‍ പരിണാമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജീവന്റെ നിലനില്‍പ്പ്. എന്നാല്‍, ഇനി മുതല്‍ ജീവപരിണാമം ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞുവെച്ച 'പ്രകൃതിനിര്‍ധാരണം' മാത്രം അടിസ്ഥാനമാക്കിയാവില്ല എന്നാണ്, പുതിയ ജീവരൂപം പരീക്ഷണശാലയില്‍ പിറന്നു എന്ന വാര്‍ത്ത നല്‍കുന്ന സൂചന. ഭാവിയില്‍ ഡിസൈനര്‍ ജീവികള്‍ക്ക് രൂപംനല്‍കാന്‍ ശാസ്ത്രലോകത്തെ പ്രാപ്തമാക്കുന്നതാണ് ഈ മുന്നേറ്റം. പ്രശസ്ത ജനിതകശാസ്ത്രജ്ഞന്‍ ഡോ.ജെ.ക്രെയ്ഗ് വെന്ററിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ്, ശാസ്ത്രഗതിയിലെ സുപ്രധാന നാഴികക്കല്ല് എന്നു വിലയിരുത്താവുന്ന മുന്നേറ്റം ഉണ്ടായിരിക്കുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വിവാദ അധ്യായവും ഇതോടെ ആരംഭിക്കുന്നു, 'ദൈവത്തിന്റെ സൃഷ്ടികര്‍മം' മനുഷ്യന്‍ ഏറ്റെടുക്കാമോ എന്ന നൈതികപ്രശ്‌നമാണ് വിവാദത്തിന്റെ കാതല്‍.

ഇരുപഞ്ചോളം ഗവേഷകരുടെ പത്തുവര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തനമാണ് പുതിയ ജീവരൂപത്തിന്റെ സൃഷ്ടിയോടെ വിജയം കണ്ടത്. 'ജീവശാസ്ത്രത്തിലെ നിര്‍ണായക നിമിഷ'മെന്ന് മുന്നേറ്റത്തെ ഒരു ഗവേഷകന്‍ വിശേഷിപ്പിച്ചു. ജൈവഇന്ധനങ്ങള്‍ നിര്‍മിക്കുക വഴി ലോകത്തിന്റെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന ബാക്ടീരിയങ്ങള്‍ക്ക് പുതിയ സങ്കേതത്തിലൂടെ രൂപംനല്‍കാനായേക്കുമെന്ന് ഡോ.ക്രെയ്ഗ് വെന്റര്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍, കാര്‍ബണ്‍ഡയോക്‌സയിഡ് ആഗിരണം ചെയ്യുക വഴി ആഗോളതാപനത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന സൂക്ഷ്മജീവികള്‍ ഇത്തരത്തില്‍ ഭാവിയില്‍ പിറവിയെടുത്തേക്കാം. അതുമല്ലെങ്കില്‍, മാലിന്യങ്ങള്‍ വിഘടിപ്പിച്ച് ശുചീകരണം നടത്താന്‍ ശേഷിയുള്ള ബാക്ടീരിയങ്ങള്‍ രംഗത്തെത്തിയേക്കാം. അതല്ലെങ്കില്‍ ഔഷധതന്മാത്രകള്‍ നിര്‍മിക്കുന്ന സൂക്ഷ്മജീവികള്‍. ഈ അര്‍ഥത്തില്‍ പുതിയൊരു യുഗപ്പിറവിയാണ് കൃത്രിമജീവന്റെ സൃഷ്ടിയോടെ സംഭവിച്ചിരിക്കുന്നത്.

എന്നാല്‍, പല ഗ്രൂപ്പുകളും ഈ ഗവേഷണം നൈതികമായി പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വാദിക്കുന്നു. ഡോ.വെന്റര്‍ 'ദൈവമാകന്‍ ശ്രമിക്കുകയാണെ'ന്ന് അവര്‍ വിമര്‍ശിക്കുന്നു. ജനിതകശാസ്ത്രത്തിന്റെ നൈതിക, ധാര്‍മിക പ്രശ്‌നങ്ങളെ സംബന്ധിച്ച് ഇതിന് മുമ്പ് ഇത്രയേറെ ആകാംക്ഷയും ആശങ്കയും ഉയര്‍ന്നത് 1996-ലായിരുന്നു; ബ്രിട്ടീഷ് ഗവേഷകനായ ഇയാന്‍ വില്‍മുട്ടും സംഘവും ക്ലോണിങിലൂടെ ആദ്യ സസ്തനിയെ സൃഷ്ടിച്ചപ്പോള്‍. ക്ലോണിങിലൂടെ മനുഷ്യനെ വരെ സൃഷ്ടിച്ചേക്കാമെന്ന വന്യമായ ആശങ്ക പല കോണുകളില്‍ നിന്നും ഉയര്‍ന്നു. ഒട്ടേറെ മുന്നേറ്റങ്ങള്‍ ക്ലോണിങ് രംഗത്ത് പിന്നീട് ഉണ്ടായെങ്കിലും തുടക്കത്തില്‍ പ്രതീക്ഷിച്ചതുപോലെ വിസ്‌ഫോടനാത്മകമായ ഒരു അവസ്ഥ ഇതുവരെ സംഭവിച്ചിട്ടില്ല. മാത്രമല്ല, അമേരിക്കയില്‍ ബാരക് ഒബാമ അധികാരമേറ്റ ശേഷം ആ രാജ്യത്ത് ഇത്തരം ഗവേഷണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും ചെയ്തു. 

1995ല്‍ ഒരു ജീവിയുടെ പൂര്‍ണജനിതകസാരം (ജിനോം) ആദ്യമായി കണ്ടെത്തി ചരിത്രം സൃഷ്ടിച്ച ഗവേഷകനാണ് ക്രെയ്ഗ് വെന്റര്‍. പൊതുമേഖലാ സംരംഭമായിരുന്ന ഹ്യുമന്‍ജിനോം പദ്ധതിക്ക് വെല്ലുവിളിയുയര്‍ത്തി, തൊണ്ണൂറുകളുടെ അവസാനം സ്വന്തം നിലയ്ക്ക് മാനവജിനോം കണ്ടെത്തിയ 'സെലേറ ജിനോമിക്‌സ്' എന്ന കമ്പനിയുടെ സ്ഥാപകനും അദ്ദേഹം തന്നെ. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും കുശാഗ്രബുദ്ധിയായ ജനിതകശാസ്ത്രജ്ഞന്‍ എന്ന് വെന്ററെ വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല. 1995-ല്‍ ആദ്യജിനോം കണ്ടെത്തിയ നാള്‍ മുതല്‍ കൃത്രിമജീവരൂപത്തിലുള്ള ശ്രമം അദ്ദേഹം ആരംഭിച്ചു. ഒരു സൂക്ഷ്മജീവിയെ കൃത്രിമമായി സൃഷ്ടിക്കുക എന്നതിനൊപ്പം മറ്റൊരു ലക്ഷ്യം കൂടി ക്രെയ്ഗ് വെന്ററിനുണ്ടായിരുന്നു. ജീവന്റെ പരമായ രഹസ്യം എന്തെന്ന് മനസിലാക്കുകയായിരുന്നു അത്. ഒരു ഉപകരണത്തിന്റെ രഹസ്യമറിയാന്‍ ഏറ്റവും നല്ല മാര്‍ഗം അത്തരമൊന്ന് നിര്‍മിച്ചുനോക്കുകയാണല്ലോ. അങ്ങനെ ചിന്തിച്ചാല്‍ ജീവന്റെ രഹസ്യം മനസിലാക്കാനുള്ള ഏറ്റവും മുന്തിയ ഉപാധി അത് സൃഷ്ടിച്ചു നോക്കുക തന്നെയാണ്.

മേരിലന്‍ഡിലെ റോക്ക്‌വില്ലിയില്‍ ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപിക്കപ്പെടുന്നത് 2006-ലാണ്. ഒരു പതിറ്റാണ്ടിലേറെയായി ഡോ.വെന്റര്‍ ലക്ഷമിടുന്ന കാര്യം, പരീക്ഷണശാലയില്‍ ജീവന്‍ സൃഷ്ടിക്കുകയെന്നത്, പ്രാവര്‍ത്തികമാക്കുകയായിരുന്നു ആ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പ്രഖ്യാപിത ലക്ഷ്യം. ആ ലക്ഷ്യം നേടാന്‍ സുപ്രധാനമായ ചില പശ്ചാത്തല സങ്കേതങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട് അതിലാണ് ശ്രദ്ധിച്ചിരുന്നത്. ജീവന്റെ അടിസ്ഥാനം ജിനോമാണ്. ഡി.എന്‍.എ.തന്മാത്രയുടെ ഉള്ളടക്കമാണ് ജിനോം എന്ന് പറയാം. ഏത് ജീവിയുടെയും ജീവല്‍പ്രവര്‍ത്തനത്തിനാവശ്യമായ രാസനിര്‍ദേശങ്ങള്‍ കോഡുകളുടെ രൂപത്തില്‍ എഴുതിസൂക്ഷിച്ചിരിക്കുന്നത് ജിനോമിലാണ്. ജിനോം ഒരു ജീവയില്‍ നിന്ന് മറ്റൊരു ജീവിയിലേക്ക് മാറ്റി സ്ഥാപിക്കാമെന്ന് ക്രെയ്ഗ് വെന്ററും കൂട്ടരും 2007-ല്‍ തെളിയിച്ചു. ജനിതകമായി അത്ര വ്യത്യാസമില്ലാത്ത രണ്ട് ബാക്ടീരിയങ്ങളെയാണ് ജിനോം മാറ്റിവെയ്ക്കല്‍ പ്രക്രിയയ്ക്ക് ഗവേഷകര്‍ തിരഞ്ഞെടുത്തത്. 

ഡി.എന്‍.എ.യിലെ കോഡുകള്‍ കൃത്രമമായി തുന്നിച്ചേര്‍ത്ത് പുതിയ ജിനോം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അടുത്ത മുന്നേറ്റം. ആ വിജയത്തിന്റെ വിവരം ലോകമറിയുന്നത് 2008 ഫിബ്രവരിയിലാണ്. അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ ജിനോമുള്ള (ഒറ്റ ക്രോമസോം, 582,970 രാസാക്ഷരങ്ങള്‍, 485 ജീനുകള്‍) ജീവിയായ 'മൈക്കോപ്ലാസ്മ ജനിറ്റാലിയം' എന്ന ബാക്ടീരിയത്തിന്റെ ഡി.എന്‍.എ.യാണ് ക്രെയ്ഗ് വെന്ററും സംഘവും കൃത്രിമമാര്‍ഗത്തില്‍ സൃഷ്ടിച്ചത്. അടുത്ത നീക്കം, ഒരു സൂക്ഷ്മജീവിയുടെ പുതിയ വകഭേദം കൃത്രിമമാര്‍ഗത്തിലൂടെ സൃഷ്ടിക്കുക എന്നതായിരുന്നു. 'മൈക്കോപ്ലാസ്മ മൈക്കോയിഡസ്' എന്ന ബാക്ടീരിയത്തിന്റെ ജീനോം, യീസ്റ്റ് കോശത്തില്‍ സന്നിവേശിപ്പിച്ച ശേഷം അത് പരിഷ്‌ക്കരിച്ച് മറ്റൊരു ബാക്ടീരിയത്തിന്റെ കോശത്തിലേക്ക് മാറ്റി സ്ഥാപിച്ച് പുതിയ ബാക്ടീരിയം വകഭേദത്തിന് രൂപം നല്‍കിയത് 2009 ആഗസ്തിലായിരുന്നു.



ഈ മുന്നേറ്റങ്ങളെയെല്ലാം സമ്മേളിപ്പിച്ചാണ് പുതിയ ജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കാന്‍ ക്രെയ്ഗ് വെന്ററിനും കൂട്ടര്‍ക്കും സാധിച്ചത്. ആടുകളില്‍ അകിടുവീക്കത്തിന് കാരണമാകുന്ന 'മൈക്കോപ്ലാസ്മം മൈക്കോയിഡസ്' എന്ന ബാക്ടീരയമാണ് ഇതിന് അടിസ്ഥാനമാക്കിയതെന്ന്, 'സയന്‍സ്' ഗവേഷണവാരിക പറയുന്നു. ക്രെയ്ഗ് വെന്ററുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, 'നാലു ബോട്ടില്‍ രാസവസ്തുക്കളുടെയും ഒരു കമ്പ്യൂട്ടറിലെ വിവരങ്ങളുടെയും ചില സാധാരണ സൂക്ഷ്മജീവികളുടെയും ഒരു ഡി.എന്‍.എ.സിന്തസൈസറുടെയും' ആവശ്യമേ ഉണ്ടായുള്ളു പുതിയ ജീവരൂപത്തിന്റെ സൃഷ്ടിക്ക്! 'മൈക്കോപ്ലാസ്മം മൈക്കോയിഡസ്' ബാക്ടീരിയത്തിന്റെ ജിനോം കമ്പ്യൂട്ടറില്‍ പുനസൃഷ്ടിച്ചുകൊണ്ടാണ്, പുതിയ ജീവരൂപത്തിന്റെ സൃഷ്ടി ഗവേഷകര്‍ ആരംഭിച്ചത്. ഡി.എന്‍.എ.കോഡുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു ഡി.എന്‍.എ. സിന്തസൈസറിലേക്ക് കമ്പ്യൂട്ടറിലെ ആ വിവരങ്ങള്‍ സന്നിവേശിപ്പിച്ചപ്പോള്‍, അത് ഡി.എന്‍.എ.യുടെ ചെറുതുണ്ടുകള്‍ ഉത്പാദിപ്പിച്ചു. 

ഡി.എന്‍.എ. തുണ്ടുകള്‍ ആദ്യം യീസ്റ്റ്‌കോശത്തിലും പിന്നീട് ഇ-കോളി ബാക്ടീരയത്തിലും സന്നിവേശിപ്പിച്ച് തുന്നിച്ചേര്‍ത്തു. യീസ്റ്റിന്റെയും ഇ-കോളിയുടെയും കോശങ്ങളിലെ സ്വാഭാവിക പ്രതിരോധസംവിധാനമാണ്, ഡി.എന്‍.എ.തുണ്ടുകളെ തുന്നിച്ചേര്‍ക്കാന്‍ സഹായിക്കുന്നത്. പൊട്ടിപ്പോയ ഭാഗങ്ങളാണ് ഡി.എന്‍.എ.തുണ്ടുകളെന്ന് കരുതി പ്രതിരോധസംവിധാനം അവയെ വിളക്കിച്ചേര്‍ക്കും! അത്തരം പല ഘട്ടങ്ങള്‍ക്ക് ശേഷം രാസാക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ ഒരു മീറ്റര്‍ നീളം വരുന്ന കൃത്രിമ ബാക്ടീരിയം ജിനോം ഗവേഷകര്‍ക്ക് ലഭിച്ചു. അതുകഴിഞ്ഞായിരുന്നു ഏറ്റവും നിര്‍ണായകമായ ഘട്ടം. കൃത്രിമമായി സൃഷ്ടിച്ച ജിനോം മറ്റൊരു സൂക്ഷ്മാണുവിലേക്ക് മാറ്റി സ്ഥാപിച്ചു. ആ ബാക്ടീരിയം വിഭജിച്ചപ്പോള്‍ അതില്‍ നിന്നുള്ള ചില സന്തതികള്‍ കൃത്രിമജിനോമിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തുടങ്ങി. 'നിങ്ങള്‍ ഒരു കോശത്തിലെ ഡി.എന്‍.എ.സോഫ്ട്‌വേര്‍ മാറ്റിവയ്ക്കുമ്പോള്‍, കോശം ആ സോഫ്ട്‌വേര്‍ ഉടന്‍ വായിക്കാനാരംഭിക്കുന്നു എന്നത് തീര്‍ച്ചയായും അത്ഭുതകരമാണ്'-ക്രെയ്ഗ് വെന്റര്‍ പറഞ്ഞു. കൃത്രിമകോശം 


ജനിതകശാസ്ത്രത്തില്‍ വലിയ മുന്നേറ്റമാണ് ക്രെയ്ഗ് വെന്ററും കൂട്ടരും നടത്തിയതെങ്കിലും, പുതിയ സങ്കേതത്തെപ്പറ്റിയും ജീവന്‍ കൃത്രിമമായി സൃഷ്ടിച്ചതിനെക്കുറിച്ചും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഭീകരരുടെ പക്കല്‍ ഈ സങ്കേതം ചെന്നുപെട്ടാല്‍ അത് വന്‍ഭീഷണിയാകില്ലേ എന്ന് ചിലര്‍ ഭയപ്പെടുന്നു. മാരകമായ ജൈവായുധങ്ങളുടെ സൃഷ്ടിക്ക് ഇത് ഉപയോഗിച്ചേക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 'പണ്ടോരയുടെ പെട്ടി തുറന്നതു പോലൊരു നിമിഷമാണിത്. ആറ്റം വിഭജിച്ചപ്പോള്‍ അല്ലെങ്കില്‍ ക്ലോണിങിലൂടെ ഡോളി (ആദ്യസസ്തനി) പിറന്നപ്പോള്‍ നമ്മള്‍ നേരിട്ട അവസ്ഥയാണിതും'-സിന്തറ്റിക് ബയോളജിയെ എതിര്‍ക്കുന്ന ഇ.ടി.സി.ഗ്രൂപ്പിലെ പാറ്റ് മൂണി പറയുന്നു. പുതിയ സങ്കേതം തെറ്റായ കരങ്ങളിലെത്താതെ നോക്കാനും, കൃത്രിമമായി സൃഷ്ടിക്കുന്ന സൂക്ഷ്മജീവികള്‍ പ്രകൃതിയിലേക്ക് കടക്കാതെ കാക്കാനും കഴിയണമെന്ന് ക്രെയ്ഗ് വെന്ററും സമ്മതിക്കുന്നു. 

'മനുഷ്യചരിത്രത്തിലെ ഏറ്റവും നിഗൂഢമായ വാതായനമാണ് വെന്റര്‍ ശബ്ദമുഖരിതമായി തുറക്കുന്നത്, വിധിയിലേക്കാണ് നോക്കുന്നത്. ജീവന്റെ പകര്‍പ്പ് കൃത്രിമമായി വെറുതെ നിര്‍മിക്കുകയല്ല....അല്ലെങ്കില്‍ ജനറ്റിക് എന്‍ജിയറിങ് വഴി ജീവികളെ പരിഷ്‌ക്കരിക്കുകയല്ല. ദൈവത്തിന്റെ റോളിലേക്ക് നീങ്ങുകയാണ് അദ്ദേഹം: ഇതുവരെ സ്വാഭാവിക പ്രകൃതിയില്‍ നിലനിന്നിട്ടില്ലാത്ത കൃത്രിമജീവനാണ് സൃഷ്ടിക്കപ്പെടുന്നത്'-നൈതിക വിഷയങ്ങളില്‍ വിദഗ്ധനായ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ പ്രൊഫ. ജൂലിയാന്‍ സവുലെസ്‌കുവിന്റൈ വാക്കുകള്‍, പുതിയ കണ്ടെത്തലിന്റെ സ്വഭാവമെന്തെന്ന് കൃത്യമായി വിശദീകരിക്കുന്നു. ഇനിയൊരിക്കലും കാര്യങ്ങള്‍ പഴയതുപോലെ ആകില്ല എന്നാണ് ആ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാവുന്ന അര്‍ഥം.
ജീവന്റെ സൃഷ്ടി മനുഷ്യന്‍ ഏറ്റെടുക്കുമ്പോള്‍ ജീവന്റെ സൃഷ്ടി മനുഷ്യന്‍ ഏറ്റെടുക്കുമ്പോള്‍ Reviewed by Mash on 18:45 Rating: 5

1 comment:

  1. ശാസ്ത്ര മുന്നേറ്റങ്ങളെ എതിര്‍ക്കാന്‍ എന്നും ചിലര്‍ ശാസ്ത്ര രംഗത്ത് നിന്ന് തന്നെ ഉണ്ടായിരുന്നു. കാര്യമാക്കാനില്ല. വെളിച്ചം എത്ര നാള്‍ മൂടി വച്ചാലും ഒരിക്കല്‍ മറ നീക്കി പുറത്തു വരും.

    ReplyDelete

Copyright © 2011 ഹരിശ്രീ ... Powered by Blogger.