'പറക്കും കുറുക്കന്‍' വംശനാശത്തിലേക്ക്‌


കോലാലംപുര്‍: 'പറക്കും കുറുക്കന്‍' എന്നറിയപ്പെടുന്ന ഭീമന്‍ വവ്വാല്‍ വംശനാശത്തിലേക്ക് നീങ്ങുകയാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുനല്‍കുന്നു. പ്രധാന ആവാസമേഖലയായ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ അനിയന്ത്രിത വേട്ടയാണ് ഇവയ്ക്ക് ഭീഷണിയാകുന്നത്.

ചിറകുകള്‍ വിരിച്ചുവെച്ചാല്‍ ഒന്നരമീറ്റര്‍വരെ ദൈര്‍ഘ്യംവരുന്ന 'പറക്കും കുറുക്കന്‍' ലോകത്ത്ഏറ്റവും വലിയ വവ്വാല്‍ വര്‍ഗത്തിലെ അംഗമാണ്. 'ടെറോപ്പസ് വാമ്പയറസ്' എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ സസ്തനികള്‍ പ്രധാനമായും മലേഷ്യയിലും ഇന്‍ഡൊനീഷ്യയിലും തായ്‌ലന്‍ഡിലുമാണ് കാണപ്പെടുന്നത്.

ഇന്നത്തെ നിലയ്ക്ക് വേട്ട തുടര്‍ന്നാല്‍ ആറുവര്‍ഷംകൊണ്ടുതന്നെ ഇവ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായേക്കുമെന്നാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ ഡോ. ജോനാഥന്‍ എപ്‌സ്റ്റൈന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ കണ്ടെത്തിയത്. ജേണല്‍ ഓഫ് 'അപ്ലൈഡ് ഇക്കോളജി'യിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

മലേഷ്യയില്‍ നിയമവിധേയമായിത്തന്നെ പ്രതിവര്‍ഷം 22,000 വവ്വാലുകളെ വേട്ടയാടുന്നു. നിയമവിരുദ്ധമായി വേട്ടയാടപ്പെടുന്നവയുടെ എണ്ണം ഇതിലേറെവരും. മലേഷ്യാ ഉപദ്വീപില്‍ കൂടിയാല്‍ 5,00,000 പറക്കും കുറുക്കന്മാരേ അവശേഷിക്കുന്നുള്ളൂവെന്നാണ് കണക്ക്.

അടിയന്തര സംരക്ഷാപദ്ധതികള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ 2015ഓടെ അവ അപ്രത്യക്ഷമാകും. കൂടിപ്പോയാല്‍ 81 വര്‍ഷത്തിലപ്പുറം അവയ്ക്ക് നിലനില്പുണ്ടാവില്ല.

വിത്തുവിതരണത്തിനും പരാഗണത്തിനും സഹായിക്കുന്ന ഭീമന്‍ വവ്വാലുകള്‍ക്ക് മഴക്കാടുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായ പങ്കുണ്ട്. ഒരു രാത്രി 60 കിലോമീറ്റര്‍ വരെ പറക്കുന്ന ഇവ നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കുന്നതായി ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

തായ്‌ലന്‍ഡില്‍ ഇവയുടെ സംരക്ഷണത്തിനു നടപടി എടുത്തിട്ടുണ്ടെങ്കിലും മലേഷ്യയിലും ഇന്‍ഡൊനീഷ്യയിലും മിക്ക ഭാഗങ്ങളിലും വേട്ട അനുവദനീയമാണ്. 'പറക്കും കുറുക്ക'നെ വേട്ടയാടുന്നത് അടിയന്തരമായി നിരോധിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം.
'പറക്കും കുറുക്കന്‍' വംശനാശത്തിലേക്ക്‌ 'പറക്കും കുറുക്കന്‍' വംശനാശത്തിലേക്ക്‌ Reviewed by Mash on 19:08 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.