ഇന്ത്യന്‍വംശജന് രസതന്ത്ര നൊബേല്‍



സ്റ്റോക്ക്‌ഹോം: ഇന്ത്യന്‍ വംശജന്‍ ഡോ. വെങ്കട്‌രാമന്‍ രാമകൃഷ്ണനുള്‍പ്പെടെ മൂന്നുപേര്‍ക്ക് രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് സ്റ്റീറ്റ്‌സ്, ഇസ്രായേല്‍ ശാസ്ത്രജ്ഞ ആദ യൊനാഥ് എന്നിവരാണ് വെങ്കട്‌രാമനൊപ്പം സമ്മാനം പങ്കുവെച്ചത്. കോശങ്ങളിലെ പ്രോട്ടീന്‍ ഫാക്ടറി എന്നറിയപ്പെടുന്ന റൈബോസോമുകളുടെ ഘടനയെയും പ്രവര്‍ത്തനത്തെയുംകുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിനര്‍ഹരാക്കിയത്. ബാക്ടീരിയകള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെയുള്ള പുതിയ ആന്റിബയോട്ടിക് ഔഷധങ്ങളുടെ കണ്ടുപിടിത്തത്തിന് അടിത്തറയിട്ടത് ഇവരുടെ പഠനങ്ങളാണ്.

രവീന്ദ്രനാഥടാഗോര്‍, സി.വി. രാമന്‍, മദര്‍ തെരേസ, അമര്‍ത്യാസെന്‍ എന്നീ ഇന്ത്യന്‍ പൗരന്മാരും ഹര്‍ഗോവിന്ദ് ഖുരാന, സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍, വി.എസ്. നയ്പാള്‍ എന്നീ ഇന്ത്യന്‍ വംശജരുമാണ് ഇതിനുമുമ്പ് നൊബേല്‍ നേടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയവര്‍. രസതന്ത്ര നൊബേലിന്റെ 101-ാം വര്‍ഷത്തില്‍ വെങ്കട്‌രാമനും നൊബേല്‍ നേടി. പരമ്പരാഗത ആന്റിബയോട്ടിക് ഔഷധങ്ങളോട് ചെറുത്തുനില്‍ക്കുന്നതരം ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിയുന്ന പുതിയ ആന്റിബയോട്ടിക് മരുന്നുകളാണ് വെങ്കട്‌രാമന്റെയും മറ്റു രണ്ടുപേരുടെയും കണ്ടുപിടിത്തത്തിലൂടെ യാഥാര്‍ഥ്യമായത്.

ബാക്ടീരിയയുടെ കോശത്തിലെ റൈബോസോമിന്റെ പ്രവര്‍ത്തനത്തെ തടഞ്ഞ് അവയുടെ നിലനില്പിനാവശ്യമായ പ്രോട്ടീനുകളുടെ നിര്‍മാണം അസാധ്യമാക്കുകയാണ് ഈ ആന്റിബയോട്ടിക് മരുന്നുകള്‍ ചെയ്യുന്നത്. അങ്ങനെ രോഗബാധ ഇല്ലാതാക്കുന്നു.

'ബാക്ടീരിയ അണുബാധയ്‌ക്കെതിരെയുള്ള സമരത്തിലെ പോരാളികള്‍' എന്നാണ് നൊബേല്‍ സമ്മാനം നല്കുന്ന റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് മൂന്ന് ശാസ്ത്രജ്ഞരെയും വിശേഷിപ്പിച്ചത്.

റൈബോസോമുകളുടെ ത്രിമാനരൂപം വികസിപ്പിക്കുന്നതിന് സഹായിച്ചത് ഈ ശാസ്ത്രജ്ഞരാണ്. ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സനും കണ്ടെത്തിയ ഡി.എന്‍.എ.യുടെ ഇരട്ടകോണി ഘടനയെ യഥാര്‍ഥമായി ആവിഷ്‌കരിക്കാന്‍ ഇതുവഴി കഴിഞ്ഞു.

പ്രോട്ടീന്‍ ക്രിസ്റ്റലോഗ്രഫി എന്ന സാങ്കേതികവിദ്യയിലധിഷ്ഠിതമാണ് ഈ ത്രിമാന ഘടനാ രൂപവത്കരണം. പ്രോട്ടീന്‍ തന്മാത്രകള്‍ കോശങ്ങളില്‍നിന്നുമാറ്റി ശുദ്ധീകരിച്ച് ക്രിസ്റ്റല്‍ രൂപത്തിലാക്കിയാണ് ഇതു സാധ്യമാക്കിയത്. എക്‌സ്‌റേ ഉപയോഗിച്ച് ഇവയെ പരിശോധിക്കാം.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു ശാസ്ത്രജ്ഞര്‍ക്ക് പുതിയ മരുന്നുകളും രോഗങ്ങളെ പ്രതിരോധിക്കുന്ന പുതിയ സാമഗ്രികളും വികസിപ്പിക്കാനുള്ള അറിവ് നല്കിയെന്ന് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിലെ ഡോ. തോമസ് ലെയ്ന്‍ അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച് അമേരിക്കയില്‍ കുടിയേറിയ ശാസ്ത്രജ്ഞനാണ് 57-കാരനായ വെങ്കട്‌രാമന്‍ രാമകൃഷ്ണന്‍. യു.എസ്. പൗരനായ വെങ്കട്‌രാമന്‍ കേംബ്രിജില്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയില്‍ പ്രൊഫസറാണ്. കര്‍ണാടക സംഗീതത്തില്‍ അതീവതാല്പര്യമുള്ള ഡോ. വെങ്കട്‌രാമന്‍ ശെമ്മാങ്കുടിയുടെയും എം.എസ്. സുബ്ബലക്ഷ്മിയുടെയും ആരാധകനാണ്.

അമേരിക്കയിലെ യേല്‍ സര്‍വകലാശാല ഹൊവാഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധകനാണ് 69-കാരനായ തോമസ് സ്റ്റീറ്റ്‌സ്. ഇസ്രായേലിലെ റെഹോവോത്തിലുള്ള വീസ്മാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ പ്രൊഫസറാണ് ആദ യൊനാഥ്. നൊബേല്‍ നേടുന്ന ആദ്യ ഇസ്രായേല്‍ വനിതയും രസതന്ത്ര നൊബേല്‍ നേടുന്ന നാലാമത്തെ സ്ത്രീയുമാണ് ഈ 70-കാരി.

സമ്മാനത്തുകയായ 14.2 കോടി ഡോളര്‍ മൂവര്‍ക്കുമായി പങ്കുവെക്കും
ഇന്ത്യന്‍വംശജന് രസതന്ത്ര നൊബേല്‍ ഇന്ത്യന്‍വംശജന് രസതന്ത്ര നൊബേല്‍ Reviewed by Mash on 18:58 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.