മനോസംഘര്‍ഷം മൃഗങ്ങള്‍ക്കും

എല്ലാ ജീവികളും പലവിധത്തിലുള്ള ഭീഷണികള്‍ തിരിച്ചറിയുകയും ശരീരത്തെ പ്രതിരോധ സജ്ജമാക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ഇങ്ങനെയുണ്ടാകുന്ന പ്രതികരണങ്ങളാണ് മനോസംഘര്‍ഷ (Stress) മായി മാറുന്നത്. മനോസംഘര്‍ഷമുണ്ടാകുമ്പോള്‍ ശ്വാസോച്ഛ്വാസം നിലയ്ക്കുന്നു. ശരീരത്തില്‍ മുറുക്കം അനുഭവപ്പെടുന്നു. അപകടം തിരിച്ചറിയാന്‍ കണ്ണുകളും കാതുകളും കൂടുതല്‍ സംവേദനത്വമുള്ളവയാകുന്നു. അപകടം അരികെയെത്തുമ്പോള്‍ മൃഗങ്ങള്‍ ഇനി പറയുന്നു. നാലു വഴികളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിക്കും. പ്രത്യാക്രമണം, പലായനം, സ്തംഭിച്ച് നില്‍ക്കല്‍, തളര്‍ന്നുവിഴല്‍.

ഈ സമയത്ത് ശരീരം എന്തൊക്കെ ചെയ്യുന്നുവെന്ന് നോക്കാം. ഹൃദയമിടിപ്പ് ഉയരുന്നു, പേശികളിലേക്കു കൂടുതല്‍ രക്തം പമ്പുചെയ്യപ്പെടുന്നു, കൂടുതല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നു, ഊര്‍ജം വര്‍ധിപ്പിക്കാനായി രക്തത്തിലെത്തുന്ന ഗ്ലൂക്കോസിന്റെ അംശം കൂടുന്നു. രോഗാണുബാധ ചെറുക്കാനും മുറിവേറ്റാല്‍ എളുപ്പം കട്ടപിടിക്കാനുമായി രക്തത്തിന്റെ സാന്ദ്രത കൂടുന്നതും മറ്റൊരു പരിണാമമാണ്. കൃഷ്‌നമണികള്‍ വികസിക്കുന്നതും കാതുകള്‍ക്ക് ശ്രവണകൂര്‍മത കൈവരുന്നതും മറ്റൊരു പ്രത്യേകതയാണ്. ജനനേന്ദ്രിയം, തലച്ചോറിലെ അപ്രധാനമായ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ പുറന്തള്ളുന്ന പ്രക്രിയ ത്വരപ്പെടുന്നു. ശരീരത്തെ ജാഗരൂകമാക്കാന്‍ അഡ്രിനാലിന്‍ ശ്രവിപ്പിക്കപ്പെടുന്നു. സ്വാഭാവിക വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകളും ശരീരത്തിലുണ്ടാകുന്നു.

ശരീരം പ്രതിരോധ സജ്ജമാകുന്ന ഈ അവസ്ഥ നീണ്ടുനില്‍ക്കുന്നത് ദോഷംചെയ്യും. മനുഷ്യരിലും മൃഗങ്ങളിലും മനോസംഘര്‍ഷമുണ്ടാകുമ്പോള്‍ ശ്രവിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോളും അഡ്രിനാലിനും രക്തത്തില്‍ കലരുകയും ശരീരത്താകമാനം പ്രതിരോധ സന്ദേശങ്ങള്‍ നല്കുകയും ചെയ്യും. കോര്‍ട്ടികോള്‍ സ്റ്റെറിയോഡുകള്‍ (Corticol steriods) വയറില്‍ അതയുണ്ടാക്കി അള്‍സറിനു കാരണമാകുന്നു. ശരീരത്തിന്റെ സ്വാഭാവിക ചയാപചയ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യും. ചിലപ്പോള്‍ മരണത്തിലേക്കും നയിച്ചേക്കാം. പരുക്കന്‍ രീതികളില്‍ കൈകാര്യം ചെയ്യുമ്പോള്‍ മൃഗങ്ങള്‍ മറ്റുകാരണങ്ങളൊന്നുമില്ലാതെ മരിക്കുന്നതിന്റെ കാരണമിതാണ്.

കൂട്ടിലാക്കപ്പെടുന്ന വന്യമൃഗങ്ങള്‍ക്ക് ഉറ്റവരുടെ വേര്‍പാടിനെത്തുടര്‍ന്നുള്ള മനോസംഘര്‍ഷങ്ങള്‍ ഉണ്ടാകും. ഭക്ഷണത്തിന്റെ സ്വാഭാവിക സമയം തെറ്റിയാല്‍പ്പോലും ഇങ്ങനെയുണ്ടാകാം. ഇങ്ങനെ നിരന്തരമായ ആകാംക്ഷയോ മാനസിക പിരിമുറുക്കമോ അവയെ രോഗിത്തിലേക്ക് തള്ളിയിടുന്നു.

വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പെണ്‍കുരങ്ങുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്ന മനോസംഘര്‍ഷം അനുഭവിക്കുന്നവയ്ക്ക് ഉദരത്തില്‍ കൂടുതല്‍ കൊഴുപ്പടിയുന്നതായും ഇത് മറ്റു രോഗങ്ങളിലേക്ക് നയിക്കുന്നതായും കണ്ടെത്തി.

വീട്ടില്‍ അപരിചിതര്‍ വന്നാല്‍പ്പോലും നിങ്ങളുടെ വളര്‍ത്തുമൃഗത്തിന് അസ്വസ്ഥതയുണ്ടാകും. പടക്കം, ഇടിമുഴക്കംതുടങ്ങിയവയെല്ലാം അവയുടെ മനോസംഘര്‍ഷം കൂട്ടും. മറ്റു പൂച്ചകളുമായുള്ള കലഹം പോലും നിങ്ങളുടെ പൂച്ചയുടെ മനോനില താളം തെറ്റിക്കും. വലിയ ശബ്ദങ്ങളാണ് പട്ടികളെ ഭീതിക്ക് അടിപ്പെടുത്തുന്നത്. വിറയ്ക്കുക, കിതയ്ക്കുക, ഉമിനീരൊലിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഉടമ സ്നേഹം പ്രകടിപ്പിക്കുന്നത് കുറച്ചാലും വഴക്കുപറഞ്ഞാല്‍പ്പോലും വളര്‍ത്തു മൃഗങ്ങള്‍ക്ക് മനോവേദനയുണ്ടാകും. അത് അവയുടെ രോഗ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും. പക്ഷികള്‍ക്കും സമാനമായ പ്രശ്‌നങ്ങളുണ്ടാകും. പറക്കാന്‍ കഴിയാതെ വരിക, വിരസത, കൂട്ടിലടച്ചതിന്റെ മറ്റ് അസ്വസ്ഥതകള്‍ ഇവയെല്ലാം പക്ഷികളെ പ്രതികൂലമായി ബാധിക്കുന്നു. മാനസിക പിരിമുറുക്കമുണ്ടാകുന്ന വേളയില്‍ പക്ഷികള്‍ അവയുടെ തൂവലുകള്‍ വലിച്ചുപറിക്കും, ലക്ഷ്യമില്ലാതെ പറന്നെന്നിരിക്കും.

ഇതുപോലെ മൃഗശാലകള്‍, മറ്റു സൂക്ഷിപ്പു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലുള്ള മൃഗങ്ങളെല്ലാം മനോസംഘര്‍ഷം അനുഭവിക്കുന്നുണ്ട്. കേരളത്തിലെ നാട്ടാനകള്‍ക്കിടയില്‍ പഠനം നടത്തിയ യു.എസ്. ഗവേഷക, എല്‍ക്കെ റീസ്റ്റെറര്‍ ഇങ്ങനെ പറയുന്നു: ''കണ്ണുകളിലേക്ക് നോക്കിയാല്‍ അവ മനോസംഘര്‍ഷം അനുഭവിക്കുന്നുണ്ടോ എന്നറിയാം. അവയുടെ ശരീരഭാഷയും ഇക്കാര്യം സൂചിപ്പിക്കും.''

ഏഷ്യയിലെ ആനകളില്‍ നടത്തിയ പഠനത്തില്‍ മെരുക്കി വളര്‍ത്തുന്നവ 18.9 വര്‍ഷം ജീവിക്കുമ്പോള്‍ കാട്ടില്‍ വളരുന്നവ 41.7 വര്‍ഷം ജീവിക്കുന്നതായി കണ്ടെത്തി. ആഫ്രിക്കന്‍ ആനകള്‍ നാട്ടിലെത്തിയപ്പോള്‍ 16.9 വര്‍ഷവും കാട്ടില്‍ 56 വര്‍ഷവുമാണ് ജീവിച്ചതായി കണ്ടത്. മൃഗശാലകളില്‍ അടയ്ക്കപ്പെട്ട ആനകളില്‍ ജനിക്കുമ്പോഴുള്ള മരണനിരക്ക് വനങ്ങളില്‍ കഴിയുന്നവയുടേതിനേക്കാള്‍ മൂന്നിരട്ടിയായിരുന്നു.

കൂട്ടിലടയ്ക്കപ്പെട്ട വന്യമൃഗങ്ങളുടെ മനോസംഘര്‍ഷം ഗുരുതരമാണ്. ഭയം, മനുഷ്യര്‍ കൈകാര്യം ചെയ്യുമ്പോഴുള്ള അസ്വസ്ഥത, വിശ്രമമില്ലായ്മ തുടങ്ങിയവയെല്ലാം ഈ മനോനില വര്‍ധിപ്പിക്കുന്നു. മെരുക്കി വണ്ടികളില്‍ കൊണ്ടുപോകുമ്പോള്‍ വന്യമൃഗങ്ങളുടെ ഉമിനീരിലെ കോര്‍ട്ടിസോള്‍ എന്ന സ്ട്രസ്സ് ഹോര്‍മോണിന്റെ അളവ് താളം തെറ്റുമെന്നും യാത്ര കഴിഞ്ഞ് 12 ദിവസം വരെ സമാനമായ അവസ്ഥ തുടരുമെന്നും ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സിംഹം, ഹിപ്പോപൊട്ടാമസ് തുടങ്ങിയ മൃഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം സാഹചര്യങ്ങളില്‍ അവയുടെ ഹോര്‍മോണ്‍ സമതുലനം തെറ്റിയതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അവയുടെ പ്രജനനനിരക്കും രോഗപ്രതിരോധ ശേഷിയും കുറയ്ക്കും. മൃഗശാലയില്‍ സന്ദര്‍ശകരുടെ എണ്ണം കൂടിയപ്പോള്‍ കുരങ്ങുകളുടെ മൂത്രത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിച്ചതായി തെളിഞ്ഞിട്ടുണ്ട്.

മൃഗശാലയിലടച്ചിരിക്കുന്ന മൃഗങ്ങള്‍ കടുത്ത മനോസംഘര്‍ഷത്തിന്റെ സൂചനകള്‍ പലവിധത്തില്‍ പ്രകടിപ്പിക്കും. ആന തുമ്പിക്കൈ വീശിക്കൊണ്ടിരിക്കും. മറ്റു ചില മൃഗങ്ങള്‍ തലകുലുക്കിക്കൊണ്ടിരിക്കുകയോ സ്വയം കടിച്ച് വേദനിപ്പിക്കുകയോ ചെയ്യും.

ലബോറട്ടറിയില്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഒരുകാര്യം വ്യക്തമായി; മനുഷ്യര്‍ അനുഭവിക്കുന്നത്ര മനോസംഘര്‍ഷം മുറിവേറ്റ അവസ്ഥയില്‍ ചിമ്പാന്‍സികള്‍ക്കുമുണ്ട്. എഡിന്‍ ബറോയിലെ ഒരു സയന്‍സ് കോണ്‍ഫറന്‍സിലാണ് ഗവേഷകര്‍ ഈ പരീക്ഷണഫലം അവതരിപ്പിച്ചത്. ഇക്കാരണത്താല്‍ മൃഗങ്ങളെ മരുന്നു പരീക്ഷണത്തിന് ഉപയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

മനോസംഘര്‍ഷം ലഘൂകരിക്കാന്‍ പക്ഷിമൃഗാദികള്‍ അവരുടേതായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. പോരിനിടയില്‍ പൂവന്‍കോഴി നിലത്ത് കൊക്കുരസും. കാക്കക്കുയില്‍ തൂവല്‍കോതും. ആള്‍ക്കുരങ്ങുകള്‍ ലൈംഗിക ബന്ധം പുലര്‍ത്തിയും സംഘര്‍ഷം ലഘൂകരിക്കും. അപകടത്തില്‍പ്പെട്ട പുലി കൂട്ടില്‍ തിരിച്ചെത്തിയാല്‍ മറ്റുള്ളവ നക്കിയും മുഖമുരുമ്മിയും അതിനെ സമാധാനിപ്പിക്കും.

വാലിയം പോലുള്ള, മനോസംഘര്‍ഷം ലഘൂകരിക്കുന്ന മരുന്നുകള്‍ ഉരുളക്കിഴങ്ങിലും പഴങ്ങളിലുമുണ്ട്. പോരടിച്ചശേഷം കുരങ്ങന്മാര്‍ ചില പച്ചിലകള്‍ തിന്നുന്നതും ഇതിനുവേണ്ടിയാകാം. പകുതി പഴുത്ത വാഴപ്പഴം തിന്നു പുലികള്‍ വയറിലെ പുണ്ണ് ഉണക്കുന്നു. അടുത്ത തവണ മൃഗശാലയില്‍ പോകുമ്പോള്‍
മൃഗങ്ങള്‍ അനുഭവിക്കുന്ന മനോവിഷമം മനസ്സിലാക്കി മാത്രം നിങ്ങളുടെ സന്ദര്‍ശനം ആസ്വദിക്കുക.
മനോസംഘര്‍ഷം മൃഗങ്ങള്‍ക്കും മനോസംഘര്‍ഷം മൃഗങ്ങള്‍ക്കും Reviewed by Mash on 20:31 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.