കശ്മീരിലെ അപൂര്‍വ മാനുകള്‍ക്ക് പുനര്‍ജനി
വംശനാശത്തിലേക്ക് നീങ്ങുന്ന ജീവികളുടെ വാര്‍ത്തകളാണ് എങ്ങും. കാലാവസ്ഥാവ്യതിയാനവും പ്രകൃതിനാശവും ഡസണ്‍കണക്കിന് ജീവികളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നു. അതിനിടെ, പ്രതീക്ഷാനിര്‍ഭരമായ ഒരു വാര്‍ത്ത, കശ്മീരില്‍ നിന്ന്. വംശനാശത്തിന്റെ വക്കിലെത്തിയ ഒരു ജീവിവര്‍ഗം വീണ്ടും മടങ്ങിവരുന്നു!

കശ്മീരില്‍ മാത്രം കാണപ്പെടുന്ന 'ഹാന്‍ഗുള്‍ മാനുകള്‍' (hangul deer) ആണ് വംശനാശത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെട്ടതായി സൂചനയുള്ളത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ കണക്കെടുപ്പില്‍ ഈ അപൂര്‍വ മാനുകളുടെ എണ്ണം 175 ആയതായി കണ്ടു. ഇത് പ്രതീക്ഷ നല്‍കുന്നതായി വന്യജീവിസംക്ഷകര്‍ പറയുന്നു.
ചുവപ്പ് മാനുകളുടെ കൂട്ടത്തില്‍പെട്ട ഉപസ്പീഷിസ് ആയ ഹാന്‍ഗുള്‍ മാനുകളെ ഉന്‍മൂലനത്തിന്റെ വക്കിലെത്തിച്ചത്, വേട്ടയും കശ്മീരിലെ ആഭ്യന്തരപോരാട്ടവുമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോരാട്ടം ശമിച്ച് താഴ്‌വരയില്‍ സമാധാനം മടങ്ങിയെത്തിയതും, ഗ്രാമീണരുടെ സഹകരണവുമാണ് കശ്മീരി മാനുകളുടെ സംഖ്യ ചെറിയ തോതിലാണെങ്കിലും വര്‍ധിക്കാനിടയാക്കിയത്. ഇനി ഈ വര്‍ഗത്തിന്റെ നിലനില്‍പ്പിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്ന്, ഹാന്‍ഗുള്‍ മാനുകളെക്കുറിച്ച് വര്‍ഷങ്ങളായി പഠനം നടത്തുന്ന ശാസ്ത്രജ്ഞന്‍ ഖുര്‍ഷിദ് അഹമ്മദ് അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയും ഗ്രാമീണരുടെ സഹകരണവും ഇല്ലെങ്കില്‍, അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ ഈ ജീവിവര്‍ഗം ഭൂമുഖത്തുനിന്ന് മറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
അറുപത് വര്‍ഷംമുമ്പ് കശ്മീരിലെ അവസാനത്തെ രാജാവിന്റെ കാലത്ത് മൂവായിരത്തോളം ഹാന്‍ഗുള്‍ മാനുകള്‍ താഴ്‌വരയിലുണ്ടായിരുന്നു എന്ന് പ്രായമേറിയ വനസംരക്ഷണ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, 1947-ന് ശേഷം കശ്മീരിലെത്തിയ ഉദ്യോഗസ്ഥപ്രഭുക്കളുടെ മൃഗയാവിനോദമാണ് ആ ജീവിയുടെ നിലനില്‍പ്പ് അപകടത്തിലാക്കിയത്. വേട്ടയ്‌ക്കൊപ്പം വനംകൈയേറ്റം വര്‍ധിച്ചതും ഭീഷണിയായി. മാനുകളുടെ ആവാസവ്യവസ്ഥ ചുരുങ്ങി. 1970-കളില്‍ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) നടത്തിയ കണക്കെടുപ്പില്‍ ഹാന്‍ഗുള്‍ മാനുകളുടെ സംഖ്യ 170 എന്ന നിലയിലേക്ക് ചുരുങ്ങിയതായി കണ്ടു. അതെ തുടര്‍ന്ന് നടന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി, ശ്രീനഗറിന് പരിസരത്തുള്ള ഡാച്ചിഗാം നാഷണല്‍ പാര്‍ക്കിലെ മാനുകളുടെ എണ്ണം 800 ആയി.
അപ്പോഴാണ്, മറ്റൊരു ശാപമായി കശ്മീരില്‍ സായുധപോരാട്ടം ആരംഭിക്കുന്നത്. ഹാന്‍ഗുള്‍ മാനുകളുടെ പ്രദേശത്ത് വന്യജീവിസംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് കടക്കാന്‍ പോലുമാകാതായി. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് മാനുകള്‍ പ്രജനനം നടത്തുന്ന ഡാച്ചിഗാമിന്റെ മേല്‍ഭാഗത്ത്. ആ സാഹചര്യം മുതലെടുത്ത് നാടോടികളായ ഇടയന്‍മാര്‍ ആ പ്രദേശത്ത് ആടുകളെ മേയാന്‍ വിട്ടത് മാനുകള്‍ക്ക് കൂടുതല്‍ ഭീഷണിയായി. അവശേഷിക്കുന്ന മാനുകള്‍ക്ക് കൂടി നിലനില്‍ക്കാന്‍ പറ്റാതായി.
എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷമായി താഴ്‌വരയില്‍ സാധാരണനില മടങ്ങിയെത്തിയത് ഹാന്‍ഗുള്‍ മാനുകളുടെ കാര്യത്തില്‍ പ്രതീക്ഷയേകുന്നതായി വനംവകുപ്പ് അധികൃതര്‍ പറയുന്നു. മൊത്തം മാനുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ധനയുണ്ടായതിനൊപ്പം, ആണ്‍മാനുകളുടെ സംഖ്യയിലും ചെറിയ വര്‍ധനയുണ്ടായിരിക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. ഏതാണ്ട് 23 കോടി രൂപ ചെലവ് വരുന്ന ഒരു സംക്ഷണപദ്ധതി ആ അപൂര്‍വ മാനുകളുടെ വംശം നിലനിര്‍ത്താനായി വന്യജീവി വകുപ്പ് ആരംഭിക്കുകയാണ്.
ഹാന്‍ഗുള്‍ മാനുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം, സംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ ഗ്രാമീണരെ ബോധവത്ക്കരിക്കാനുമാണ് പദ്ധതി. ഒരു കൃത്രിമ പ്രജനനകേന്ദ്രവും മാനുകള്‍ക്കായി നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഏതായാലും, കശ്മീരിലെ ഭീകരപ്രവര്‍ത്തനം ശമിച്ചത് മനുഷ്യരുടെ നിലനില്‍പ്പിന് മാത്രമല്ല, അപൂര്‍വ ജീവികളുടെ നിലനില്‍പ്പിനും അനുകൂലമാവുകയാണ്.
കശ്മീരിലെ അപൂര്‍വ മാനുകള്‍ക്ക് പുനര്‍ജനി
Reviewed by Mash
on
19:26
Rating:
No comments: