ജൈവഅധിനിവേശം

മെയ് 22 - അന്താരാഷ്ട്ര ജൈവവൈവിധ്യദിനം

ഒന്നര പതിറ്റാണ്ട് മുമ്പാണ്, കേരളത്തിലെ തേനീച്ചകൃഷിക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ടു. ഏതോ അജ്ഞാതകാരണത്താല്‍ തേനീച്ച മുഴുവന്‍ ചത്തടിഞ്ഞു. ലോണെടുത്തും മറ്റും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് മുന്നില്‍ വഴിമുട്ടി. കണ്ണൂരിലെ മലയോര പ്രദേശത്തിനാണ് ഏറ്റവും വലിയ പ്രഹരമേറ്റത്. കൂടുതല്‍ തേനുണ്ടാക്കും എന്ന് അവകാശപ്പെട്ട്, ഇറ്റലിയില്‍നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ഒരിനം തേനീച്ചയ്‌ക്കൊപ്പം ഇവിടെയെത്തിയ മാരകവൈറസാണ്, നാടന്‍ തേനീച്ചകളുടെ അന്തകനായതെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. മറ്റൊരു കാര്യംകൂടി താമസിയാതെ മനസിലായി, കേരളത്തില്‍ വളര്‍ത്തുതേനീച്ചകര്‍ മാത്രമല്ല, കാട്ടിലെ തേനീച്ചയ്ക്കും കൂട്ടനാശം സംഭവിച്ചിരിക്കുന്നു. ഇടുക്കിയിലും തെക്കന്‍ കേരളത്തിലും കാട്ടില്‍നിന്ന് തേന്‍ ശേഖരിച്ച് ജീവിക്കുന്ന ആദിവാസികളുടെ ജീവിതം അവതാളത്തിലായി.

ഇനി വേറൊരു സംഭവം. 2001-ല്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടര്‍ന്നുപിടിച്ചത് ബ്രിട്ടനില്‍ വന്‍പ്രത്യാഘാതം സൃഷ്ടിച്ചു. കാലിവ്യവസായം തകര്‍ച്ച നേരിട്ടു. എഴുപത് ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടി വന്നു. പൊതുതിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവെച്ചു. ഒട്ടേറെ കായിക-വിനോദ പരിപാടികള്‍ റദ്ദാക്കി. 1600 കോടി ഡോളര്‍ (80,000 കോടി രൂപ) നഷ്ടം ആ മൃഗരോഗം ബ്രട്ടന് വരുത്തിയെന്നാണ് കണക്ക്. രോഗത്തിന്റെ വേരുകള്‍ തേടിപ്പോയ ഗവേഷകര്‍ എത്തിയത് പക്ഷേ, ഇന്ത്യയിലാണ്-ഉത്തര്‍പ്രദേശില്‍! തൊണ്ണൂറുകളില്‍ ഉത്തര്‍പ്രദേശില്‍നിന്ന് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്ത ആടുകളിലൂടെ ഇവിടെ നിന്ന് പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവില്‍ ബ്രിട്ടനിലെത്തി നാശംവിതച്ചത്.

അന്യജീവജാതികള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെരുകി അവിടുത്തെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിന് രണ്ട് ഉദാഹരണങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇത്തരം ഭീഷണിയാണ് ജൈവഅധിനിവേശം (Bioinvasion) എന്ന് അറിയപ്പെടുന്നത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്‌നങ്ങളിലൊന്നായി ജൈവഅധിനിവേശം വിലയിരുത്തപ്പെടുന്നു. കേരളീയര്‍ക്കും ഈ ഭീഷണി അപരിചിതമല്ല, മേല്‍വിവരിച്ച ഇറ്റാലിയന്‍ വൈറസിനെപ്പോലെ ആഫ്രിക്കന്‍ പായലും അക്കേഷ്യയും പാര്‍ത്തനീയവും ആഫ്രിക്കന്‍ മുഷിയും തിലാപ്പിയ മത്സ്യവുമൊക്കെ മറ്റ്‌രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തി ഇവിടുത്തെ കൃഷിക്കും ആവാസവ്യവസ്ഥയ്ക്കും കടുത്ത ഭീഷണിസൃഷ്ടിക്കുന്ന ഇനങ്ങളാണ്. കേരളമുള്‍പ്പടെ ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗര്‍ കൊതുക് ചിക്കുന്‍ ഗുനിയ ഉള്‍പ്പടെ 21-ഓളം വൈറസുകളുടെ വാഹകരാണ്.

ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് ഇത്തവണ അന്താരാഷ്ട്ര ജൈവവൈവിധ്യദിനത്തി (മെയ് 22) ന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന് യു.എന്‍. നിശ്ചയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ അധിനിവേശ ജീവജാതികള്‍ വരുത്തുന്ന വിളനാശവും, വനത്തിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും, ഇവ നിയന്ത്രിക്കാന്‍ വേണ്ടിവരുന്ന ചെലവും അധിനിവേശം നടത്തുന്ന രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കും ഉണ്ടാകുന്ന നാശവുമെല്ലാം കണക്കാക്കിയാല്‍ പ്രതിവര്‍ഷം കോടിക്കണക്കിന്, ഒരുപക്ഷേ ഒരുലക്ഷം കോടി ഡോളറിന്റെ വരെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്. ഗതാഗതത്തിലുണ്ടായ വര്‍ധനവും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന് ആക്കംകൂട്ടുന്നതായി വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട് പറയുന്നു. ഏപ്രില്‍ ആദ്യം മെക്‌സിക്കോയില്‍ മനുഷ്യരെ ബാധിച്ച പന്നിപ്പിനി വൈറസ് എന്ന എച്ച്1എന്‍1 വൈറസ് വകഭേദം എത്രവേഗമാണ് മറ്റ് രാജ്യങ്ങളിലെത്തിയത്.

ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അധിനിവേശ ജീവജാതികളെക്കുറിച്ച് ആധികാരികമായി മനസിലാക്കാന്‍ '
ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസ്' (GISD) സന്ദര്‍ശിച്ചാല്‍ മതി. ജൈവഅധിനിവേശമുയര്‍ത്തുന്ന ഭീഷണിയെപ്പറ്റി ലോകവ്യാപകമായി ബോധവത്ക്കരണം ശക്തിപ്പെടുത്താനാണ് ഈ വെബ്ബ്‌സൈറ്റ് ശ്രമിക്കുന്നത്. 'ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് പ്രോഗ്രാ'മിന്റെ ഭാഗമായി 1998-ല്‍ ആരംഭിച്ചതാണിത്. ലോകത്തെ വിവിധ മേഖലകളില്‍ അധിനിവേശം നടത്തിയിട്ടുള്ള ഇനങ്ങളെ മേഖല തിരിച്ച് തന്നെ ഈ സൈറ്റില്‍നിന്ന് മനസിലാക്കാം. പരിസ്ഥിതി, വിതരണം, അധിനിവേശജാതികള്‍ വരുത്തുന്ന പ്രത്യാഘാതമൊക്കെ ഈ സൈറ്റ് വ്യക്തമായി വിവരിക്കുന്നു.

അനുബന്ധം: യു.എന്‍. ജനറല്‍ അസംബ്ലിയുടെ രണ്ടാംകമ്മറ്റി 1993 മുതലാണ് 'ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' (അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം) ആചരിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 29 ആണ് ഈ ദിനമായി ആചരിച്ചിരുന്നത്. 2000 മുതല്‍ അത് മെയ് 22 ആയി മാറ്റി നിശ്ചയിച്ചു. റിയോ ഡി ജനീറോയിലെ ഭൗമഉച്ചകോടിയില്‍ 'കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' അംഗീകരിക്കപ്പെട്ടത് 1992 മെയ് 22-ന് ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് ദിനാചരണം മെയ് 22 ആക്കിയത്. 2010-ലെ ജൈവവൈവിധ്യ ദിന സന്ദേശമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് 'വികസനത്തിന് ജൈവവൈവിധ്യം' എന്ന വിഷയമാണ്. (കടപ്പാട്: ജി.ഐ.എസ്.ഡി, യു.എന്‍, വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്).
ജൈവഅധിനിവേശം ജൈവഅധിനിവേശം Reviewed by Mash on 19:00 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.