ദുരിതം വിതയ്ക്കുന്ന എല്‍നിനോ പ്രതിഭാസം

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തെ ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് 'എല്‍നിനോ'. മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ നീളുന്ന ഇടവേളകളിലാണ് ഈ പ്രതിഭാസം രൂപപ്പെടുക. 'എല്‍നിനോ സതേണ്‍ ഓസിലേഷന്‍'(ENSO) എന്നാണ് ഇതിന്റെ പൂര്‍ണനാമം.
എല്‍നിനോക്കാലത്ത് ഭൂമിയുടെ ചുറ്റളവിന്റെ അഞ്ചിലൊന്ന് വരുന്ന ഭാഗത്ത് (യൂറോപ്പ് ഭൂഖണ്ഡത്തിന്റെ വിസ്തൃതിയില്‍) ശാന്തസമുദ്രോപരിതലം അകാരണമായി ചൂടുപിടിക്കാനാരംഭിക്കും. ശാന്തസമുദ്രത്തില്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍(Trade winds) നിലയ്ക്കുകയോ ദുര്‍ബലമാവുകയോ ചെയ്യും. എതിര്‍ദിശയിലേക്കുള്ള കാറ്റിന്റെ ശക്തിവര്‍ധിക്കും.
സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, ആ കാറ്റിന്റെ തള്ളലിന് വിധേയമായി വെള്ളത്തിലൂടെയും വായുവിലൂടെയും ചൂടിന്റെ ഒരു പ്രവാഹം പെറുവിന് തീരത്തേക്കു നീങ്ങും. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും. മത്സ്യങ്ങള്‍ തീരക്കടലില്‍നിന്ന് അപ്രത്യക്ഷമാകും. അതിനാല്‍ എല്‍നിനോയുടെ തിക്തഫലം ആദ്യം അനുഭവിക്കേണ്ടിവരിക പെറുവിലെ മുക്കുവരാണ്.
ക്രിസ്മസ് കാലത്താണ് ഈ ചൂടന്‍പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍, 'ഉണ്ണിയേശു' അഥവാ 'ചെറിയ ആണ്‍കുട്ടി' എന്ന് സ്പാനിഷില്‍ അര്‍ത്ഥം വരുന്ന 'എല്‍നിനോ' (El Nino) എന്ന പേര് നല്‍കിയത് പെറുവിലെ മുക്കുവരാണ്; 19-ാം നൂറ്റാണ്ടില്‍. 13000 വര്‍ഷം മുമ്പും എല്‍നിനോ രൂപപ്പെട്ടിരുന്നു എന്നതിന് പെറുവിന്റെ തീരത്തുനിന്ന് ഭൗമശാസ്ത്രജ്ഞര്‍ക്ക് തെളിവു ലഭിച്ചിട്ടുണ്ട്.
രൂപപ്പെടുന്നത് ശാന്തസമുദ്രത്തിലാണെങ്കിലും, ആഗോളകാലാവസ്ഥയാകെ തകിടം മറിക്കാനുള്ള ശേഷി എല്‍നിനോയ്ക്കുണ്ട്. ലോകമെമ്പാടും അത് കൊടിയ പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കും. സാധാരണഗതിയില്‍ മഴ ലഭിക്കുന്ന രാജ്യങ്ങള്‍ കൊടുംവരള്‍ച്ചയുടെ വറുതിയിലാകും. ചൂടുള്ള കാലാവസ്ഥ അനുഭവിക്കുന്ന മേഖലകള്‍ ശൈത്യത്തിന്റെയും പേമാരിയുടെയും കെടുതി അനുഭവിക്കാന്‍ വിധിക്കപ്പെടും. ഫിലിപ്പീന്‍സും ഇന്‍ഡൊനീഷ്യയുമുള്‍പ്പെട്ട പെസഫിക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ചുഴലിക്കൊടുങ്കാറ്റുകള്‍(ടൈഫൂണുകള്‍) കൂടുതലായി പ്രത്യക്ഷപ്പെടും.
എല്‍നിനോ ഇന്ത്യന്‍മണ്‍സൂണിന്റെ താളം തെറ്റിക്കും. ഇന്ത്യയില്‍ കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന ആശങ്കാജനകമായ പഠനറിപ്പോര്‍ട്ട് 2006 സപ്തംബര്‍ എട്ടിന് 'സയന്‍സ്' ഗവേഷണവാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരോളജി'യിലെ ഡോ.കെ.കൃഷ്ണകുമാറിന്റെ നെതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
ഏറ്റവും ശക്തമായ എല്‍നിനോകള്‍ രൂപപ്പെട്ടത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. ഇരുപതാംനൂറ്റാണ്ടില്‍ 23 തവണ എല്‍നിനോ പ്രത്യക്ഷപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ എല്‍നിനോ എന്നറിയപ്പെടുന്നത് 1997-1998 കാലത്തേതാണ്. ലോകത്താകെ 2100 പേരുടെ മരണത്തിനും 3300 കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ക്കും ആ എല്‍നിനോ കാരണമായി.
'ചെറിയപെണ്‍കുട്ടി' എന്ന പ്രതിഭാസം
എല്‍നിനോയ്ക്ക് ഒരു വിപരീത പ്രതിഭാസമുണ്ട്; 'ലാനിനാ'(La Nina). 'ചെറിയ പെണ്‍കുട്ടി'യെന്ന് സ്പാനിഷില്‍ അര്‍ത്ഥം. 1985-ലാണ് ഈ പേര് നല്‍കപ്പെട്ടത്. എല്‍നിനോ ശമിച്ചുകഴിഞ്ഞാള്‍ ചിലകാലത്ത് ലാനിനാ ശക്തിപ്രാപിക്കും. ഇരുപതാം നൂറ്റാണ്ടില്‍ 23 തവണ എല്‍നിനോ പ്രത്യക്ഷപ്പെട്ടപ്പോള്‍, 15 തവണ ലാനിനാ ശക്തിപ്രാപിച്ചു.
എല്‍നിനോക്കാലത്ത് പേമാരിയും ദുരിതവുമുണ്ടായിടത്ത് ലാനിനാക്കാലത്ത് കൊടിയ വരള്‍ച്ചയായിരിക്കും. അല്ലാത്തെ സ്ഥലത്ത് നേരെ തിരിച്ചും. ആഗോളതലത്തില്‍ കാലവസ്ഥയെ തകിടംമറിക്കാന്‍ ലാനിനായ്ക്കും കഴിയുമെന്ന് സാരം.
എല്‍നിനോയും ലാനിനോയും എന്തുകൊണ്ടുണ്ടാകുന്നു എന്നത് ശാസ്ത്രലോകത്തിന് ഇനിയും പിടികിട്ടാത്ത പ്രഹേളികയാണ്. ഒരുകാര്യം പക്ഷേ, വാസ്തവമാണ്. സമീപകാലത്തായി എല്‍നിനോ പ്രതിഭാസത്തിന്റെ തോതും ശക്തിയും വര്‍ധിച്ചിരിക്കുന്നു. ആഗോളതാപനത്തിന്റെ തോതു വര്‍ധിച്ചതും പോയ നൂറ്റാണ്ടിലാണ്. ഇത് യാദൃശ്ചികമല്ലെന്ന് ചില വിദഗ്ധര്‍ കരുതുന്നു.
ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ് ആഗോളതാപനത്തിന്റെ ആക്കം കൂട്ടുന്നത്. ആഗോളതാപനം മൂലം ഭൗമാന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍, ഭൂമി സ്വന്തം നിലയ്ക്ക് അത് പുനക്രമീകരിക്കാന്‍ ശ്രമിക്കും. ഈ പുനക്രമീകരണമാണ് എല്‍നിനോയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് കരുതുന്നവരുണ്ട്. അത് ശരിയാണെങ്കില്‍, ആഗോളതാപനം നേരിടുക വഴിയേ എല്‍നിനോയുടെ പ്രഹരശേഷി കുറയ്ക്കാന്‍ കഴിയൂ.
ദുരിതം വിതയ്ക്കുന്ന എല്‍നിനോ പ്രതിഭാസം
Reviewed by Mash
on
19:00
Rating:
No comments: