സസ്യങ്ങളുടെ ഭാഷ

കശക്കിയെറിഞ്ഞ പൂക്കള്‍ കാണുമ്പോള്‍ എനിക്ക് നടുക്കമുണ്ടാകാറുണ്ട്. എന്റെ വീട്ടിലെ പുല്ല് ഞാന്‍ അരിഞ്ഞുകളയാറില്ല. ബോണ്‍സായ് ചെടികള്‍ വളര്‍ത്തുന്നവരെ ഞാന്‍ അറവുകാരെപ്പോലെയാണ് കാണുന്നത്.
ചലനശേഷിയില്ലെങ്കിലും സംവേദനശേഷിയുള്ളവയാണ് ചെടികള്‍ എന്ന കാര്യം തിരിച്ചറിഞ്ഞാല്‍ നിങ്ങളാരും ചെടികളോട് ക്രൂരമായി പെരുമാറില്ല.

ചെടികള്‍ക്ക് മനുഷ്യസഹജമായ ഗുണങ്ങളുണ്ടെന്നാണ് പത്തുവര്‍ഷത്തെ പഠനത്തിനുശേഷം ഒരു ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ കണ്ടെത്തിയത്. സഞ്ചരിക്കുന്ന മിമോസ(Mimosa)സസ്യങ്ങളും ജീവികളെ തിന്നുന്ന പിച്ചറും(pitcher) കെണിയൊരുക്കുന്ന വീനസും(Vinus) ശാസ്ത്രജ്ഞര്‍ക്ക് സുപരിചിതങ്ങളാണ്. ചെറി, പീച്ച് മരങ്ങള്‍ വസന്തത്തില്‍ ഇല തളിര്‍ക്കുംമുമ്പ് ശൈത്യത്തിന്റെ ദിനങ്ങള്‍ എത്രയെന്ന് കണക്കുകൂട്ടും. യഥാര്‍ഥത്തില്‍ നമുക്ക് ചുറ്റുമുള്ള സസ്യജാലങ്ങള്‍ ഇടതടവില്ലാതെ സംസാരിക്കുന്നുണ്ട്. സസ്യങ്ങള്‍ പരസ്​പരം ആശയവിനിമയം നടത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. പരാഗണം നടത്തുന്നവരുമായും വിത്തുവിതരണം നടത്തുന്ന ജീവികളുമായും അവ സംസാരിക്കുന്നു. ജൈവശാസ്ത്രജ്ഞര്‍ രാസസംവേദിനി(Chemical sensors)കളുപയോഗിച്ച് ഇത് പിടിച്ചെടുത്ത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. സഹായാഭ്യര്‍ഥന, ക്ഷണം, മുന്നറിയിപ്പുകള്‍ തുടങ്ങിയവ ഗന്ധതന്മാത്രകളായാണ് സസ്യങ്ങള്‍ പുറത്തുവിടുന്നത്. സുഹൃത്തുക്കളായ പ്രാണികളെ പിടിക്കാന്‍ വരുന്ന ഇരപിടിയന്മാരെ അകറ്റാനും ശത്രുകീടങ്ങളെ കുടുക്കാനുമൊക്കെ സസ്യങ്ങള്‍ സൂചനകള്‍ പുറത്തുവിടുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. തൊട്ടടുത്തുള്ള സസ്യങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് സ്വന്തം പ്രതിരോധം ശക്തിപ്പെടുത്തുന്നതും സാധാരണം.

എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് 'ദ സീക്രട്ട് ലൈഫ് ഓഫ് പ്ലാന്റ്‌സ് ' . ചെടികളോട് സംസാരിക്കുക എന്ന ആശയം ഇതിലുണ്ട്. എന്നാല്‍ ചെടികള്‍ മനുഷ്യരോട് സംസാരിക്കുമെന്നതാണ് പുതിയ കണ്ടെത്തല്‍. മാപ്പിള്‍, വില്ലോ, പോപ്ലാര്‍, ആല്‍ഡര്‍ എന്നീ മരങ്ങളുടെ ആശയഗ്രഹണശേഷി ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയിട്ടുണ്ട്.

ക്‌ലോവര്‍ ചെടികള്‍ ശത്രുക്കളുടെ വരവറിയിച്ച് പരസ്​പരം ആശയവിനിമയം നടത്തുന്നതായി ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ഇല തിന്നാന്‍ ഒരു പുഴു എത്തുമ്പോള്‍ കിട്ടുന്ന സന്ദേശമനുസരിച്ച് മറ്റു സസ്യങ്ങള്‍ രാസവസ്തുക്കള്‍ പുറപ്പെടുവിച്ചും മറ്റും പ്രതിരോധസംവിധാനമൊരുക്കും.

ഡച്ച് ഗവേഷകര്‍ നടത്തിയ ഗവേഷണത്തില്‍ രസകരമായ മറ്റൊരു കാര്യം കണ്ടെത്തി. ശത്രുക്കള്‍ ആക്രമിക്കാനെത്തുമ്പോള്‍, അവയുടെ ശത്രുക്കളെ വിവരമറിയിക്കുന്ന സസ്യങ്ങളുണ്ടത്രെ. പയറുചെടികളെ ഒരിനം ചിലന്തികള്‍ ആക്രമിക്കുമ്പോള്‍ അവ സോസ് എന്ന രാസവസ്തു പുറപ്പെടുവിക്കും. ഇത് ചിലന്തിയുടെ ശത്രു കീടങ്ങളെ ആകര്‍ഷിക്കും. അതുപോലെ പുകയില, പരുത്തി എന്നിവയില്‍ പുഴുക്കളെത്തുമ്പോള്‍ ചെടികള്‍ ഒരിനം രാസവസ്തുക്കള്‍ പുറപ്പെടുവിക്കും. കടന്നലുകളെ ആകര്‍ഷിച്ച് പുഴുക്കളെ നശിപ്പിക്കാനാണിത്. ''ചെടികള്‍ ഞാന്‍ അപകടത്തിലാണ്'' എന്നുമാത്രമല്ല വിളിച്ചറിയിക്കുന്നത്, ഏതിനം ശത്രുവാണ് അരികിലെത്തുന്നത് എന്നുകൂടി അവ സന്ദേശത്തിലൂടെ അറിയിക്കും. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ സി.ഡി.മൊറെയ്‌സ് പറയുന്നു.

സസ്യങ്ങള്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത് ഉചിതമായ സമയങ്ങളിലുമാണ്. കടന്നലുകള്‍ ഇരതേടുന്നത് പകല്‍സമയത്താണ്. അതുകൊണ്ടുതന്നെ സസ്യങ്ങള്‍ അവയ്ക്കായുള്ള രാസവസ്തു പുറപ്പെടുവിക്കുന്നത് ആ സമയത്തായിരിക്കും. ഇലകളില്‍ മുട്ടയിടുന്ന നിശാശലഭത്തെ ഓടിക്കാനുള്ള രാസവസ്തു പുകയിലച്ചെടി പുറപ്പെടുവിക്കുന്നത് രാത്രിയാണ്.

അതിജീവനത്തിന്റെ തന്ത്രങ്ങള്‍ പുകയിലച്ചെടിയ്ക്കാണ് കൂടുതല്‍. നൂറ്റാണ്ടോളംതന്നെ മണ്ണിനടിയില്‍ സുഷുപ്തിയില്‍ കഴിഞ്ഞാണ് ഇവ മുളച്ചുവരുന്നത്. ഇക്കാരണത്താല്‍ സസ്യത്തിന് നേരിടേണ്ടിവരിക തികച്ചും അപരിചിതരായ കീടങ്ങളെയായിരിക്കും. എന്നാല്‍ അതിനുവേണ്ട പ്രതിരോധം അവ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ഉദാഹരണത്തിന് ഏതെങ്കിലും പുഴു സസ്യത്തിന്റെ ഇല തിന്നാനെത്തിയാല്‍ അതിന്റെ ഉമിനീര്‍ തിരിച്ചറിഞ്ഞ് സസ്യം രാസവസ്തുക്കള്‍ പുറപ്പെടുവിക്കും. ചിലവ നിക്കോട്ടിന്‍ സ്രവിപ്പിച്ച് പുഴുവിനെ അപായപ്പെടുത്തും. മറ്റു ചില സസ്യങ്ങള്‍ പുഴുവിന്റെ ദഹനത്തെ മന്ദീഭവിപ്പിക്കുന്ന രാസപദാര്‍ഥമായിരിക്കും പ്രയോഗിക്കുക. ഇതും ഫലിച്ചില്ലെങ്കില്‍ രാസവസ്തു വായുവിലൂടെ പരത്തി പുഴുവിനെ ഓടിക്കാനുള്ള രാസാക്രമണം നടത്തും. ഇതും ചെറുത്താണ് പുഴുവിന്റെ പരാക്രമമെങ്കില്‍ മിത്രകീടത്തെ ആകര്‍ഷിക്കുന്ന രാസവസ്തു പുറപ്പെടുവിക്കും. 90 ശതമാനം പ്രതിരോധവും സ്വയം ചെയ്താണ് ചെടി സ്വയം നിലനില്‍ക്കുക എന്ന് ചുരുക്കം.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യങ്ങള്‍ സമാനവംശജരെ കണ്ടെത്താന്‍ ശ്രമിക്കുന്നതായി ക്യോട്ടോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വേരുകള്‍ വഴിയാണ് ഇവ ഇത് സാധിക്കുന്നത്. കാനഡയിലെ ശാസ്ത്രജ്ഞരാണ് ചെടികളുടെ വര്‍ഗസ്‌നേഹം ആദ്യമായി കണ്ടെത്തിയത്. വേരുപടര്‍ത്തി ജലവും പോഷകവും വലിച്ചെടുക്കുന്നതില്‍ അധീശത്വം പ്രകടിപ്പിക്കുന്ന സസ്യങ്ങള്‍തന്നെ മാതൃസസ്യത്തില്‍ നിന്നുണ്ടായ ചെടിയോട് അനുഭാവപൂര്‍വമായ സമീപനം കാണിക്കുന്നതായി തെളിഞ്ഞു.

ദിവസത്തിന്റെ ദൈര്‍ഘ്യം അളന്നാണ് പുഷ്പിക്കേണ്ട കാലം ചെടികള്‍ കണക്കാക്കുന്നത്. ഡാഫോഡില്‍ ചെടി പുഷ്പിക്കുന്നത് ദിവസത്തിന്റെ ദൈര്‍ഘ്യം നോക്കിയാണ്. പനിനീര്‍പ്പൂക്കള്‍ വേനലെത്താന്‍ കാത്തുനില്‍ക്കുന്നു. എഫ്.ടി. എന്ന ജീനാണ് ദിവസങ്ങളുടെ ദൈര്‍ഘ്യം കണക്കുകൂട്ടി പ്രോട്ടീനുകള്‍ക്ക് സന്ദേശമയച്ച് പുഷ്പിക്കാനുള്ള പ്രചോദനമേകുന്നത്.

സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ സസ്യങ്ങള്‍ മനുഷ്യരെപ്പോലെത്തന്നെ പെരുമാറും. ആസ്​പിരിന്‍ പോലെ സാന്ത്വനമേകുന്ന രാസവസ്തു ഉത്പാദിപ്പിച്ചാണ് സസ്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിടുന്നത്.

വരള്‍ച്ച, അനിയന്ത്രിതമായ താപനില എന്നീ സന്ദര്‍ഭങ്ങളില്‍ ചിലയിനം സസ്യങ്ങള്‍ മീഥൈല്‍ സലിസൈലേറ്റ് (Methyl Salicylate)അന്തരീക്ഷത്തില്‍ കലര്‍ത്തുന്നതായി കൊളറാഡോവിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പ്രതിരോധം വര്‍ധിപ്പിക്കാനും രോഗങ്ങളെ ചെറുക്കാനും ഇത് സഹായിക്കും. തൊട്ടടുത്തുള്ള ചെടികള്‍ക്ക് കാലാവസ്ഥയെക്കുറിച്ച് സൂചന നല്‍കുകയും മറ്റൊരു ഉദ്ദേശ്യമാണ്.

നോക്കൂ, സസ്യങ്ങളുടെ ആശയവിനിമയം എത്ര ആശ്ചര്യജനകമാണ്. അവയും നമ്മളും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുന്നതിനുമുന്‍പ് നമുക്കത് പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
സസ്യങ്ങളുടെ ഭാഷ സസ്യങ്ങളുടെ ഭാഷ Reviewed by Mash on 20:27 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.