രസതന്ത്രനൊബേലില്‍ ഇന്ത്യന്‍സാന്നിധ്യം ആദ്യം



നൊബേല്‍ ജേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ പൗരന്മാര്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നാലു പേരുകളേയുള്ളൂ; രവീന്ദ്രനാഥടാഗോറും സി.വി. രാമനും മദര്‍ തെരേസയും അമര്‍ത്യാസെന്നും. എന്നാല്‍, ഇന്ത്യന്‍ വംശജരുടെ പേരുകള്‍ വേറെയും ആ പട്ടികയിലുണ്ട്- ഹര്‍ഗോവിന്ദ് ഖുരാന, സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍, വി.എസ്. നയ്പാള്‍. ഇപ്പോള്‍ വെങ്കട്‌രാമന്‍ രാമകൃഷ്ണനും. അമേരിക്കന്‍ പൗരനാണെങ്കിലും ഡോ. രാമകൃഷ്ണന്‍ നേടിയ നൊബേല്‍ പുരസ്‌കാരം ഇന്ത്യയുടെ യശസ്സുയര്‍ത്തുന്നു. ബ്രിട്ടീഷിന്ത്യയില്‍ ജനിച്ച റൊണാള്‍ഡ് റോസ് (1902 വൈദ്യശാസ്ത്രം), റുഡ്യാര്‍ഡ് കപ്ലിങ് (1907 സാഹിത്യം) എന്നിവര്‍ക്ക് നൊബേല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. ദലൈലാമ ഇന്ത്യയില്‍ താമസിക്കുന്ന നൊബേല്‍ ജേതാവാണ്. 1989-ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള സമ്മാനമാണ് കിട്ടിയത്. ഇന്ത്യക്കാരനായ രാജേന്ദ്ര പച്ചൗരി അധ്യക്ഷനായ ഐ.പി.സി.സി. 2007-ല്‍ അല്‍ഗോറിനൊപ്പം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടു.
രസതന്ത്രത്തിന് 100 തവണ ഇതിനുമുമ്പ് നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊരിക്കല്‍പോലും ഇന്ത്യന്‍സാന്നിധ്യം ഉണ്ടായിട്ടില്ല. ഇതുവരെ ഉണ്ടാകാത്തതാണ് 101-ാം തവണ രാമകൃഷ്ണനിലൂടെ സംഭവിച്ചിരിക്കുന്നത്.
രസതന്ത്ര നൊബേലില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യമുണ്ടായി എന്നതുമാത്രമല്ല പ്രത്യേകത. ജീവന്റെ അടിസ്ഥാനപ്രക്രിയകളിലൊന്നിന്റെ കുരുക്കഴിക്കുന്നതില്‍ വിജയിക്കാന്‍ ഒരു ഇന്ത്യക്കാരനു കഴിഞ്ഞു എന്നതും അഭിമാനാര്‍ഹമാണ്. ഡി.എന്‍.എ.തന്മാത്രയില്‍ നിന്നുള്ള ജനിതകനിര്‍ദേശങ്ങളനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപം നല്കുന്നത് റൈബോസോമുകളാണ്. മനുഷ്യനുള്‍പ്പെടെ ജീവികളുടെ ജീവല്‍പ്രവര്‍ത്തനങ്ങളാകെ സാധ്യമാക്കുന്ന റൈബോസോമുകളുടെ പൊരുളറിയുന്നതിലാണ് ഡോ. രാമകൃഷ്ണന്‍ ഉള്‍പ്പെട്ട നൊബേല്‍ ജേതാക്കള്‍ വിജയിച്ചത്. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയെന്ന സങ്കേതം അവര്‍ക്ക് തുണയായി. ഭാവിയില്‍ ഫലപ്രദമായ ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്തുന്നതിലും ഈ കണ്ടെത്തല്‍ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ശാസ്ത്രസമൂഹം മറ്റൊരു മഹത്തായ കണ്ടുപിടിത്തത്തിന്റെ ആവേശത്തില്‍നിന്ന് കരകയറും മുമ്പാണ്, ആദ്യമായി ഒരിന്ത്യക്കാരന് രസതന്ത്രനൊബേല്‍ ലഭിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍, ചന്ദ്രപ്രതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയ വിവരം പുറത്തുവന്നിട്ട് രണ്ടാഴ്ച തികയുംമുമ്പ് ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന് പരോക്ഷമായാണെങ്കിലും ഡോ. രാമകൃഷ്ണനിലൂടെ വീണ്ടും അംഗീകാരം ലഭിച്ചിരിക്കുന്നു. ഒരുപക്ഷേ, ഭാവിയില്‍ ശാസ്ത്രത്തിനുള്ള നൊബേല്‍വേദിയില്‍ കൂടുതല്‍ ഇന്ത്യന്‍സാന്നിധ്യം ഉണ്ടാകാമെന്നുള്ള സൂചനയും ഈ നൊബേല്‍ പ്രഖ്യാപനം നല്കുന്നു. അമേരിക്കയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഗവേഷകര്‍ നടത്തുന്ന മുന്നേറ്റം ആ സൂചനയാണ് നല്കുന്നത്. നാനോ ടെക്‌നോളജി, വിവരസാങ്കേതികവിദ്യ, വൈദ്യശാസ്ത്രം തുടങ്ങി ഒട്ടേറെ മേഖലകളില്‍ ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തുന്നവരുടെ കൂട്ടത്തില്‍ ഡോ. അജിത് വര്‍ക്കി, ഡോ. പുളിക്കല്‍ അജയന്‍ തുടങ്ങിയ മലയാളികളും ഉള്‍പ്പെടുന്നു.
ശാസ്ത്രത്തിനുള്ള നൊബേല്‍വേദിയില്‍ ഇന്ത്യയുടെ യഥാര്‍ഥ സാന്നിധ്യം ഒരിക്കലേ ഉണ്ടായിട്ടുള്ളൂ; 1930-ല്‍ സി.വി. രാമനിലൂടെ. 'രാമന്‍പ്രഭാവം' എന്നറിയപ്പെടുന്ന പ്രകാശപ്രതിഭാസം കണ്ടെത്തിയതിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് അദ്ദേഹം കൈവരിച്ച നേട്ടം ആവര്‍ത്തിക്കാന്‍ പിന്നീട് ഇന്ത്യയില്‍ ആര്‍ക്കും കഴിഞ്ഞില്ല.
എന്നാല്‍, വിദേശത്തുപോയി ഗവേഷണത്തിലേര്‍പ്പെടുകയും നൊബേല്‍ പുരസ്‌കാരം നേടുകയും ചെയ്ത ചിലരുണ്ട്. അതില്‍ പ്രമുഖന്‍ 1968-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഹര്‍ഗോവിന്ദ് ഖുരാനയാണ്. ബയോടെക്‌നോളജിയെന്ന ശാസ്ത്രശാഖയ്ക്ക് അടിത്തറയിട്ടവരില്‍ ഒരാളായിരുന്നു ഖുരാന. ലോകത്താദ്യമായി ഒരു ജീവിയുടെ കൃത്രിമജീന്‍ സൃഷ്ടിച്ച് ('എസ്‌ച്ചെരിയ കോളി'യെന്ന ബാക്ടീരിയയുടെ) ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ജെനറ്റിക് കോഡിന്റെ രഹസ്യഭാഷ മനസ്സിലാക്കാന്‍ നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി ഖുരാനയ്‌ക്കൊപ്പം മാര്‍ഷല്‍ ഡബ്ല്യു. നിരെന്‍ബെര്‍ഗ്, റോബര്‍ട്ട് ഡബ്ല്യു. ഹോളി എന്നിവരും നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ഇപ്പോള്‍ പാക് പഞ്ചാബില്‍പെട്ട റായ്പ്പുരില്‍ 1922 ജനവരിയില്‍ ജനിച്ച ഖുരാന, ഉപരിപഠനത്തിന് വിദേശത്തെത്തുകയും പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയുമായിരുന്നു.
നക്ഷത്രങ്ങളുടെ അന്ത്യം സംബന്ധിച്ച കണ്ടെത്തലിന് 1983-ലെ ഭൗതികശാസ്ത്ര നൊബേല്‍ നേടിയ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറാണ് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മറ്റൊരു ശാസ്ത്രജ്ഞന്‍. 1930-കളില്‍ ചന്ദ്രശേഖര്‍ നടത്തിയ കണ്ടെത്തലാണ് അരനൂറ്റാണ്ടിനുശേഷം അംഗീകരിക്കപ്പെട്ടത്. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ചന്ദ്രശേഖര്‍, ഭൗതികശാസ്ത്ര നൊബേല്‍ വില്യം ഫൗളറുമായി പങ്കിടുകയാണ് ചെയ്തത്. 'നാസ' അവരുടെ എക്‌സ്‌റേ ടെലിസേ്കാപ്പ് 1999-ല്‍ വിക്ഷേപിച്ചപ്പോള്‍ അതിനു നല്കിയ പേര് ചന്ദ്രശേഖറിന്‍േറതായിരുന്നു. ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിലറിയപ്പെടുന്ന ഏക സ്‌പേസ് ടെലിസേ്കാപ്പാണ് 'ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി'.
നൊബേല്‍ സമ്മാനം കിട്ടിയതുകൊണ്ടുമാത്രമല്ല, അത് നിരസിക്കപ്പെട്ടതുകൊണ്ടും ശ്രദ്ധേയരായ ഇന്ത്യന്‍ ഗവേഷകരുണ്ട്. കോട്ടയത്തു ജനിച്ച ഇ.സി.ജി. സുദര്‍ശനനാണ് അതില്‍ പ്രമുഖന്‍. (ഗവേഷകനല്ലെങ്കിലും നൊബേല്‍സമ്മാനം നിരസിക്കപ്പെട്ടവരില്‍ ഏറ്റവും പ്രമുഖന്‍ മഹാത്മാഗാന്ധിയാണ്.) ക്വാണ്ടം ഭൗതികത്തില്‍ സുദര്‍ശനനുള്‍പ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്ക് ഇതിനകം ഒന്നിലേറെത്തവണ നൊബേല്‍ പുരസ്‌കാരം നല്കപ്പെട്ടിട്ടുണ്ട്, പക്ഷേ, സുദര്‍ശനനെ പരിഗണിക്കാന്‍ ഇതുവരെ നൊബേല്‍ കമ്മിറ്റി തയ്യാറായിട്ടില്ല. ഏറ്റവുമൊടുവില്‍ 2005-ല്‍ പ്രകാശീയ സംസക്തതയുമായി ബന്ധപ്പെട്ട ക്വാണ്ടം സിദ്ധാന്തം കണ്ടെത്തിയതിന് അമേരിക്കക്കാരനായ റോയ് ഗ്ലാബറിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍, സുദര്‍ശനന്‍ അനുഭവിക്കുന്ന അവഗണന വ്യക്തമായി. 1960-കളുടെ തുടക്കത്തില്‍ സുദര്‍ശനന്‍ രൂപപ്പെടുത്തിയ സിദ്ധാന്തത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകമാത്രമാണ് റോയ് ഗ്ലാബര്‍ ചെയ്തതെന്ന് ആരോപണമുയര്‍ന്നു. അതുപോലെ ത്തന്നെയാണ് ക്ഷീണബലവുമായി ബന്ധപ്പെട്ട് നല്കിയ നൊബേല്‍ പുരസ്‌കാരങ്ങളില്‍നിന്ന് സുദര്‍ശനനെ ഒഴിവാക്കിയതും.

സുദര്‍ശനന്‍ മാത്രമല്ല നൊബേലിന് അര്‍ഹനെന്ന് ശാസ്ത്രസമൂഹം വിധിയെഴുതിയിട്ടും നൊബേല്‍ കമ്മിറ്റി പരിഗണിക്കാത്ത ഒട്ടേറെ ഇന്ത്യന്‍ ശാസ്ത്രജ്ഞരുണ്ട്. ചേര്‍ത്തലയില്‍ കോവിലകത്ത് വീട്ടില്‍ 1927-ല്‍ ജനിക്കുകയും ഗവേഷണത്തിനായി അമേരിക്കയിലേക്ക് കുടിയേറുകയുംചെയ്ത ഡോ. ഗോപിനാഥ് കര്‍ത്തയാണ് അതിലൊരാള്‍. റൈബോ ന്യൂക്ലിയസ് എന്‍സൈമിന്റെ ഘടന കണ്ടെത്തിയ അദ്ദേഹം, ഹൃദ്രോഗത്താല്‍ 1984 ജൂണ്‍ 18-ന് 57-ാം വയസ്സില്‍ അന്തരിച്ചതിനാലാവാം നൊബേല്‍ കിട്ടാതെ പോയതെന്ന് കരുതുന്നവരുണ്ട്. പ്രകാശകണങ്ങളും ദ്രവ്യത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്ന ഗണിതസമീകരണം കണ്ടെത്തി ഐന്‍സ്റ്റൈനെ അമ്പരിപ്പിച്ച സത്യേന്ദ്രനാഥ് ബോസ്, നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ അയണീകരണത്തോത്, അവയുടെ ഊഷ്മാവിന് നേര്‍അനുപാതത്തിലായിരിക്കുമെന്ന് തെളിയിച്ച മേഘനാഥ് സാഹ (20-ാം നൂറ്റാണ്ടില്‍ അസ്‌ട്രോഫിസിക്‌സിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി ഈ കണ്ടുപിടിത്തം വിലയിരുത്തപ്പെടുന്നു) തുടങ്ങിയവരൊക്കെ ആ ഗണത്തില്‍പെടുന്നു
രസതന്ത്രനൊബേലില്‍ ഇന്ത്യന്‍സാന്നിധ്യം ആദ്യം രസതന്ത്രനൊബേലില്‍ ഇന്ത്യന്‍സാന്നിധ്യം ആദ്യം Reviewed by Mash on 19:07 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.