ഭൂമിയെ ചൂടുപിടിപ്പിക്കാന്‍ 'ശല്യമെയിലുകളും'

ലണ്ടന്‍: അറിയുക, ഇന്റര്‍നെറ്റിലെ 'ശല്യമെയിലുകള്‍' (സ്പാം) വെറും ശല്യം മാത്രമല്ല, അവ ആഗോളതാപനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇത്തരം പാഴ്‌മെയിലുകള്‍ കൈകാര്യം ചെയ്യാനും വിനിമയം ചെയ്യാനും വേണ്ട ഊര്‍ജം ഉത്പാദിപ്പിക്കാന്‍, പ്രതിവര്‍ഷം 170 ലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്‌സയിഡ് നമ്മള്‍ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കുന്നു! ലോകം മറ്റൊരു ഭൗമദിനം ആചരിക്കാനൊരുങ്ങുന്ന വേളയിലാണ് അസ്വസ്ഥതയുളവാക്കുന്ന ഈ വിവരം പുറത്തു വന്നിരിക്കുന്നത്.

വര്‍ഷംതോറും ഇ്ന്റര്‍നെറ്റ് വഴി 62 ലക്ഷംകോടി ശല്യമെയിലുകള്‍ അയയ്ക്കപ്പെടുന്നു എന്നാണ് കണക്ക്. ഇത്രയും മെയിലുകളുടെ ഊര്‍ജമൂല്യം എത്രയെന്ന്, ഐ.സി.എഫ്. ഇന്റര്‍നാഷണലും മകഫീ കമ്പനിയും ചേര്‍ന്ന് കണക്കാക്കിയപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യമായത്. ശല്യമെയിലുകള്‍ കൈകാര്യം ചെയ്യാന്‍ വര്‍ഷംതോറും വേണ്ടിവരുന്നത് 3300 കോടി യൂണിറ്റ് വൈദ്യുതിയാണ്. 24 ലക്ഷം വീടുകളുടെ ആവശ്യത്തിന് ഇത്രയും മതി.

കമ്പ്യൂട്ടറുകളില്‍ ശല്യമെയിലുകളെ 'അരിച്ചുമാറ്റുന്ന' സംവിധാനം ഏര്‍പ്പെടുത്തിയാല്‍, അത്തരം മെയിലുകള്‍ 75 ശതമാനം കുറയുമെന്ന് ഐ.സി.എഫ്. പറയുന്നു. 23 ലക്ഷം കാറുകളെ റോഡുകളില്‍നിന്ന് പിന്‍വലിച്ചാല്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡ് എത്ര കുറയുമോ, ആ ഫലം ഇത് നല്‍കുമത്രേ! ആഗോളതാപനം ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സ്പാം തടയലും ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രധാന്യമാണ് ഈ പഠനം വ്യക്തമാക്കുന്നത്.
ഭൂമിയെ ചൂടുപിടിപ്പിക്കാന്‍ 'ശല്യമെയിലുകളും' ഭൂമിയെ ചൂടുപിടിപ്പിക്കാന്‍ 'ശല്യമെയിലുകളും' Reviewed by Mash on 18:59 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.