'e' വലയില്‍ കുരുങ്ങരുതേ...!
ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണു തട്ടിപ്പുകാര്‍ പലരില്‍നിന്നും വന്‍തുക കൈക്കലാക്കുന്നത്. വിവരസാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ളവര്‍തന്നെ ബാലിശമായ തട്ടിപ്പുകള്‍ക്കിരയാകുന്നു എന്നുള്ളതു മറ്റൊരു വൈരുദ്ധ്യം. വിദേശ മെയിലുകളാണു വ്യാപകതട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നത്. ലോട്ടറി അടിച്ചു, പുതിയ ജോലി ലഭിച്ചു, സംയുക്‌ത സംരംഭങ്ങള്‍ക്കു പങ്കാളികളെ ആവശ്യമുണ്ട് തുടങ്ങിയ സന്ദേശങ്ങളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നവയില്‍ ഏറെയും. ആദ്യഘട്ടത്തില്‍ ഒരാളുടെ ഇ-മെയില്‍ വിലാസത്തിലേക്ക് ലോട്ടറിയടിച്ചു, സമ്മാനങ്ങള്‍ ലഭിച്ചു, ജോലിക്കു വിസ നല്‍കാം എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് അയയ്‌ക്കുന്നത്. 'എടുക്കാത്ത ലോട്ടറി' അടിച്ച സന്താഷത്തില്‍ മുഴുവന്‍ പേര്, വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ അയയ്‌ക്കുന്നതോടെ നിങ്ങള്‍ തട്ടിപ്പിന്റെ ഇരയായിക്കഴിഞ്ഞു. ചിലപ്പോള്‍ 'ഇര'യുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ മുഖേന പണം തട്ടിയെടുത്തു രണ്ടാംഘട്ടത്തില്‍ത്തന്നെ തട്ടിപ്പുകാര്‍ പണി മതിയാക്കും. മൂന്നാംഘട്ടത്തില്‍ പണം കൈമാറ്റത്തിനുള്ള ഉപാധികളുടെ പേരിലുള്ള സന്ദേശമാണു ലഭിക്കുക. അതിന്റെ ചെലവിലേക്കായി നിങ്ങള്‍ 'കുറച്ചു' പണം അയയ്‌ക്കേണ്ടതുണ്ടെന്നു തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു, അതും ഡോളറിലോ യൂറോയിലോ പൗണ്ടിലോ മാത്രം. പണം അയയ്‌ക്കാത്തവര്‍ക്കു മുന്നില്‍ തട്ടിപ്പുകാര്‍ നേരിട്ടു പ്രത്യക്ഷപ്പെടുന്നതോ ടെലിഫോണില്‍ ബന്ധപ്പെടുന്നതോ ആണു നാലാംഘട്ടം. വിദേശത്തുനിന്നു ടെലിഫോണില്‍ സംസാരിച്ചും നേരിട്ടെത്തി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയും 'ഇര'യുടെ വിശ്വാസമാര്‍ജിക്കുന്നു. ബ്രിട്ടീഷ്-ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ സമ്മാനം ലഭിച്ചെന്നു കാണിച്ച് പ്രചരിക്കുന്ന ഒരു ഇ-മെയില്‍ സന്ദേശം ഇങ്ങനെ: 'താങ്കളുടെ ഇ-മെയില്‍ വിലാസം 15 ലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ സമ്മാനത്തിന് അര്‍ഹമായിരിക്കുന്നു. ബ്രിട്ടീഷ് ഓണ്‍ലൈന്‍ ലോട്ടറി തെരഞ്ഞെടുത്ത ഇ-മെയില്‍ വിലാസങ്ങളില്‍നിന്നു നറുക്കെടുപ്പിലൂടെയാണു നിങ്ങളുടെ വിലാസം സമ്മാനത്തിന് അര്‍ഹമായത്. സന്ദേശം ലഭിച്ചാലുടന്‍ നിങ്ങളുടെ മുഴുവന്‍ പേര്, വിലാസം, മറ്റു വിവരങ്ങള്‍ എന്നിവയടക്കം മറുപടി അയയ്‌ക്കണം' എന്നാകും സന്ദേശം. വിശ്വാസ്യതയ്‌ക്കായി ഫോണ്‍ നമ്പറും സന്ദേശത്തോടൊപ്പമുണ്ടാകും. കൂട്ടു ബിസിനസില്‍ പങ്കാളിയായി കൂടുതല്‍ ലാഭം നേടൂ എന്നതാണു മറ്റൊരു 'ചൂണ്ട'. വിദേശത്തു ജയിലില്‍ കഴിയുന്ന സമ്പന്നന്റെ സ്വത്ത് മറ്റു രാജ്യങ്ങളിലേക്കു മാറ്റാന്‍ സഹായമാരാഞ്ഞു കബളിപ്പിക്കുന്നതാണു മറ്റൊരു തട്ടിപ്പ്. വന്‍കമ്മിഷനും വാഗ്‌ദാനം ചെയ്യുന്നു. വന്‍കമ്പനികളില്‍ ജോലി നല്‍കാമെന്നു വാഗ്‌ദാനം ചെയ്യുന്ന സന്ദേശങ്ങളില്‍ ഇരകളില്‍നിന്നു 'വിസ പ്രോസസിംഗി'ന്റെ പേരിലാണ് പണം ആവശ്യപ്പെടുന്നത് |
'e' വലയില്‍ കുരുങ്ങരുതേ...!
Reviewed by Mash
on
17:21
Rating:
No comments: