ഹരിതഗൃഹ വാതകവ്യാപനം കുറയ്ക്കാന്‍ ജി-8, ജി-5 ധാരണ


ലാ അക്വില: കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനം 2050-ഓടെ പകുതിയാക്കി കുറയ്ക്കാന്‍ കൂട്ടായ ശ്രമം നടത്തുന്നതിന് ഇറ്റലിയിലെ ലാ അക്വിലയില്‍ നടക്കുന്ന ജി-8, ജി-5 രാജ്യങ്ങളുടെ ഉച്ചകോടി ധാരണയിലെത്തി. ഭൂമിയുടെ താപനില ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്നതിനെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധിക്കാനിട വരുത്തില്ലെന്ന് ഉറപ്പു നല്‍കുന്ന സംയുക്ത പ്രഖ്യാപനം ഉച്ചകോടിയിലുണ്ടായി.

ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനം 2050-ഓടെ 80 ശതമാനം കുറയ്ക്കാന്‍ സമ്പന്നരാജ്യങ്ങളുടെ സംഘടനയായ 'ജി-8' ബുധനാഴ്ചതന്നെ തീരുമാനിച്ചിരുന്നു.

എന്നാല്‍, സാരമായ വെട്ടിക്കുറവ് വരുത്താന്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുള്‍പ്പെട്ട ജി-5 വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന്, ഒത്തുതീര്‍പ്പുഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള സംയുക്തപ്രഖ്യാപനം ഉച്ചകോടി അംഗീകരിക്കുകയായിരുന്നു.

കാലാവസ്ഥാവ്യതിയാനം നേരിടുന്ന കാര്യത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കാന്‍ അമേരിക്കയടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ക്ക് ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഉച്ചകോടിക്കിടെ പത്രസമ്മേളനത്തില്‍ പറഞ്ഞു. ''ഈ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ അമേരിക്ക മുന്‍കാലങ്ങളില്‍ ചിലപ്പോഴൊക്കെ വീഴ്ച വരുത്തിയിട്ടുണ്ടെ''ന്നും അദ്ദേഹം തുറന്നു സമ്മതിച്ചു.

ആഗോളതാപനം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ തയ്യാറാവണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ആഗോളതാപനം നിയന്ത്രിക്കുന്നതിന്റെ പേരില്‍ വികസ്വരരാജ്യങ്ങള്‍ക്ക് വികസന, ദാരിദ്ര്യനിര്‍മാര്‍ജന ലക്ഷ്യങ്ങള്‍ ബലികഴിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സ്വതന്ത്രവ്യാപാരം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ദോഹാവട്ട ചര്‍ച്ച 2010-ഓടെ വിജയസമാപ്തിയിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉച്ചകോടി പുറപ്പെടുവിച്ച സംയുക്തപ്രഖ്യാപനത്തില്‍ പറയുന്നു.
ഹരിതഗൃഹ വാതകവ്യാപനം കുറയ്ക്കാന്‍ ജി-8, ജി-5 ധാരണ ഹരിതഗൃഹ വാതകവ്യാപനം കുറയ്ക്കാന്‍ ജി-8, ജി-5 ധാരണ Reviewed by Mash on 19:47 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.