കലാമിന്റെ പത്താംക്ലാസ്‌ പാസാകാത്ത ഡ്രൈവര്‍ ഇന്നു കോളജ്‌ ലക്‌ചറര്‍


ആറ്റൂര്‍(തമിഴ്‌നാട്‌): രണ്ടു ദശാബ്‌ദം മുമ്പ്‌ എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ ഡ്രൈവറായിരുന്നു കതിരേശന്‍. ഇന്ന്‌ അരിനഗര്‍ അണ്ണാ ഗവണ്‍മെന്റ്‌ ആര്‍ട്‌സ് കോളജിലെ ലക്‌ചറര്‍.

പത്താംക്ലാസ്‌ പോലും പാസാകാതെ വളയം പിടിച്ചു കൊണ്ടിരുന്ന കതിരേശന്‍ തിരുനെല്‍വേലിയിലെ മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ നിന്നു ചരിത്രത്തില്‍ പിഎച്ച്‌.ഡി. പൂര്‍ത്തിയാക്കിയ ശേഷമാണു കഴിഞ്ഞ എട്ടിനു കോളജ്‌ ലക്‌ചററായി ചേര്‍ന്നത്‌. ഇതിനു കതിരേശനു നന്ദി പറയാനുള്ളതു കലാമിനോടാണ്‌; സ്വപ്‌നങ്ങള്‍ക്കു ചിറകുകള്‍ വയ്‌പിക്കുന്ന ആ മാന്ത്രികവാക്കുകളോടാണ്‌.

അച്‌ഛന്‍ വെള്ളൈ സ്വാമി തേവരുടെ മരണത്തേത്തുടര്‍ന്നാണു കതിരേശനു പത്താംക്ലാസ്‌ പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്‌. 1979-ല്‍ പട്ടാളത്തിലെത്തിപ്പെട്ട കതിരേശനു ഭോപ്പാലില്‍ ഇലക്‌ട്രിക്കല്‍ മെക്കാനിക്കായി പരിശീലനം കിട്ടി.

1980-കളില്‍ ഹൈദരാബാദിലെ പ്രതിരോധ ഗവേഷണ വികസന ലബോറട്ടറിയില്‍ (ഡി.ആര്‍.ഡി.എല്‍.) കതിരേശന്‍ ഡ്രൈവറായി ചേര്‍ന്നു. കലാമിന്റെ സാരഥിയാവാനായിരുന്നു കതിരേശന്റെ നിയോഗം.

അഞ്ചരവര്‍ഷം കലാമിനോടൊപ്പം. അതു കതിരേശന്റെ ജീവിതം മൊത്തം മാറ്റിയെഴുതുകയായിരുന്നു. പഠനം തുടരാന്‍ കതിരേശനെ പ്രേരിപ്പിച്ചതു കലാമാണ്‌. കതിരേശനെ മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകരെ മുഴുവന്‍ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു കലാം. നേടിയെടുക്കാന്‍ സാധിക്കുന്നതിനപ്പുറത്തു ലക്ഷ്യം നിശ്‌ചയിക്കാനാണു കലാം അവരെ ഉപദേശിച്ചത്‌. കലാം ഡല്‍ഹിയിലേക്കു പോയപ്പോഴും ആ വാക്കുകള്‍ നല്‍കിയ വെളിച്ചം കതിരേശനെ വിട്ടു പോയില്ല. പത്താംക്ലാസ്‌ പരീക്ഷയെഴുതിയ ശേഷം ഹയര്‍ സെക്കന്‍ഡറി. പിന്നീടു മധുര കാമരാജ്‌ സര്‍വകലാശാലയില്‍ നിന്നു ചരിത്രത്തില്‍ ബിരുദാനന്തരബിരുദം.

പകല്‍ ഡ്രൈവറായുള്ള ജോലി തുടര്‍ന്നു കൊണ്ടു രാത്രി ഉറക്കമിളച്ചു പഠിക്കുകയായിരുന്നു കതിരേശന്‍. ഡി.ആര്‍.ഡി.എല്ലിലെ ജീവനക്കാരെല്ലാം പ്രോത്സാഹിപ്പിച്ചു. വേതനമായി കിട്ടിയ പണം മുഴുവന്‍ പഠനച്ചെലവുകള്‍ക്കായി വിനിയോഗിക്കേണ്ടി വന്നു. കുടുംബചുമതലകളെല്ലാം ഈ സമയം നിര്‍വഹിച്ചിരുന്നത്‌ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. കുടുംബവകയായി അല്‍പം ഭൂമിയുള്ളതിനാല്‍ അതിനു വലിയ പ്രയാസമുണ്ടായില്ല.

ബിരുദാനന്തര ബിരുദത്തിനു ശേഷം ഉന്നതപഠനത്തിനായി ഡി.ആര്‍.ഡി.എല്ലിലെ ജോലിയുപേക്ഷിച്ചു. പിന്നീട്‌ തിരുനെല്‍വേലിയിലെ ചീഫ്‌ എജ്യുക്കേഷന്‍ ഓഫീസറുടെ ഓഫീസില്‍ സൂപ്പര്‍വൈസറായി. പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എയും ചരിത്രത്തില്‍ പിഎച്ച്‌.ഡിയുമെടുത്തതു തിരുനെല്‍വേലിയില്‍ നിന്നാണ്‌. തന്റെ ജോലിമാറ്റം അറിയിച്ചുകൊണ്ടു കതിരേശന്‍ കലാമിനു ഡല്‍ഹിയിലേക്കു കത്തയച്ചു. ഇന്ത്യയുടെ രാഷ്‌ട്രപതിയായിക്കഴിഞ്ഞിരുന്നു കലാം അപ്പോഴേക്കും. കതിരേശന്‍ ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും അതിനു മറുപടി കിട്ടി. ആ കത്ത്‌ കതിരേശന്‍ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു.

എന്നാല്‍, താന്‍ ലക്‌ചററായി ജോലിയില്‍ ചേര്‍ന്ന വിവരം നാല്‍പത്തിയേഴുകാരനായ കതിരേശന്‍ ഇതുവരെ കലാമിനെ അറിയിച്ചിട്ടില്ല. അതിനു കാരണം കതിരേശന്‍ പറയുന്നത്‌ ഇങ്ങനെ,

'ഞാന്‍ അദ്ദേഹത്തിനു കത്തെഴുതിക്കൊള്ളാം. അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ ആഗ്രഹമില്ലാത്തതു കൊണ്ടാണു ഫോണില്‍ വിളിക്കാത്തത്‌. ആയിരക്കണക്കിനാള്‍ക്കാരുമായി അനുദിനം ബന്ധപ്പെടുന്ന വളരെ തിരക്കുള്ള ഒരാളല്ലേ അദ്ദേഹം...
കലാമിന്റെ പത്താംക്ലാസ്‌ പാസാകാത്ത ഡ്രൈവര്‍ ഇന്നു കോളജ്‌ ലക്‌ചറര്‍ കലാമിന്റെ പത്താംക്ലാസ്‌ പാസാകാത്ത ഡ്രൈവര്‍ ഇന്നു കോളജ്‌ ലക്‌ചറര്‍ Reviewed by Mash on 17:22 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.