മിണ്ടാപ്രാണികളുടെ കണ്ണീര്‍

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടാല്‍ എത്രമാത്രം വേദനിക്കുമെന്ന് നിങ്ങളോര്‍ത്തുനോക്കുക. നടുക്കം, ഭീതി, നിസ്സഹായത, ദുഃഖം തുടങ്ങിയ വികാരങ്ങളാല്‍ വിങ്ങിപ്പൊട്ടുന്ന അവസ്ഥയാണത്. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ചാള്‍സ് ഡാര്‍വിന്‍, മൃഗങ്ങള്‍ക്കും സമാനമായ വികാരങ്ങളുണ്ടാകുമെന്ന് നിരീക്ഷിച്ചിട്ടുണ്ട്.

നിങ്ങളില്‍ പലര്‍ക്കും ഇക്കാര്യത്തില്‍ തെറ്റിധാരണയാണുള്ളത്. മൃഗങ്ങള്‍ക്ക് മരണഭയമില്ലെന്നാണ് പലരും ചിന്തിക്കുന്നത്. ഇക്കാരണത്താല്‍ അവയെ മുറിവേല്പ്പിക്കാനും തള്ളയെയും കുഞ്ഞിനെയും വേര്‍പെടുത്താനും നമുക്കുമടിയില്ല. പകര്‍ച്ചവ്യാധിയുടെ പേരില്‍ ആയിരക്കണക്കിന് മിണ്ടാപ്രാണികളെ കൊന്നൊടുക്കുന്നതും കൂട്ടിലടച്ച് വളര്‍ത്തുന്നതും മൃഗങ്ങളുടെ വികാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. മൃഗങ്ങളുടെ ഓര്‍മ നിങ്ങളുടേതുപോലെയാണ്. ദുഃഖമുണ്ടാകുന്നത് ഏതെങ്കിലും തിക്താനുഭവത്തെക്കുറിച്ചുള്ള ഓര്‍മയില്‍ നിന്നാണ്. അവയും ദുഃഖിക്കുന്നു. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മരണത്തില്‍, ഉടമസ്ഥന്റെ വേര്‍പാടില്‍.

എങ്ങനെയാണ് മൃഗങ്ങള്‍ ദുഃഖം പ്രകടിപ്പിക്കുന്നത്? തന്റെ വളര്‍ത്തുനായയുടെ കുഞ്ഞ് അവളുടെ കണ്‍മുന്നില്‍ കൊല്ലപ്പെട്ടപ്പോള്‍ വീടിനുചുറ്റും മൂന്നുദിവസം ഓടിയാണ് അവള്‍ ദുഃഖം പ്രകടിപ്പിച്ചത്.

ആനകളാണ് ഏറ്റവും പ്രകടമായ ദുഃഖം കാണിക്കുന്ന ജീവികള്‍

ഒരുസംഘാംഗം മരിക്കുകയാണെങ്കില്‍ മറ്റ് ആനകള്‍ അതിന്റെയടുത്ത് പോവുകയും ദുഃഖം പ്രകടിപ്പിക്കുകയും ചെയ്യും. കൂട്ടുകാരന്‍ മരിച്ച പ്രദേശത്ത് തന്നെ അവ ചുറ്റിപ്പറ്റി നില്‍ക്കുകയും ഇടയ്ക്ക് മൃതദേഹം കിടന്നിടത്ത് വന്നുനോക്കുകയും ചെയ്യും. അവര്‍ക്കിടയിലെ കുട്ടികള്‍ പോലും ബഹുമാനസൂചകമായി കളിക്കുന്നതും മറ്റും നിര്‍ത്തിവെക്കുമത്രെ. കെനിയക്കാരനായ ആന ഗവേഷകന്‍ ജോയ്‌സ് പൂളിന്റെ അഭിപ്രായത്തില്‍, കൂട്ടുകാരന്‍ മരിച്ച സ്ഥലത്തുകൂടി പോകുമ്പോള്‍ ആനക്കൂട്ടം അഭിവാദ്യമര്‍പ്പിക്കാന്‍ കുറച്ച് നിമിഷങ്ങള്‍ അവിടെ നില്‍ക്കും. മരിച്ച കുട്ടിയാനയുടെ സമീപത്ത് ദിവസങ്ങളോളം തള്ള കാവല്‍ നിന്ന സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. പ്രസവത്തില്‍ മരിച്ച കുഞ്ഞിന്റെ ജഡത്തിനടുത്ത് തലതാഴ്ത്തി ചെവി തൂക്കിയിട്ട് നില്‍ക്കുന്ന ആനക്കൂട്ടം മറ്റൊരു കാഴ്ചയാണ്.

ലഖ്‌നൗവിലെ മൃഗശാലയില്‍ ചാമ്പകാലി, ഡാമിനി എന്നീ രണ്ട് ആനകളുണ്ടായിരുന്നു. ഇവയില്‍ ചാമ്പകാലി മരിച്ചതോടെ ഡാമിനി തീറ്റയെടുക്കുന്നത് നിര്‍ത്തി. മാസങ്ങള്‍ നീണ്ട ഉപവാസത്തിനൊടുവില്‍ ഡാമിനിയും മൃത്യുവിനെ പുല്‍ക്കുകയായിരുന്നു. അതുപോലെ ഛത്തീസ്ഗഢിലെ ഛത്ബിര്‍ മൃഗശാലയിലെ കാവേരി എന്ന ആന മരിച്ചപ്പോള്‍ കൂട്ടുകാര്‍ ചിഹ്നംവിളിച്ച് അവിടെ വല്ലാത്തൊരന്തരീക്ഷം സൃഷ്ടിച്ചു.

സീ ലൈഫ് പാര്‍ക്കിലെ ഹൊക്കു, കിക്കോ എന്നീ ഡോള്‍ഫിനുകളുടെ കഥയും മൃഗങ്ങളുടെ സ്നേഹബന്ധത്തിന് ഉദാഹരണമാണ്. രോഗംബാധിച്ച് കിക്കോ മരിച്ചപ്പോള്‍ ഹൊക്കു ദിവസങ്ങളോളം കണ്ണുകളടച്ച് ഒറ്റകിടപ്പ് കിടന്നു. പകരമായി മൃഗശാല അധികൃതര്‍ പുതിയൊരു ഇണയെ ഹൊക്കുവിന് നല്‍കിയെങ്കിലും അവന്റെ ദുഃഖത്തിന് കുറവുണ്ടായില്ല. കൂട്ടത്തില്‍ ഒരു ഡോള്‍ഫിന്‍ മരിച്ചാല്‍ മറ്റുള്ളവ തീറ്റ നിര്‍ത്തി മൃതദേഹത്തിനുചുറ്റും വട്ടമിട്ട് നീന്തും.

മുതല ആക്രമിച്ച് കൊലപ്പെടുത്തിയ ഹിപ്പോപ്പൊട്ടാമസിന്റെ ചുറ്റും മറ്റ് ഹിപ്പോകള്‍ ദുഃഖത്തോടെ കാവലിരിക്കുന്നത് ഒരു ഫ്രഞ്ച് ഡോക്യുമെന്ററിയില്‍ കണ്ടത് ഓര്‍മയുണ്ട്. മണിക്കൂറുകളോളം ഉറ്റ ചങ്ങാതിയുടെ ജഡത്തിനരികിലിരുന്നാണ് അവ മടങ്ങിപ്പോയത്.

നായകളെ വളര്‍ത്തുന്നവര്‍ക്കറിയാം കൂട്ടത്തിലുള്ള നായയോ അല്ലെങ്കില്‍ യജമാനനോ മരിച്ചാല്‍ അവ കാണിക്കുന്ന ദുഃഖഭാവം. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനായി രൂപവത്കരിച്ച അമേരിക്കന്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഇനിപ്പറയുന്നു: കൂട്ടുകാരന്‍ മരിച്ച നായകളില്‍ 36 ശതമാനവും ഭക്ഷണത്തോട് വിമുഖത കാണിച്ചു. 11 ശതമാനം ഭക്ഷണം പാടെ ഒഴിവാക്കി. 63 ശതമാനം നായകള്‍ കൂടുതല്‍ ബഹളമുണ്ടാക്കുകയോ അല്ലെങ്കില്‍ തീരെ നിശ്ശബ്ദത പാലിക്കുകയോ ചെയ്തു.

കൂട്ടുകാരെ നഷ്ടപ്പെട്ടാല്‍ പൂച്ചകളും സമാനസ്വഭാവം കാണിക്കുമെന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാകും. 'കാറ്റ്‌സ് ഓണ്‍ ദ കൗണ്ടര്‍' എന്ന പുസ്തകമെഴുതിയ ലാറി ലാച്ച്മാന്റെ അഭിപ്രായത്തില്‍ പൂച്ചകളുടെ ദുഃഖം മൂന്നുവര്‍ഷം നീണ്ടുനില്‍ക്കും.

സസ്തനികളെക്കുറിച്ച് ഗവേഷണം നടത്തുന്ന പ്രഗല്ഭ ശാസ്ത്രജ്ഞന്‍ ജെയ്ന്‍ ഗൂഡാന്‍, അമ്മ മരിച്ച എട്ടുവയസ്സുകാരനായ ചിമ്പാന്‍സിയെ നിരീക്ഷിച്ച അനുഭവം പറയുന്നുണ്ട്. ഭക്ഷണം കഴിക്കാതെ, കൂട്ടുകാരോടൊത്ത് കളിക്കാതെ കിടന്ന ചിമ്പാന്‍സിക്കുഞ്ഞ് ദിവസങ്ങള്‍ക്കുശേഷം ജീവന്‍വെടിഞ്ഞു.

വടക്കന്‍ കാലിഫോര്‍ണിയയിലെ ഗൊറില്ല ഫൗണ്ടേഷന്റെ സങ്കേതത്തിലെ കോകോ എന്ന ഗൊറില്ലയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 1000 ചിഹ്നങ്ങളും ഇംഗ്ലീഷ് വാക്കുകളും തിരിച്ചറിയാമെന്നതാണ് കോകോയുടെ സവിശേഷത. ഈ പെണ്‍ ഗൊറില്ലയ്ക്ക് മൃഗശാല അധികൃതര്‍ ഒരു പൂച്ചക്കുട്ടിയെ കൂട്ടിന് കൊടുത്തു. ഏറെ നാളുകള്‍ക്കുശേഷം പൂച്ചക്കുട്ടി മരിച്ചപ്പോള്‍ കോകോ ഉച്ചത്തില്‍ നിലവിളിക്കുകയും കൂട്ടില്‍കയറാന്‍ വിസമ്മതിക്കുകയും ചെയ്തു.

കുതിര, മാന്‍, മുയല്‍ തുടങ്ങിയവയെല്ലാംതന്നെ ഉറ്റവരുടെ മരണത്തില്‍ കരയുന്നു. ഉന്മേഷമില്ലായ്മയും കളിയിലും തീറ്റയിലും താത്പര്യമില്ലായ്മയുമാണ് മിക്ക മൃഗങ്ങളും ദുഃഖിക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കുന്നത്. ചിലവ പട്ടിണികിടന്ന് മരിക്കുകയും ചെയ്യുന്നു.

മൃഗങ്ങള്‍ക്കും മനുഷ്യരെപ്പോലെ വികാരങ്ങളുണ്ടെന്ന് ജോര്‍ജിയ സര്‍വകലാശാലയിലെ ഷാരോണ്‍ ക്രോവെല്‍ ഡേവിസ് പറയുന്നു. പെറ്റ് (ഛസറയര്‍ഴസഷ ഫശയററയസഷ ര്‍സശസഭഴദഹമസ്ര) സ്‌കാനിങ് വഴിയാണ് ഷാരോണ്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

തലച്ചോറിലെ മാറ്റങ്ങള്‍ നിരീക്ഷിച്ച് മൃഗങ്ങളുടെ മനോനില മനസ്സിലാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത്. ഒരേ ഉത്തേജനത്തോട് മനുഷ്യരും മൃഗങ്ങളും ഏറെക്കുറെ സമാനമായാണ് പ്രതികരിക്കുന്നതെന്ന് ഷാരോണ്‍ കണ്ടെത്തി.

ഇനി നിങ്ങള്‍ ആട്ടിറച്ചിയോ മാട്ടിറച്ചിയോ തിന്നുമ്പോള്‍ ഓര്‍ക്കുക, ഹൃദയംപൊട്ടി കരയുന്ന ഒരമ്മ എവിടെയെങ്കിലും ഉണ്ടാകുമെന്ന്.
മിണ്ടാപ്രാണികളുടെ കണ്ണീര്‍ മിണ്ടാപ്രാണികളുടെ കണ്ണീര്‍ Reviewed by Mash on 20:28 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.