മായുന്ന മാമ്പഴക്കാലം-3

മായുന്ന മാമ്പഴക്കാലം -3


കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ എങ്ങനെയെല്ലാം പ്രതിഫലിക്കുന്നെന്ന് ഒരുമിച്ചു കാണണമെങ്കില്‍ വയനാട്ടില്‍ വന്നാല്‍ മതി


ചുരം കയറി കല്പറ്റയിലെത്തുമ്പോള്‍ കോടമഞ്ഞ് കണ്ടില്ല. മരത്തലപ്പുകളില്‍ വെള്ളത്തൊപ്പി വെക്കുന്ന കോടയായിരുന്നു മുമ്പ് ഇതുവഴിയുള്ള യാത്രക്കാരെ സ്വാഗതം ചെയ്തിരുന്നത്. ഒരു പിരിയന്‍ ഗോവണിയിലൂടെ എന്നപോലെ ചുരം പിന്നിടുംതോറും സുഖവാസകേന്ദ്രത്തിലേക്കെത്തുന്ന അനുഭൂതിയുണ്ടാവും. കാറ്റിന്റെ മാറ്റംപോലും തിരിച്ചറിയും.

ഇപ്പോള്‍, കാലമാറ്റത്തിലൂടെ വയനാട്ടില്‍ നിന്ന് പലതും മാറിപ്പോയിരിക്കുന്നു. കേരളത്തിന്റെ പല ജില്ലകളില്‍, പല വിധത്തില്‍ തെളിയുന്ന കാലാവസ്ഥാ മാറ്റത്തിന്റെ അടയാളങ്ങളില്‍ മിക്കതും വയനാട്ടില്‍ ഒരുമിച്ചുകാണാം.

പുല്‍പ്പള്ളിയില്‍ നിന്ന് കുയില്‍ മുകളില്‍ വന്ന് കരയുന്നുണ്ടെങ്കില്‍ അത് നല്ല ലക്ഷണമല്ലെന്ന് വയനാട്ടുകാര്‍ പറയും. അത് ശരിയാണെന്ന് പക്ഷിശാസ്ത്രജ്ഞരും സമ്മതിക്കുന്നു. കാരണം, ഈ കിളികള്‍ വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്നവയാണ്. തീറ്റ തേടാനും മുട്ടയിടാനും അത്തരം സ്ഥലങ്ങളാണ് കുയിലുകള്‍ തിരഞ്ഞെടുക്കുക. ഉപ്പന്‍ എന്ന കിളിക്കും ഈ ശീലമാണ്. ഇപ്പോള്‍ കുയിലും ഉപ്പനും വയനാട്ടില്‍ എത്തുന്നുവെന്ന് മാത്രമല്ല, ഇവിടെ മുട്ടയിട്ട് വളരുകയും ചെയ്യുന്നു. ഡിസെര്‍ട്ട് വിറ്റര്‍ എന്ന കിളിയെയും ഇവിടെ കാണാന്‍ തുടങ്ങിയിട്ടുണ്ട്.

കല്പറ്റയിലെ കര്‍ഷകനായ രത്‌നാകരന്റെ വീട്ടില്‍ ചെന്നു. പ്രകൃതിസ്‌നേഹിയും നിരീക്ഷകനുമാണദ്ദേഹം. വേനലില്‍ ചുവന്നപൂവിടാറുള്ള വാക നിറയെ പൂത്തുനില്‍ക്കുകയാണ് അദ്ദേഹത്തിന്റെ വീട്ടുപറമ്പില്‍. അണ്ണാന്‍വാലന്‍ എന്ന ഓര്‍ക്കിഡ് (റിങ്കോസ്റ്റൈലസ്) നിറയെ വളര്‍ന്നിരുന്ന സ്ഥലമാണിത്. ഇപ്പോള്‍ ഏറെക്കുറഞ്ഞുവെന്ന് രത്‌നാകരന്‍ പറഞ്ഞു. തുടര്‍ച്ചയായി ഈര്‍പ്പമുള്ള വീട്ടിമരത്തിലാണ് അണ്ണാന്‍വാലന്‍ നന്നായി വളരുക. ഈര്‍പ്പമുണ്ടെങ്കിലെ വിത്തുകള്‍ ഈ മരത്തിന്റെ തൊലിയടരുകളില്‍ പറ്റിപ്പിടിച്ചു വളരുകയുള്ളൂ.

കോടമഞ്ഞിന്റെ കുറവുതന്നെയാണ് വയനാട്ടിന്റെ കാലമാറ്റത്തെ ഏറ്റവും നന്നായി കാണിക്കുന്നത്. എന്തുകൊണ്ട് കോട കുറയുന്നു? രണ്ടു കാരണങ്ങളാണ് പ്രധാനമായി പറയുന്നത്. ഒന്ന്- വെള്ളത്തിന്റെ ഉറവിടങ്ങള്‍ കുറയുന്നു. അപ്പോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും കുറയും. രണ്ട്- കാറ്റിന്റെ വേഗം കൂടുന്നു. അപ്പോള്‍ മഞ്ഞുപടലങ്ങള്‍ ചിതറുകയും മാറിപ്പോവുകയും ചെയ്യുന്നു.

1985-നുശേഷമാണ് കോടമഞ്ഞ് അല്പാല്പമായി കുറയാന്‍ തുടങ്ങിയത്. ഈ മാറ്റം ഇവിടത്തെ മരങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ചെമ്പകവും പ്ലാവും ഇലപൊഴിക്കുന്നത് അതുകൊണ്ടാണ്. ചൂടുകുറഞ്ഞ കാലാവസ്ഥയില്‍ തലമുറകളായി വളര്‍ന്ന മരങ്ങള്‍ അല്പം ചൂടുകൂടുമ്പോഴേക്കും തീവ്രമായി പ്രതികരിക്കുന്നു.

വയനാടിന്റെ തണുപ്പിനെ കുറച്ചുകൊണ്ടുവരുന്നതില്‍ ഒരു പങ്കുവഹിച്ചത് കര്‍ണാടകത്തിലെ ഉഷ്ണക്കാറ്റാണ്. തോല്‍പ്പെട്ടി കുട്ടം മുതല്‍ വ്യാപിച്ചുവളര്‍ന്നിരുന്ന മുളകള്‍ പൂത്തുനശിച്ച് തീര്‍ന്നതോടെ ഉഷ്ണക്കാറ്റിന് ഇവിടേക്ക് വരാന്‍ സൗകര്യമായി.

മഴയുടെ രീതിയിലും അളവിലും ഉണ്ടായമാറ്റം വയനാടിനെ രൂക്ഷമായി ബാധിക്കുന്നു. ചില്ലറ കുറവൊന്നുമല്ല, 52 ശതമാനം മഴയാണിവിടെ കാലവര്‍ഷത്തില്‍ കുറഞ്ഞത്. കാലാവസ്ഥാനിരീക്ഷകന്‍ ഡോ. സന്തോഷ് പറയുന്ന കണക്കുകള്‍ ഇങ്ങനെ: ഇക്കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുള്ള കാലവര്‍ഷത്തില്‍ കേരളത്തില്‍ പത്ത് ശതമാനം മഴ കുറഞ്ഞപ്പോള്‍ വയനാട്ടില്‍ 52 ശതമാനം മഴയാണ് കുറഞ്ഞത്. അതായത്, കേരളത്തില്‍ 214 സെന്റി മീറ്റര്‍ മഴയ്ക്കുപകരം കിട്ടിയത് 193 സെന്റിമീറ്റര്‍. വയനാട്ടില്‍ 276 സെന്റിമീറ്റര്‍ കിട്ടേണ്ടിടത്ത് 133 സെന്റിമീറ്ററും. മഴയില്‍ പിന്നീട് വലിയ കുറവുണ്ടായത് തിരുവനന്തപുരത്താണ്. അതുപോലും 27 ശതമാനം കുറവേ ഉള്ളൂ. 97 സെന്റിമീറ്ററിന് പകരം 71 സെന്റിമീറ്റര്‍ മഴയാണ് തലസ്ഥാനത്ത് കിട്ടിയത്. ബാക്കി ജില്ലകളിലെല്ലാം കാലവര്‍ഷം സാധാരണ തോതില്‍ പെയ്തിരുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ വയനാടിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാം. വയനാടന്‍ കാലാവസ്ഥയില്‍ കാര്യമായമാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നതിന്റെ സൂചനയാണ് കാലവര്‍ഷത്തിന്റെ കുറവെന്ന് ഡോ. സന്തോഷ് വിശദീകരിക്കുന്നു.


ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന വയനാട്ടിലെ ലക്കിടിയില്‍ ഇപ്പോള്‍ മഴയും തണുപ്പും അകലുകയാണ്.

ഇണചേരേണ്ടെന്ന് തീരുമാനം


മഴയുടെ ഈ താളം തെറ്റല്‍ തവളകളെപ്പോലും വെറുതെ വിടുന്നില്ല. അഥവാ, ആദ്യമായി ഇതിനോട് പ്രതികരിക്കുന്നത് ഈ ജീവികളാണ്. ഒരു ഭാഗത്ത് ഫാനും എയര്‍കണ്ടീഷണറും വാങ്ങാന്‍ നാട്ടുകാര്‍ തുടങ്ങുമ്പോള്‍ മറുഭാഗത്ത് ഇണചേരേണ്ട എന്നാണ് തവളകള്‍ തീരുമാനിക്കുന്നത്. എല്ലാതരം തവളകളും എല്ലാ മഴയത്തും പ്രജനനം നടത്താറില്ല. ചിലയിനം തവളകള്‍ മഴയുടെ തുടക്കത്തില്‍ പ്രജനനം നടത്തുമ്പോള്‍ ചിലത് മഴ കുറഞ്ഞിരിക്കുമ്പോഴാണ് പ്രജനനം നടത്തുക. ചിലത് മഴവിട്ടുപോകാന്‍ കാലത്ത്. മറ്റുചിലത് മഴയ്ക്ക് തൊട്ടുമുമ്പേ എന്നിങ്ങനെയാണ് രീതി. മഴയുടെ രീതിമാറിയാല്‍ ഇവയുടെ ജീവിതചക്രം പൂര്‍ത്തിയാവുകയില്ല.

വയനാട്ടില്‍ ഇത് ബാധിച്ചിട്ടുണ്ടാവുമോ? തവളകളെക്കുറിച്ചുള്ള പഠനത്തില്‍ മുഴുകിയ ഡോ. അനില്‍ സക്കറിയയാണ് ഇതിനുത്തരം തന്നത്. ''മഴയുടെ ഇടര്‍ച്ചകാരണം വയനാട്ടില്‍ കഴിഞ്ഞതവണ കാട്ടുചൊറിത്തവളകള്‍ പ്രജനനം നടത്തിയില്ല. ഡിസംബര്‍-ജനവരി മാസങ്ങളില്‍ മഴ ചാറുമ്പോഴാണ് ഇവ പ്രജനനം നടത്തുക. ആ മഴ കിട്ടാതായപ്പോള്‍ അവ അതു വേണ്ടെന്ന് വെച്ചു''- ഡോ. അനില്‍ പറഞ്ഞു.

അഞ്ചുകൊല്ലം മുതല്‍ പത്തുകൊല്ലംവരെയാണ് തവളകളുടെ ആയുസ്സ്. മഴയുടെ മാറ്റങ്ങള്‍ ആവര്‍ത്തിച്ചുണ്ടാവുമ്പോള്‍ ഇവയുടെ വംശമറ്റുപോകാനുള്ള സാധ്യത കൂടുന്നു. വയനാട്ടിലെ തന്നെ ഒരിനം വലിയ തവള ആദ്യ മഴയത്താണ് പ്രജനനം നടത്തുക. തുടര്‍ന്നുള്ള മഴയില്‍ ലാര്‍വകള്‍ വളര്‍ന്ന് വലുതാവും. എന്നാല്‍ ആദ്യ മഴയ്ക്കുശേഷം പൊടുന്നനെ മഴ നിലയ്ക്കുമ്പോള്‍ അവയെല്ലാം നശിക്കുന്നു. തിരുവാതിര ഞാറ്റുവേല പോലെ തുടര്‍ച്ചയായി മഴയുണ്ടെങ്കിലേ മരത്തവളകള്‍ വംശവര്‍ധന നടത്തൂ. മഴ നിന്നാല്‍ മുട്ടകള്‍ നശിക്കും.
വാടിയത് വാലന്‍കൊട്ടയും കുതിരവാലിയും

ജീവികള്‍ മാത്രമല്ല, സസ്യങ്ങളും വംശനാശഭീഷണിയിലാവാന്‍ കാലാവസ്ഥാമാറ്റം കാരണമാവുന്നുണ്ട്. വയനാടന്‍ കുരുമുളക് ഇങ്ങനെ പടിയിറങ്ങിപ്പോയതാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പാവസ്ഥയില്‍ വന്നമാറ്റം കുരുമുളകിന് ദോഷമായി. നിര്‍ജീവാവസ്ഥയിലായിരുന്ന രോഗാണുക്കള്‍ പലതും പുതിയ സാഹചര്യത്തില്‍ സക്രിയമായി. രോഗാണുക്കളുടെ കൂട്ട ആക്രമണമായിരുന്നു പിന്നീട്. കുതിരവാലി, കരിമുണ്ട, വാലന്‍കൊട്ട എന്നീ വയനാടന്‍ ഇനങ്ങള്‍ ദ്രുതവാട്ടത്തില്‍ നശിച്ചു. കീടനാശിനികള്‍ക്കൊന്നും ഇതിനെ ചെറുക്കാനായില്ല. വാലന്‍കൊട്ടയായിരുന്നു വയനാടന്‍ കുരുമുളകിന്റെ പേര് വളര്‍ത്തിയിരുന്നത്. കൂടുതല്‍ വലുതും ഉരുണ്ടതുമായ മുളകുമണികളായിരുന്നു വയനാടന്‍ ഇനങ്ങളുടെ ഗുണവും ഭംഗിയും.

ജീരകശാല, ഗന്ധകശാല, ചോമാല, വെളിയന്‍, തൊണ്ടി, ഞവര തുടങ്ങിയ തനതു നെല്ലിനങ്ങളും വയനാട്ടില്‍ ദുര്‍ബലമാണിപ്പോള്‍. ചുക്കുമാരന്‍ എന്ന ചെറിയ ഇഞ്ചിയും കാണാനില്ല.

കാലാവസ്ഥാമാറ്റം വയനാടിന്റെ കാപ്പികൃഷിക്കും ഭീഷണിയാണ്. ഇപ്പോള്‍ കൃഷിചെയ്യുന്ന റോബസ്റ്റ ഇനത്തിന് വരള്‍ച്ചയെ ഒട്ടും ചെറുക്കാനാവില്ല. ഇവയുടെ വേര് മണ്ണിന്റെ മുകള്‍ത്തട്ടില്‍ പടരുന്നതാണ് ഇതിന് കാരണം. അറേബിക്ക ഇനത്തിന് ആഴത്തില്‍പോകുന്ന വേരുകളും അതിനാല്‍ വരള്‍ച്ചയെ ഒരു പരിധിവരെ ചെറുക്കാനുള്ള ശേഷിയും ഉണ്ട്. എന്നാല്‍, രോഗങ്ങള്‍ എളുപ്പത്തില്‍ വ്യാപിക്കുമെന്ന ദോഷമുള്ളതിനാല്‍ കര്‍ഷകര്‍ അതുപയോഗിക്കാറില്ല.

വേനല്‍മഴ കിട്ടിയില്ലെങ്കില്‍ റോബസ്റ്റയില്‍ വിളവുണ്ടാവുകയില്ല. ഫിബ്രവരി രണ്ടാമത്തെ ആഴ്ചയില്‍ 'പൂമഴ' കിട്ടിയാലേ (കാപ്പിയില്‍ പൂ വിടരാന്‍ സഹായിക്കുന്ന മഴയെ നാട്ടുകാര്‍ പൂമഴയെന്ന് വിളിക്കുന്നു) കാപ്പി പൂവിടുകയുള്ളൂ. മഴയുടെ ഈ വിതരണരീതിയില്‍ മാറ്റമുണ്ടാകുന്നത് കര്‍ഷകനെ ആശങ്കപ്പെടുത്തുകയാണ്.

എന്നാല്‍ 2009 ഡിസംബറില്‍ ഉണ്ടായത് മറ്റൊരുസംഭവമാണ്. ഈ മാസം തുടര്‍ച്ചയായി മഴ കിട്ടിയപ്പോള്‍ മൂപ്പ് ആകും മുമ്പേ കാപ്പിപ്പൂക്കള്‍ പല ഘട്ടങ്ങളിലായി വിരിഞ്ഞു. ഇത് കീടങ്ങളുടെ ആക്രമണം കൂട്ടുകയായിരുന്നുവെന്ന് ചൂണ്ടയില്‍ കാപ്പി ഗവേഷണകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ സി.ബി. പ്രകാശന്‍ പറഞ്ഞു. അതേസമയം അതിവര്‍ഷം ഉണ്ടായാല്‍ കാപ്പിച്ചെടിയുടെ കടയ്ക്ക് ചീയല്‍ വന്ന് പൂക്കള്‍ കൊഴിയാന്‍ തുടങ്ങും. മിലിബഗ് കാപ്പിയില്‍ നേരത്തേ ഉള്ളതാണെങ്കിലും ഇപ്പോള്‍ കൂടിവരുന്നുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ സൂചിപ്പിച്ചു. ചൂട് കൂടുമ്പോഴാണ് മിലിബഗ് പെരുകുകയും ആക്രമിക്കുകയും ചെയ്യുക.

കാലാവസ്ഥാമാറ്റം കൊണ്ട് ഒരു പക്ഷേ. വയനാടന്‍ കാപ്പിത്തോട്ടങ്ങള്‍ നേരിടാനിരിക്കുന്ന ഭീഷണി മിലിബഗിന്റെ കൂട്ട ആക്രമണമായിരിക്കും.  
മായുന്ന മാമ്പഴക്കാലം-3 മായുന്ന മാമ്പഴക്കാലം-3 Reviewed by Mash on 17:56 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.