കാട്ടിലെ കൊല By എം.കെ. കൃഷ്ണകുമാര്‍

നഗരങ്ങളെയും ഗ്രാമങ്ങളെയും മലിനമാക്കുന്ന പ്ലാസ്റ്റിക് കാടിനെയും വെറുതെവിടുന്നില്ല. മനുഷ്യര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ തിന്ന് പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുകയാണ്. വാഴച്ചാല്‍ കാടുകളില്‍ നിന്ന്...



മരമഞ്ഞള്‍ക്കൊടിയും രാമനാമപച്ചയും വള്ളിപ്പാലയും യഥേഷ്ടം വളരുന്ന ഒരു വനമേഖല. കേരളത്തില്‍ പാണ്ടന്‍ വേഴാമ്പലുകള്‍ കൂടുകൂട്ടുന്ന ഇടം. കൂട്ടംകൂടി അലയുന്ന ആനകുടുംബങ്ങള്‍. വാഴച്ചാല്‍ കാടുകളുടെ കാഴ്ചയാണിത്. സൈലന്റ്‌വാലിയെപ്പോലെ വൈവിധ്യംകൊണ്ട് സമ്പന്നമാണ് അതിരപ്പിള്ളി മുതല്‍ മലക്കപ്പാറവരെയുള്ള ഈ പ്രദേശത്തിന്റെ ജൈവലോകം.

എന്നാല്‍, കണ്ണു തുറപ്പിക്കുന്ന മറ്റുചില കാഴ്ചകള്‍ക്കൂടി ഇവിടെയുണ്ട്. അവയില്‍ ചിലത് ഇങ്ങനെ: പ്ലാസ്റ്റിക് കവറുകള്‍ തിന്ന് വയര്‍പൊട്ടി മരിച്ചു കിടക്കുകയായിരുന്നു ആ സാംബര്‍ മാന്‍. 15 കിലോയോളം വരുന്ന പ്ലാസ്റ്റിക് ആമാശയത്തില്‍ പന്തുപോലെ ഉരുണ്ടുകൂടിയിരുന്നു. അവശേഷിക്കുന്ന അല്പം സ്ഥലത്തുമാത്രം പുല്ലും ഇലകളും. മലക്കപ്പാറയില്‍ മരക്കൊമ്പിലിരുന്ന് സിംഹവാലന്‍ കുരങ്ങ് ചവച്ചുതിന്നുന്നത് വലിയൊരു പ്ലാസ്റ്റിക് സഞ്ചി. മറ്റൊരിടത്ത് വഴിയില്‍ പ്ലാസ്റ്റിക് കവറുകള്‍ പിണഞ്ഞുകിടക്കുന്ന ആനപ്പിണ്ടം.
പറമ്പിക്കുളത്തും സൈലന്റ് വാലിയിലും മറ്റും ഇത്തരത്തിലൊന്നു കണ്ടിട്ടില്ല. പ്ലാസ്റ്റിക്കിന് കര്‍ശന പരിശോധനയും നിയന്ത്രണവുമുണ്ട് അവിടെ. ചെക്ക്‌പോസ്റ്റുകളില്‍നിന്നും വഴികളില്‍നിന്നും കിട്ടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുവന്ന് കീടാഗുകള്‍ ഉണ്ടാക്കുന്ന ആദിവാസികളുടെ സ്വയം തൊഴില്‍ യൂണിറ്റ് പറമ്പിക്കുളത്തെ മാതൃകയാണ്.

യാതൊരു നിയന്ത്രണവുമില്ലാതെ പ്ലാസ്റ്റിക് കാടുകയറുന്നത് വാഴച്ചാല്‍ കാടുകളില്‍മാത്രം. ഭക്ഷണം കൊണ്ടുവരുന്ന സഞ്ചികള്‍, വെള്ളം കൊണ്ടുവരുന്ന കുപ്പികള്‍... എല്ലാ പ്ലാസ്റ്റിക്കും കാട്ടിലേക്ക്. സന്ദര്‍ശകര്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ പുരണ്ട പ്ലാസ്റ്റിക് കൂടുകളാണ് മാനിന്റെയും കുരങ്ങിന്റെയും മരണത്തിന് കാരണമാവുന്നത്. ഉപ്പും മധുരവും രുചിക്കുന്ന ഇവ പ്ലാസ്റ്റിക് അപ്പാടെ വിഴുങ്ങുന്നു. പിന്നെ അത് ദഹനരസങ്ങളുടെ അമ്ലവീര്യത്തിനും വഴങ്ങാതെ ആമാശയം പൊളിച്ചു പുറത്തുചാടും.

മാനുകളെപ്പോലെ ചെറിയ അളവില്‍ വിസര്‍ജിക്കുന്ന ജീവികളില്‍നിന്ന് സ്വാഭാവികമായി ഇതൊട്ടും പുറത്തുപോകുന്നില്ല. തീറ്റയെടുക്കാന്‍ കഴിയാതെ ക്ഷീണിച്ചും വയര്‍ വീര്‍ത്ത് പൊട്ടിയും അന്ത്യം.

ആനകളുടെ ആമാശയത്തില്‍പ്പോലും പ്ലാസ്റ്റിക് കൂടുകള്‍ അപകടമാവാറുണ്ട്. ക്ഷേത്രങ്ങളിലെ ആനയൂട്ട് കാലത്ത് നാട്ടാനകള്‍ക്കും സംഭവിക്കാറുണ്ട് ഈ ദുരന്തം. അവിലും ശര്‍ക്കരയുമെല്ലാം കവറിലാക്കി ഭക്തര്‍ കൊടുത്തപ്പോള്‍ എരണ്ടകെട്ടുവന്ന് ചെരിഞ്ഞ ആനയുടെ അനുഭവം അതിലൊന്ന്. വലിയ പാറപോലെ പ്ലാസ്റ്റിക് ഉറച്ചുകട്ടിയായതാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്.

അവഗണിക്കപ്പെടുന്ന കാട്


വാഴച്ചാല്‍ മേഖലയെ വനം, പരിസ്ഥിതി സ്നേഹികള്‍ വിളിക്കുന്നത് 'ഏറ്റവും അവഗണിക്കപ്പെടുന്ന കാട്' എന്നാണ്. ഒരുകാലത്ത് മിക്ക കാടുകളിലും ഇതായിരുന്നു സ്ഥിതി. എല്ലാവിധ മാലിന്യങ്ങളും കാടുകയറിയിരുന്നു. എന്നാല്‍ വനസംരക്ഷണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇതില്‍ കുറവുവന്നു. കാടിനെ നിശ്ശബ്ദമായി കാണാനും കരുതലോടെ സ്നേഹിക്കാനും ഇഷ്ടപ്പെടുന്നവര്‍ മാത്രം അവിടേക്കുവരുന്ന സ്ഥിതിയായി. എന്നാല്‍, വാഴച്ചാല്‍ ഇപ്പോഴും അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു.

തൃശ്ശൂരില്‍ ജില്ലാ കലക്ടറായിരുന്ന ഡോ. എം.ബീന അതിരപ്പിള്ളിയിലെ പ്ലാസ്റ്റിക് നിയന്ത്രിക്കാന്‍ നടപടി തുടങ്ങിയിരുന്നു. ലക്ഷ്യം കാണാനാവാതെ അത് നിലച്ചുവെന്നുമാത്രം.

വയനാട്ടിലെ സൂചിപ്പാറ വെള്ളച്ചാട്ടം കാണാന്‍പോകൂ. രണ്ടു കിലോമീറ്റര്‍ മുമ്പ് വനസംരക്ഷണ സമിതിയുടെ ചെക്ക്‌പോസ്റ്റ് കാണാം. പ്ലാസ്റ്റിക്കിനെ കര്‍ശനമായി തിരഞ്ഞുപിടിക്കുന്നു ഇവിടെ. ഉള്‍ക്കാടുകളില്‍ പ്ലാസ്റ്റിക് ശേഖരിച്ച് നീക്കം ചെയ്യുന്നു. വയനാട്ടിലെ മറ്റു വന പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ധാരാളം കടന്നുചെല്ലുമ്പോഴും സൂചിപ്പാറയിലെ മണ്ണും വെള്ളവും നിര്‍മലമാണ്.
പുഴയോരക്കാടുകളും പേടിയോടെ


സമൃദ്ധമായ പുഴയോരക്കാടുകളാണ് വാഴച്ചാലില്‍ കാടുകളുടെ ഏറ്റവും വലിയ മികവും ഭംഗിയും. മറ്റൊരു കാടിനും അവകാശപ്പെടാത്തതാണിത്. ആനകളും മാനുകളും വെള്ളം കുടിക്കാന്‍ വരുന്ന സ്ഥലംകൂടിയാണിത്. വംശനാശത്തിന്റെ ഭീഷണിയിലായ ചില മത്സ്യയിനങ്ങളും ഈ പുഴയുടെ സ്വത്താണ്. ഈ പുഴയോരക്കാടുകളില്‍പ്പോലും ഇപ്പോള്‍ പ്ലാസ്റ്റിക് കപ്പുകളും കുപ്പികളും കവറുകളും കുമിയുന്നു. 

ചാക്കുകളില്‍ കൊണ്ടുവന്ന് തള്ളുന്ന മാലിന്യങ്ങള്‍ വേറെ. പ്ലാസ്റ്റിക് നിറയുന്നതോടെ പുഴയോരങ്ങള്‍ ചെറുജീവികളുടെയും മൃഗങ്ങളുടെയും അപകടസ്ഥാനമാവുന്നു. 

പുഴയ്ക്കു നടുവില്‍ അങ്ങിങ്ങായിക്കാണുന്ന ചെറുതുരുത്തുകള്‍ക്കുമുണ്ട് പ്ലസ്റ്റിക്കിന്റെ ഭീഷണി. ഒഴുകിവരുന്ന മാലിന്യങ്ങള്‍ ഇവിടെയാണ് തങ്ങിനില്ക്കുക. വഴിയരികില്‍നിന്ന് കിളികള്‍ കൊത്തിയെടുത്ത് ഉള്‍ക്കാടുകളില്‍ കൊണ്ടിടുന്ന ഭക്ഷണശകലമടങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെ കാണാം.

കാടിനെ പിളര്‍ക്കുന്ന പാത


അതിരപ്പിള്ളിയില്‍നിന്ന് മലക്കപ്പാറയിലെത്തുന്ന സംസ്ഥാന പാത 58 കിലോമീറ്ററാണ്. ചാലക്കുടിയില്‍നിന്ന് അതിരപ്പിള്ളിയിലേക്ക് 30 കിലോമീറ്ററും. 58 കിലോമീറ്റര്‍ കാടിനെ മുറിച്ചുപോകുമ്പോള്‍ ഇരുവശവും കൈയേറ്റത്തില്‍പ്പെടുന്നുണ്ട്. കാടിനും ജീവികള്‍ക്കും ദ്രോഹമുണ്ടാക്കുന്നത് ഈ പാതയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവഴിയുള്ള യാത്രക്കാരെ നിയന്ത്രിക്കാന്‍ കഴിയില്ല. ചാലക്കുടിയില്‍നിന്ന് പൊള്ളാച്ചിയിലേക്ക് പോകാന്‍ മറ്റു വഴിയില്ല. 

'മദ്യപാന ടൂറിസ'മാണ് ഈ കാടിന്റെ മറ്റൊരു ആപത്ത്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ കാടിനരികില്‍ നിര്‍ത്തിയിട്ട് ലഹരിയാഘോഷിച്ചശേഷം കുപ്പികള്‍ പുഴയിലേക്കും കാട്ടിലേക്കും വലിച്ചെറിയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്കുന്നത് ചാലക്കുടിയിലാണെന്ന കണക്ക് ഈ ഭീഷണിയുടെ ഗൗരവം കൂട്ടുന്നതാണ്.

സിനിമാസംഘങ്ങളുടെ ഇഷ്ട ലൊക്കേഷനാണ് അതിരപ്പിള്ളി. ചിത്രീകരണത്തിന് ഉണ്ടാക്കുന്ന സെറ്റുകളില്‍നിന്ന് പ്ലാസ്റ്റിക് മാത്രമല്ല, പ്ലാസ്റ്റര്‍ ഓഫ് പാരീസും ആണികളും ചില്ലുകളും എത്തുന്നത് കാട്ടിലേക്കും പുഴയിലേക്കുമാണ്. കഴിഞ്ഞകൊല്ലം ഏഴുലക്ഷം പേരാണ് അതിരപ്പിള്ളിയും വാഴച്ചാലും സന്ദര്‍ശിച്ചത്. ഏതൊരു കാടിനും താങ്ങാന്‍ കഴിയാത്തതാണ് ഈ ഭാരം.

കാടിനെത്തേടുന്ന ക്യാമറകള്‍


വന്യജീവികളെത്തേടി, പുഴയെത്തേടി നടക്കുന്ന ഏതാനും പരിസ്ഥിതി സ്നേഹികളുടെ ക്യാമറക്കണ്ണുകള്‍ എപ്പോഴും ഈ കാടിനൊപ്പമുണ്ട്. പ്ലാസ്റ്റിക്ക് തിന്നുമരിച്ച മാനിന്റെ പടമെടുത്ത രതീഷ് വി. കാര്‍ത്തികേയന്‍ പറഞ്ഞത് ഇങ്ങനെ: ''ഇതൊരു രക്തസാക്ഷിത്വമാണ്. മനുഷ്യന്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിനെ സ്വന്തം ശരീരത്തിലേക്കെടുത്ത രക്തസാക്ഷിത്വം.''

സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്റ് വാലിയില്‍മാത്രമാണെന്ന് കരുതുന്ന അധികൃതരുടെ മുന്നിലേക്ക് പ്രമോദ് ഒരു ചിത്രം അവതരിപ്പിക്കുന്നു-ആര്‍ത്തിയോടെ പ്ലാസ്റ്റിക് തിന്നുന്ന കുരങ്ങന്റെ ചിത്രം. ഏതാനും സിംഹവാലന്മാര്‍ മാത്രമാണ് ഈ കാട്ടിലുള്ളതെന്നും അവയുടെ നിലനില്പ് അപകടത്തിലാണെന്നും അദ്ദേഹം പറയുന്നു. 

വനസംരക്ഷണത്തിനും വന്യജീവി നിരീക്ഷണത്തിനുംവേണ്ടി ഉദ്യോഗം രാജിവെച്ച ബൈജു കെ.വാസുദേവന്‍. രാജവെമ്പാലയെക്കുറിച്ചുള്ള പഠനത്തിലാണ് ഇദ്ദേഹമിപ്പോള്‍. ചാലക്കുടിയിലെ സാഹസിക സാംസ്‌കാരിക സംഘടന കാട്ടിലെ പ്ലാസ്റ്റിക്ക് ശേഖരിക്കുന്നുണ്ട്. ഇവരുടെ കണ്ണുകള്‍ കാടിന് കരുതലും കാവലുമാകുന്നു.

പക്ഷികളും ഇരകള്‍


മാനുകളും കുരങ്ങുകളുമാണ് കാട്ടില്‍ പ്ലാസ്റ്റിക് ഭക്ഷിച്ചു മരിക്കുന്നതെങ്കില്‍, കടലിലും തീരങ്ങളിലും നശിക്കുന്നത് മീനുകളും പക്ഷികളുമാണ്. പസഫിക് സമുദ്രത്തിലെ മലിനീകരണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രസംഘം വയറ്റില്‍ പ്ലാസ്റ്റിക് കുടുങ്ങി മരിച്ച ആല്‍ബെട്രോസ് പക്ഷിയെക്കുറിച്ചു പറയുന്നുണ്ട്. വടക്കു പടിഞ്ഞാറന്‍ ഹവായ് ദ്വീപില്‍ ഈ പക്ഷികളുടെ വംശത്തെത്തന്നെ പ്ലാസ്റ്റിക് നശിപ്പിക്കുകയാണ്. മരിച്ചുവീണ ആല്‍ബെട്രോസ് പക്ഷികളുടെ ഉള്ളില്‍ ടൂത്ത്ബ്രഷും കുപ്പിയടപ്പുകളും മുതല്‍ സിറിഞ്ചുകള്‍ വരെ ഉണ്ടായിരുന്നുവത്രെ. യു.എന്‍.ഇ.പി.(യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം)യുടെ കണക്കുപ്രകാരം പ്ലാസ്റ്റിക് ഒരുവര്‍ഷം ദശലക്ഷം കടല്‍പക്ഷികളെ കൊന്നൊടുക്കുന്നുണ്ട്. ഒരുലക്ഷം കടല്‍ജീവികളും ഈവിധം നശിക്കുന്നു. ലോകത്തിലെ സമുദ്രങ്ങളില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 46,000 പ്ലാസ്റ്റിക് തുണ്ടുകളുണ്ട്. കുപ്പിയടപ്പുകള്‍, ബാഗുകള്‍, ചീര്‍പ്പുകള്‍, സിഗരറ്റ് ലൈറ്ററുകള്‍, ടൂത്ത് ബ്രഷുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. 

ലോകത്താകമാനം ലക്ഷം കോടി പ്ലാസ്റ്റിക് സഞ്ചികള്‍ ഓരോ വര്‍ഷവും നിര്‍മിക്കുന്നുണ്ടെന്ന് പരിസ്ഥിതി സംഘടനകളുടെ കണക്കുകളില്‍ കാണുന്നു. 200 കോടി കുപ്പിവെള്ളം വില്‍ക്കുന്നുണ്ട്. പ്ലാസ്റ്റിക്കിന്റെ ആഗോള ഉല്‍പാദനം 1950-ല്‍ 50 ലക്ഷം ടണ്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ അമ്പത് ഇരട്ടിയിലധികമാണ്. 

പ്ലാസ്റ്റിക് മനുഷ്യന് ഒഴിവാക്കാനാവാത്ത ഘടകമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കാനാവും. ഇവിടെ അതിരപ്പിള്ളി പഞ്ചായത്തില്‍ പോലും നടപ്പാക്കാനാവാത്ത പ്ലാസ്റ്റിക് ബാഗ് നിരോധനം പല രാജ്യങ്ങളും ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. ബംഗ്ലാദേശും ചൈനയും അയര്‍ലന്‍ഡും ഇസ്രായേലും കാനഡയും പ്ലാസ്റ്റിക് ബാഗ് നിരോധിച്ചു. ബോട്‌സ്വാനയിലും കെനിയയിലും ടാന്‍സാനിയയിലും ദക്ഷിണാഫ്രിക്കയിലും തായ്‌വാനിലും സിംഗപ്പൂരിലും ഈ നിരോധനമുണ്ട്. 

എണ്ണയില്‍നിന്നുണ്ടാക്കുന്ന പോളിത്തിലീന്‍ എന്ന രാസ പദാര്‍ഥത്തില്‍നിന്നാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ടാക്കുന്നത്. ഈ ബാഗുകള്‍ നിരോധിച്ചതിലൂടെ 3700 കോടി ബാരല്‍ എണ്ണയാണ് ചൈന ഓരോ വര്‍ഷവും ലാഭിക്കുന്നത്.
 
matrubhoomi.com
കാട്ടിലെ കൊല By എം.കെ. കൃഷ്ണകുമാര്‍ കാട്ടിലെ കൊല By എം.കെ. കൃഷ്ണകുമാര്‍ Reviewed by Mash on 22:55 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.