ഒരു ജനകീയ സത്യാഗ്രഹസമരം



ഗാന്ധിയന്‍ സമരം തന്നെയാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗമെന്ന് അന്നാ ഹസാരെ നടത്തിയ സമരം വ്യക്തമാക്കുന്നു. ഗാന്ധിജിയും കുറഞ്ഞൊരളവില്‍ ജയപ്രകാശ് നാരായണും ഒരിക്കല്‍ക്കൂടി ജനമനസ്സുകളില്‍ നിന്ന് പുറത്തുവരുന്നു, രണ്ടും മൂന്നും തലമുറകള്‍ക്കുശേഷം


പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജനങ്ങളുടെ സ്വത്തും ആത്മാഭിമാനവും കൊള്ളയടിക്കുന്ന സ്വേച്ഛാധിപതികളുടെ നേരെയായിരുന്നു ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പ്, ജനാധിപത്യം സ്ഥാപിക്കുന്നതിനുമപ്പുറം നഗ്‌നമായ കൊള്ളയോടായിരുന്നു ജനകീയ പ്രതിഷേധം. ജനാധിപത്യസംസ്ഥാപനം അവിടങ്ങളില്‍ ക്ഷിപ്രസാധ്യമല്ല. എന്നാല്‍, ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുദിവസങ്ങളായി തുടര്‍ന്ന ജനകീയ സത്യാഗ്രഹസമരം ജനാധിപത്യ ശരീരത്തെ ആകമാനം കാര്‍ന്നുതിന്നുന്ന അഴിമതിയെന്ന ഇത്തിക്കണ്ണിയോടായിരുന്നു. രാജ്യത്ത് നിലവിലുള്ള പല കമ്മീഷനുകളെയുംപോലുള്ള ഒന്നായിട്ടാണ് പൊതുരംഗത്തെ അഴിമതി നേരിടുന്നതിനായി ലോക്പാല്‍ ബില്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ കൈകാര്യം ചെയ്തത്.

നാല്പത് കൊല്ലത്തിലേറെയായി അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. പക്ഷേ, ഒന്നുമായില്ല. ഇപ്പോഴാകട്ടെ ഇന്ത്യന്‍ ജനാധിപത്യം ഓരോ നിമിഷവും കോടിക്കണക്കിനു രൂപയുടെ അഴിമതിയിലൂടെ കടന്നുപോകുകയാണ്. അഴിമതിയില്ലാതെ ഒന്നും ജീവിതത്തിന്റെ ഒരു മണ്ഡലത്തിലും നടക്കില്ലായെന്ന സ്ഥിതിയാണ്. ഇതിന് തടയിടുവാന്‍ ജനാധിപത്യസംവിധാനത്തില്‍നിന്നുകൊണ്ട് ജനകീയ ലോക്പാല്‍ ബില്‍ നിയമമാക്കുന്നതിനായി ഗാന്ധിയന്‍ രീതിയില്‍ അന്നാ ഹസാരെ നടത്തിയ ജനകീയ സത്യാഗ്രഹസമരം സാര്‍ഥകമായിരിക്കുന്നു. ജയപ്രകാശ് നാരായന്റെ അടിയന്തരാവസ്ഥയ്‌ക്കെതിരായുള്ള സമ്പൂര്‍ണ വിപ്ലവത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും അര്‍ഥവത്തായ സമരം.

സമരത്തിന്റെ പരിസമാപ്തിയില്‍ പൊതുസമൂഹത്തിനും സര്‍ക്കാറിനും തുല്യപങ്കാളിത്തമുള്ള ലോക്പാല്‍ ബില്‍ നടപ്പില്‍ വരികയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍പോലെ, സ്വതന്ത്രമായി ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി പൊതുരംഗത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും ശുദ്ധീകരിക്കാനുള്ള ശക്തമായ ഏജന്‍സി. അത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുദ്ധവായു നല്‍കുമെന്നാശ്വസിക്കുക. ബില്‍ തയ്യാറാക്കുന്നതിന് പൊതുസമൂഹത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അന്നാ ഹസാരെയും ശാന്തിഭൂഷനും പ്രശാന്ത്ഭൂഷനും അരവിന്ദ്‌കെജ്‌രിവാളും സന്തോഷ്‌ഹെഗ്‌ഡെയും ധാര്‍മിക വിശുദ്ധിയുള്ള വ്യക്തികളാണെന്നതുകൊണ്ടുതന്നെ, ഈ ബില്‍ നിയമമായാല്‍ അതൊരു ക്രിയാത്മകമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായിരിക്കും. ഈ ജനകീയ സമരത്തിന്റെ ഗാന്ധിയന്‍ ഇഴകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

ഗാന്ധിയന്‍ സമരംതന്നെയാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗമെന്ന് ഈ സമരം വ്യക്തമാക്കുന്നു. ഗാന്ധിയും കുറഞ്ഞൊരളവില്‍ ജയപ്രകാശ് നാരായണും ഈ സമരത്തിലൂടെ ഒരിക്കല്‍ക്കൂടി ജനമനസ്സുകളില്‍നിന്ന് പുറത്തുവരുന്നു, രണ്ടും മൂന്നും തലമുറകള്‍ക്കുശേഷം.

ഗാന്ധിയന്‍ സമരത്തിന്റെ അടിസ്ഥാന പ്രമാണം, ഏതൊരു സമരത്തിന്റെ തന്ത്രത്തിലും ഏറ്റവും ചുരുങ്ങിയത് (irreducible minimum) എന്നൊരു കാഴ്ചപ്പാടുണ്ട്. അതത് സമരം ഉയര്‍ത്തുന്ന ആവശ്യങ്ങളുടെ യഥാര്‍ഥ ചിത്രം അത് നല്‍കുന്നു. തങ്ങള്‍ ആവശ്യപ്പെടുന്നതില്‍നിന്ന് കുറവുമില്ല, കൂടുതലുമില്ല. അന്നാ ഹസാരെയുടെ സത്യാഗ്രഹസമരം ഇത് തീര്‍ത്തും അന്വര്‍ഥമാക്കി. പൊതുസമൂഹത്തിന് ഡ്രാഫ്ടിങ് കമ്മിറ്റിയിലും തുടര്‍ന്നുള്ള നടപടികളിലും തുല്യപ്രാധാന്യം. സര്‍ക്കാറിന്റെ ചെയര്‍മാന്‍ പദവിക്ക് പൂരകമായി കോ-ചെയര്‍മാന്‍ പദവി പൊതുസമൂഹത്തിന്. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിനുശേഷം മാത്രമാണ് സമരം അവസാനിപ്പിക്കുന്നത്.

സമരത്തിന് മുന്നോടിയായി അന്നാ ഹസാരെ പ്രധാനമന്ത്രിക്ക് ലോക്പാല്‍ ബില്‍ ജനങ്ങളുടെ ശക്തിയായി മാറ്റണമെന്ന രീതിയിലുള്ളതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പല കത്തുകളുമയച്ചു. ഒന്നിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം ജനകീയ സത്യാഗ്രഹത്തിന് മുന്നോട്ടുവന്നത്.

ശക്തമായ ഒരു ജനകീയ ലോക്പാല്‍ ബില്ലിനെ പലേ രീതികളിലും പലേ കാലങ്ങളിലും പരാജയപ്പെടുത്തിയിട്ടുള്ള കക്ഷിരാഷ്ട്രീയക്കാരെ, സത്യാഗ്രഹസമര പന്തലിലേക്ക് കയറുവാന്‍ ഒരു കാരണവശാലും സമരക്കാര്‍ അനുവദിച്ചില്ല. ഹസാരെ അവരോട് പറഞ്ഞത്, നിങ്ങള്‍ക്ക് ഞങ്ങള്‍ പറയുന്നത് കേള്‍ക്കാം, സ്റ്റേജിലേക്ക് വരേണ്ട. പിന്തുണ പ്രഖ്യാപിച്ചെത്തിയ ഉമാഭാരതിയെയും ഓംപ്രകാശ് ചൗട്ടാലയെയും സമരക്കാര്‍ തടഞ്ഞപ്പോള്‍, ഹസാരെ അവരോട് 'സോറി' പറഞ്ഞുകൊണ്ട് സത്യാഗ്രഹത്തിന്റെ നിലപാട് വ്യക്തമാക്കി. ഇതിലൂടെ ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന വിഭാഗീയ രാഷ്ട്രീയത്തെ ഹസാരെ മാറ്റിനിര്‍ത്തുകയും യഥാര്‍ഥ രാഷ്ട്രീയമായ ജനകീയരാഷ്ട്രീയത്തെ ജനങ്ങള്‍ക്കും കക്ഷിരാഷ്ട്രീയക്കാര്‍ക്കും ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. കക്ഷിരാഷ്ട്രീയക്കാരില്‍നിന്ന് കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ലെന്ന സന്ദേശവുമുണ്ട്. അതുകൊണ്ടുതന്നെയാണ് അഴിമതി പുരണ്ടവര്‍ സര്‍ക്കാറിന്റെ അഞ്ചുപേരില്‍ ഉണ്ടാകരുതെന്ന് അന്നാ ശഠിച്ചത്. ആദ്യ ദിവസം തന്നെ ശരദ്പവാര്‍ ഒഴിഞ്ഞുപോയതും അതുകൊണ്ടാണ്.

ഡല്‍ഹി, മുംബൈ, ശ്രീനഗര്‍, പട്‌ന, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് സത്യാഗ്രഹസമരത്തിന് പിന്തുണ മണിക്കൂറുകള്‍തോറും വര്‍ധിച്ചുകൊണ്ടിരുന്നത്. സമരത്തിനെത്തിയവരില്‍ നല്ലൊരുപങ്കും വിദ്യാര്‍ഥികളും യുവാക്കളുമായിരുന്നു. ഏകദേശം നിരക്ഷരനായ സത്യാഗ്രഹിയായ അന്നാ ഹസാരെയെ വിശ്വസിച്ചുകൊണ്ട് അവര്‍ വന്നത്, പ്രൊഫഷണലിസമോ വലിയ വിദ്യാഭ്യാസമോ അല്ല, മണ്ണിന്റെ ഈര്‍പ്പമുള്ള സത്യസന്ധമായ മനസ്സാണ് ധാര്‍മികമായതെന്ന് അറിഞ്ഞുകൊണ്ടാണ്. പിന്തുണ പ്രഖ്യാപിച്ചെത്തിയവരില്‍ ധാരാളം പ്രൊഫഷണലുകളും ഉണ്ടായിരുന്നു. വീട്ടമ്മമാരും കുറവായിരുന്നില്ല.

ദൃശ്യമാധ്യമങ്ങളുടെയും അച്ചടിമാധ്യമങ്ങളുടെയും കലര്‍പ്പില്ലാത്ത പിന്തുണ ഈ സമരത്തെ ഇന്ത്യയിലെയും വിദേശങ്ങളിലെയും ലക്ഷക്കണക്കിന് മനുഷ്യരിലെത്തിച്ചു. ആധുനികോത്തരകാലത്ത് ഒരു സത്യാഗ്രഹസമരം മൊബൈല്‍ ശൃംഖലവഴിയും സൈബര്‍ നെറ്റ് വഴിയും എങ്ങനെ അഹിംസാത്മകമായി, ഒരു ജനകീയ തിരയായി ഉയരാമെന്നതിന്റെ ഉദാഹരണം. മാധ്യമങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഈ സമരം ഇതേരീതിയില്‍ എത്തുമായിരുന്നോയെന്ന് സംശയമാണ്.

ഈ സമരം ജനങ്ങളുടെ മാത്രമല്ല, ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായ സര്‍ക്കാറിന്റെയും തുല്യവിജയമാണ്. മന്‍മോഹന്‍ സിങ്ങിനെപ്പോലെ ഒരു പ്രധാനമന്ത്രി ഉണ്ടായതുകൊണ്ടുംകൂടിയാണ് സമരം വിജയിച്ചത്. ജനകീയാവശ്യം ന്യായമാണെന്നുകണ്ട് അതിനെ അതേപടി അംഗീകരിക്കുവാന്‍ അദ്ദേഹം തയ്യാറായി. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് ഒരുപാട് കുറവുകള്‍ ഉണ്ടായിരിക്കാം; നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്, നാളിതുവരെയില്ലാത്ത അഴിമതിക്കറകളുണ്ട്. എങ്കിലും, അദ്ദേഹത്തിന്റെ ജനാധിപത്യബോധം ഈ സമരത്തെ അര്‍ഥവത്താക്കുന്നതില്‍ സഹായിച്ചു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഗാന്ധിയന്‍ സമരങ്ങളില്‍ വിജയികളും പരാജിതരുമില്ല. അല്ലെങ്കില്‍ എല്ലാവരും വിജയികള്‍. തങ്ങള്‍ ആര്‍ക്കെതിരെ സമരം ചെയ്തുവോ അവര്‍ മാനസാന്തരപ്പെട്ട്, ജനാധിപത്യരീതിയില്‍ സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച്, ജനകീയപക്ഷത്തെത്തുന്നതാണ് യഥാര്‍ഥ ഗാന്ധിയന്‍ സമരം. ഇവിടെ മന്‍മോഹന്‍ സിങ്, അതിന് തയ്യാറായി എന്നത് വാസ്തവമാണ്. അതിനെ കുറച്ചുകാണേണ്ടതില്ല.

ഗാന്ധിയന്‍ സമരങ്ങളുടെ പ്രത്യേകത, സമരത്തിലൂടെ നേടിയത് നിലനില്ക്കണമെങ്കില്‍ നിതാന്തജാഗ്രതയും ജനകീയ ഇടപെടലും അനിവാര്യമാണ് എന്നതാണ് . ചമ്പാരനില്‍നിന്ന് ഗാന്ധിയും കൂട്ടരും പിന്മാറിയതോടെ ക്രമേണ, ചമ്പാരന്‍ പഴയപോലെയായി. ഇവിടെയും അത് പ്രസക്തമാണ്. ജനങ്ങളുടെ ജാഗ്രതയില്ലെങ്കില്‍, ഈ ബില്‍ പല്ലും നഖവുമില്ലാത്ത ഒന്നായി അധഃപതിക്കും.

ഈ സത്യാഗ്രഹസമരത്തില്‍, കേരളത്തില്‍നിന്ന് യുവാക്കളോ വിദ്യാര്‍ഥികളോ പൊതുസമൂഹത്തിലെ വ്യക്തികളോ പങ്കെടുക്കുകയുണ്ടായില്ല. കേരളത്തിലെ വിദ്യാര്‍ഥികളും യുവാക്കളും കക്ഷിരാഷ്ട്രീയത്തിലോ അല്ലെങ്കില്‍, അരാഷ്ട്രീയത്തിലോ അധഃപതിച്ചുപോയവരാണ്. ഇടതിന്റെയോ വലതിന്റെയോ ചേരിയില്‍ നില്‍ക്കാത്ത സാമൂഹികപ്രവര്‍ത്തകരും സാംസ്‌കാരികപ്രവര്‍ത്തകരും എഴുത്തുകാരും കേരളത്തിലില്ല.

കേരളത്തില്‍ പൊതുസമൂഹം മൃതപ്രായമാണ്. കേരളത്തിലെ പൊതുസമൂഹമായി തെറ്റിദ്ധരിക്കപ്പെടുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് കൂറുപുലര്‍ത്തുന്ന സംഘങ്ങളും സംഘടനകളും വ്യക്തികളും അല്ലെങ്കില്‍ അവര്‍ക്കെതിരെ നില്ക്കുന്നവരുമാണ്. ബുദ്ധിയിലും ധര്‍മത്തിലും സത്യത്തിലും എല്ലാം തങ്ങളില്‍നിന്ന് വിട്ടുമാറി ഒന്നുമില്ലെന്ന് കാലങ്ങളായി വിചാരിച്ചുകൊണ്ടിരിക്കുന്നവരും അതങ്ങനെത്തന്നെയെന്ന് വിശ്വസിക്കുന്നവരുമാണ് നമ്മില്‍ മഹാഭൂരിപക്ഷവും. വൈലോപ്പിള്ളിക്കവിതയിലെ കൊറ്റനാടിനെപ്പോലെ ഒരു പുതുമുളയും, ഇവര്‍ കടിക്കാതെ, മുടിക്കാതെ വിടാറില്ല. കേരളത്തിലെ ചീഞ്ഞളിയുന്ന കക്ഷിരാഷ്ട്രീയത്തില്‍നിന്ന് മാറി ഒരു പൊതുസമൂഹം രൂപപ്പെട്ടുവരുമെന്ന് കരുതാന്‍ കെല്പുള്ള എഴുത്തുകാരോ സാംസ്‌കാരികപ്രവര്‍ത്തകരോ ബുദ്ധിജീവികളോ ഇവിടെയില്ല എന്ന സത്യം ദുഃഖത്തോടെ മനസ്സിലാക്കുക.
By :- കെ. അരവിന്ദാക്ഷന്‍   കടപ്പാട് : മാത്രുഭൂമി ദിനപത്രം
ഒരു ജനകീയ സത്യാഗ്രഹസമരം ഒരു ജനകീയ സത്യാഗ്രഹസമരം Reviewed by Mash on 19:07 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.