കാവുകളുടെ സംരക്ഷണത്തിന് പദ്ധതി



കോട്ടയം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നാശോന്മുഖമാകുന്ന കാവുകളെ സംരക്ഷിക്കുന്നതിന് വനംവകുപ്പ് പദ്ധതി തയ്യാറാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കാവുകളിലെ ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ടുള്ള സംരക്ഷണത്തിനാണ് മുന്‍തൂക്കം. വനംവകുപ്പ് ഇതിനാവശ്യമായ സാമ്പത്തികസഹായവും മാര്‍ഗനിര്‍ദേശവും നല്‍കും.

ക്ഷേത്രഭരണസമിതികള്‍ക്കോ സംഘടനകള്‍ക്കോ ട്രസ്റ്റുകള്‍ക്കോ കാവുകളുടെ സംരക്ഷണം ഏറ്റെടുക്കാം. ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംവരാതെയാണ് കാവുകള്‍ സംരക്ഷിക്കുക. ഓരോ ജില്ലയില്‍നിന്നും ജൈവവൈവിധ്യമുള്ള അഞ്ച് കാവുകള്‍വീതമാണ് സംരക്ഷണത്തിന് തിരഞ്ഞെടുക്കുക.

കാവുകളുടെ അതിര്‍ത്തികളില്‍ ജൈവവേലി നിര്‍മിക്കുക, കാവിനുള്ളില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുക, അവിടത്തെ ചെടികളെക്കുറിച്ചും പക്ഷിമൃഗാദികളെക്കുറിച്ചും പഠനങ്ങള്‍ നടത്തുക, പക്ഷികള്‍ക്കും മറ്റു ജന്തുക്കള്‍ക്കും വേണ്ട ഭക്ഷണത്തിനുള്ള സൗകര്യമൊരുക്കുക, ഇവയ്ക്ക് താമസസൗകര്യമൊരുക്കുക, തിരഞ്ഞെടുക്കപ്പെടുന്ന ഓരോ കാവിന്റെയും ചരിത്രം തയ്യാറാക്കുക, ഇവയെല്ലാം ചേര്‍ത്ത് ഡോക്യുമെന്ററി തയ്യാറാക്കുക, ജൈവവൈവിധ്യത്തെക്കുറിച്ച് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനകരമാകുംവിധം ബോധവത്കരണസെമിനാറുകള്‍ നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഓരോ കാവിലും ഏതെല്ലാം തരത്തിലുള്ള സംരക്ഷണമാണ് വേണ്ടതെന്ന പഠനം നടത്തിയശേഷമായിരിക്കും ജില്ലാ സാമൂഹികവനവത്കരണവിഭാഗം പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ഓരോ കാവിനും കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സാമ്പത്തികസഹായം നല്‍കുക. സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ബയോ ഡൈവേഴ്‌സിറ്റി) മേല്‍നോട്ടം വഹിക്കും.

വനം വകുപ്പ് കാവുകള്‍ ഏറ്റെടുക്കുകയല്ല, മറിച്ച് കാവുകളിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനാവശ്യമായ സാമ്പത്തികസഹായം നല്‍കുകമാത്രമാണ് ചെയ്യുകയെന്നും വനംവകുപ്പധികൃതര്‍ വ്യക്തമാക്കി
കാവുകളുടെ സംരക്ഷണത്തിന് പദ്ധതി കാവുകളുടെ സംരക്ഷണത്തിന് പദ്ധതി Reviewed by Mash on 19:45 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.