ആഗോളതാപനം: വനസംരക്ഷണത്തിന് പ്രസക്തിയേറുന്നു

 മരങ്ങളും വനങ്ങളും കാര്‍ബണ്‍ഡയോക്‌സയിഡ് ആഗിരണം ചെയ്യുമെന്ന കാര്യം കുട്ടികള്‍ക്ക് പോലുമറിയാം. ഭൂമിയെ ചൂടുപിടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് കാര്‍ബണ്‍ഡയോക്‌സയിഡിനാണ്. ആ നിലയ്ക്ക് വനനാശം തടയാതെ ആഗോളതാപനം ചെറുക്കാനാകുമോ? 

ഈ ചോദ്യത്തിന്റെ അര്‍ഥവ്യാപ്തി മനസിലാക്കാന്‍ ചെറിയൊരു കണക്കുകൂടി അറിയണം. യു.എന്നിന്റെ കണക്കാണ്. മനുഷ്യപ്രവര്‍ത്തനം മൂലം അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡില്‍ 20 ശതമാനം വനനാശം ചെറുക്കുക വഴി ഇല്ലാതാക്കാന്‍ കഴിയും എന്നതാണത്. എന്നുവെച്ചാല്‍, ആഗോളതാപനത്തില്‍ 20 ശതമാനത്തിന് കാടുകളുടെ നാശം കാരണമാകുന്നുവെന്ന് സാരം. 

വനനാശം, പ്രത്യേകിച്ചും ഉഷ്ണമേഖലാ കാടുകളുടെ നാശം, ചെറുക്കാനുള്ള അടിയന്തരശ്രമം ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്. 2009 ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന യു.എന്‍.കാലാവസ്ഥാ സമ്മേളനത്തില്‍ വനസംരക്ഷണം അടിയന്തരപ്രാധാന്യമുള്ള വിഷയമായി പരിഗണിക്കണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വനസംരക്ഷണത്തെ സംബന്ധിച്ചും ആഗോളതാപനത്തിന്റെ കാര്യത്തിലും നിര്‍ണായകമായ വര്‍ഷമാണിത്-'എര്‍ത്ത് വാച്ചി'ന്റെ കാലാവസ്ഥാ ഗവേഷണ വിഭാഗം മേധാവി ഡാന്‍ ബെബ്ബര്‍ പറയുന്നു. കോപ്പന്‍ഹേഗനിലെ കാലാവസ്ഥാ സമ്മേളനത്തില്‍ ചില വലിയ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ, ബെബ്ബര്‍ ശുഭവിശ്വാസിയാണ്. 1997-ല്‍ രൂപംനല്‍കിയ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012-ല്‍ അവസാനിക്കുകയാണ്. അതിന് ശേഷം എന്തുവേണം എന്ന് തീരുമാനിക്കാനാണ് ലോകനേതാക്കള്‍ കോപ്പന്‍ഹേഗനില്‍ സമ്മേളിക്കുന്നത്.

1970-കള്‍ക്ക് ശേഷം ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 70 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്ക്. ക്യോട്ടോ ഉടമ്പടി നിലവില്‍ വന്നെങ്കിലും അന്തരീക്ഷത്തില്‍ വാതകവ്യാപനം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൗമതാപനിലയില്‍ 1.8 മുതല്‍ നാല് ഡിഗ്രി സെല്‍സിയസ് വരെ വര്‍ധനയുണ്ടാകുമെന്ന് യു.എന്‍. പറയുന്നു. ആശങ്കാജനകമായ ഈ വസ്തുതകളുടെ പശ്ചാത്തലത്തിലാണ് പുതിയ ആഗോളസമ്മേളനം നടക്കുന്നത്.

നിലവില്‍ ആഗോളതാപനത്തില്‍ വനനാശം മൂലമുള്ള വര്‍ധന, ചൈനയോ അമേരിക്കയോ വരുത്തുന്ന വാതകവ്യാപനം മൂലമുള്ള താപവര്‍ധനയ്ക്ക് തുല്യമാണെന്ന് യു.എന്‍. സെക്രട്ടറി ജനറലിന്റെ കാലാവസ്ഥാവിഭാഗം പ്രതിനിധി ഗ്രോ ഹാര്‍ലെം ബ്രന്‍ച്‌ലന്‍ഡ് പറയുന്നു. അതുകൊണ്ടു തന്നെ വനനാശം തടയുക എന്നകാര്യം പുതിയ കാലാവസ്ഥാ ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയേ തീരൂ. ക്യോട്ടോ ഉടമ്പടിയില്‍ വനസംരക്ഷണത്തിന് പ്രാധാന്യം ലഭിച്ചില്ല. പുതിയ ഉടമ്പടിയില്‍ അത് സംഭവിക്കരുത്-ബ്രന്‍ച്‌ലന്‍ഡ് അഭിപ്രായപ്പെടുന്നു.

വനസംരക്ഷണം പുതിയ കാലാവസ്ഥാ ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയാല്‍, 2030 ആകുമ്പോഴേക്കും ആഗോളതാപനം ചെറുക്കാനുള്ള ചെലവ് 50 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് 2008 ഒക്ടോബറില്‍ പുറത്തുവിട്ട 'ഏലിയാഷ് റിവ്യു'വില്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ അനുമതി നല്‍കിയത് പ്രകാരം, സ്വീഡിഷ് ബിസിനസുകാരന്‍ ജോഹാന്‍ ഏലിയാഷ് ആണ് റിവ്യു തയ്യാറാക്കിയത്. ആഗോളതാപനം ചെറുക്കാനുള്ള മുഖ്യഉപാധികളിലൊന്നായി വനസംരക്ഷണം അംഗീകരിക്കപ്പെട്ടാല്‍, 2030 ആകുമ്പോഴേക്കും വനനാശത്തിന്റെ തോത് ആഗോളതലത്തില്‍ 75 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും റിവ്യു ചൂണ്ടിക്കാട്ടിയിരുന്നു.
ആഗോളതാപനം: വനസംരക്ഷണത്തിന് പ്രസക്തിയേറുന്നു ആഗോളതാപനം: വനസംരക്ഷണത്തിന് പ്രസക്തിയേറുന്നു Reviewed by Mash on 20:37 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.